| Sunday, 9th March 2025, 5:46 pm

നയന്‍താരയായിരുന്നെങ്കില്‍ എല്ലാ സീനിലും കാരവന്‍ കൊണ്ടുപോകേണ്ടി വന്നേനെ, തമന്ന അതൊന്നും ഇല്ലാതെ സിനിമയോട് സഹകരിച്ചു: ലിംഗുസാമി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴിലെ മികച്ച സംവിധായകരില്‍ ഒരാളാണ് ലിംഗുസാമി. മമ്മൂട്ടിയെ നായകനാക്കി ഒരുങ്ങിയ ആനന്ദം എന്ന ചിത്രത്തിലൂടെയാണ് ലിംഗുസാമി സിനിമാലോകത്തേക്ക് കാലെടുത്തുവെച്ചത്. പിന്നീട് റണ്‍, സണ്ടക്കോഴി, പയ്യാ, ഭീമാ തുടങ്ങി മികച്ച ചിത്രങ്ങള്‍ ലിംഗുസാമി അണിയിച്ചൊരുക്കി. നിര്‍മാണത്തിലും തന്റെ സാന്നിധ്യമറിയിക്കാന്‍ ലിംഗുസാമിക്ക് സാധിച്ചിട്ടുണ്ട്.

കാര്‍ത്തിയെ നായകനാക്കി ലിംഗുസാമി സംവിധാനം ചെയ്ത് 2010ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു പയ്യാ. റോഡ് മൂവിയായി ഒരുങ്ങിയ ചിത്രം വന്‍ വിജയമായി മാറിയിരുന്നു. കാര്‍ത്തിയുടെ സ്റ്റാര്‍ഡം ഉയരാന്‍ പയ്യ എന്ന ചിത്രം വലിയ സ്വാധീനമുണ്ടാക്കിയിരുന്നു. തമന്നയായിരുന്നു ചിത്രത്തിലെ നായികയായി എത്തിയത്. ചിത്രത്തിലെ പാട്ടുകള്‍ വലിയ തരംഗമായി മാറി.

ചിത്രത്തില്‍ ആദ്യം നായികയായി പരിഗണിച്ചത് നയന്‍താരയെയായിരുന്നുവെന്ന് പറയുകയാണ് ലിംഗുസാമി. റോഡ് മൂവിയായതിനാല്‍ ഒരുപാട് ലൊക്കേഷനിലൂടെ സഞ്ചരിക്കേണ്ടി വന്നെന്ന് ലിംഗുസാമി പറഞ്ഞു. എല്ലായിടത്തും കാരവന്‍ കൊണ്ടുപോവുക എന്നത് പോസിബിളായിട്ടുള്ള കാര്യമല്ലായിരുന്നെന്നും അതിനാല്‍ നയന്‍താരക്ക് പകരം തമന്നയെ ചിത്രത്തിലേക്ക് പരിഗണിച്ചെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു.

കാരവനൊന്നും ഇല്ലാതിരുന്നിട്ടും തമന്ന സിനിമയോട് സഹകരിച്ചെന്നും ഒരുദിവസം മൂന്നും നാലും കോസ്റ്റ്യൂം മാറ്റേണ്ട അവസ്ഥയില്‍ പോലും പരാതി പറഞ്ഞില്ലെന്നും ലിംഗുസാമി പറയുന്നു. തമന്നയോട് അന്ന് തനിക്ക് ബഹുമാനം തോന്നിയെന്നും കരീന കപൂറിനെപ്പോലെ വലിയൊരു സ്റ്റാറാകുമെന്ന് തമന്നയോട് താന്‍ പറഞ്ഞിരുന്നെന്നും ലിംഗുസാമി കൂട്ടിച്ചേര്‍ത്തു. ആനന്ദ വികടനോട് സംസാരിക്കുകയായിരുന്നു ലിംഗുസാമി.

‘പയ്യ ഒരു റൊമാന്റിക് സിനിമ എന്നതിലുപരി ഒരു റോഡ് മൂവി പോലെയാണ്. സിനിമയുടെ വലിയൊരു ഭാഗം ട്രാവല്‍ പോര്‍ഷനാണ്. ആ പടത്തില്‍ കാര്‍ത്തിയുടെ പെയര്‍ ആയി ആദ്യം പരിഗണിച്ചത് നയന്‍താരയെയായിരുന്നു. പക്ഷേ, പോകുന്ന ലൊക്കേഷനിലൊക്കെ അവര്‍ക്ക് വേണ്ട കാരവനും കൊണ്ട് പോവുക എന്നത് പോസിബിളല്ലായിരുന്നു. അതുകൊണ്ട് തമന്നയെ തെരഞ്ഞെടുത്തു.

അവര്‍ പരാതിയൊന്നുമില്ലാതെ സഹകരിച്ചു. ഒരുദിവസം തന്നെ മൂന്നും നാലും തവണ കോസ്റ്റ്യൂം മാറ്റേണ്ട സ്ഥിതി വന്നിട്ടുണ്ട്. അപ്പോഴൊന്നും യാതൊരു പരിഭവവും തമന്ന പറഞ്ഞിരുന്നില്ല. ആ സമയത്ത് എനിക്ക് തമന്നയോട് ബഹുമാനം തോന്നി. കരീന കപൂറിനെപ്പോലെ വലിയൊരു സെന്‍സേഷനാകുമെന്ന് അന്ന് ഞാന്‍ തമന്നയോട് പറഞ്ഞു. അതുപോലെ സംഭവിച്ചു,’ ലിംഗുസാമി പറയുന്നു.

Content Highlight: Lingusamy saying he considered Nayanthara in Paiyaa movie

We use cookies to give you the best possible experience. Learn more