| Thursday, 15th May 2025, 12:41 pm

പൊന്‍മാനില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച കാര്യം; അത് കണ്ട് ദേഷ്യം വന്നെന്ന് പലരും പറഞ്ഞു: ലിജോമോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഈ വര്‍ഷം തിയേറ്ററിലെത്തിയ മികച്ച ചിത്രങ്ങളിലൊന്നാണ് പൊന്മാന്‍. കലാസംവിധായകന്‍ എന്ന നിലയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ജ്യോതിഷ് ശങ്കര്‍ ആദ്യമായി സംവിധായകകുപ്പായമണിഞ്ഞ ചിത്രമാണ് പൊന്മാന്‍. ജി.ആര്‍. ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണിത്. തിയേറ്ററില്‍ തരക്കേടില്ലാത്ത വിജയം സ്വന്തമാക്കിയ പൊന്മാന്‍ ഒ.ടി.ടി റിലീസിന് പിന്നാലെ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

ബേസില്‍ ജോസഫ്, ആനന്ദ് മന്മഥന്‍, സജിന്‍ ഗോപു എന്നിവര്‍ക്ക് പുറമെ ലിജോ മോളും ഒരു പ്രധാനവേഷത്തില്‍ എത്തിയിരുന്നു. സ്റ്റെഫി എന്ന കഥാപാത്രമാണ് ലിജോമോള്‍ അവതരിപ്പിച്ചിരുന്നത്. ഇപ്പോള്‍ പൊന്‍മാനിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലിജോ.

സ്‌റ്റെഫി എന്ന കഥാപാത്രത്തിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ തനിക്ക് ഇഷ്ടമാണെന്ന് ലിജോ മോള്‍ പറയുന്നു. സിനിമയില്‍ എല്ലാ കഥാപാത്രങ്ങളും തന്നെ അവരുടെ നിലനില്‍പ്പിന് വേണ്ടിയാണ് ഫൈറ്റ് ചെയ്യുന്നതെന്നും തന്റെ കഥാപാത്രവും അങ്ങനെ തന്നെയാണെന്നും അവര്‍ പറയുന്നു. നിലനില്‍പ്പിന് വേണ്ടി താന്‍ ചെയ്ത തെറ്റിനെ ന്യായീകരിക്കുകയാണെന്നും ലിജോ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ അപ്പുറത്ത് നില്‍ക്കുന്ന അജേഷിന്റെ അവസ്ഥ തന്നെക്കാള്‍ മോശമാണെന്ന തിരിച്ചറിവ് ഉണ്ടാകുമ്പോളാണ് അവളില്‍ മാറ്റമുണ്ടാകുന്നതെന്നും ആ ട്രാന്‍സ്‌ഫോര്‍മേഷന്‍ തനിക്ക് ഏറെ ഇഷ്ടപ്പെട്ടുവെന്നും ലിജോ മോള്‍ പറഞ്ഞു. ഇന്റര്‍വെല്‍ വരെ ഒരു പിടി തരാത്ത കഥാപാത്രമാണ് സ്റ്റെഫിയുടേതെന്നും ലിജോ മോള്‍ പറഞ്ഞു. ധന്യ വര്‍മക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.

‘കഥ പറഞ്ഞപ്പോള്‍ എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ടത്, ആ ക്യാരക്ടറിന് ഒരു ആര്‍ക്ക് ഉള്ളത് തന്നെയാണ്. അതായത്, ആദ്യം ആ കഥാപാത്രം അവരുടെ നിലനില്‍പ്പാണ് നോക്കുന്നത്. ഇതില്‍ എല്ലാവരും അവനവന്റെ നിലനില്‍പ്പാണ് നോക്കുന്നത്. എന്റെ നിലനില്‍പ്പിന് വേണ്ടിയിട്ടാണ് ഞാന്‍ അത് ചെയ്യുന്നത്. അതിനെ ഞാന്‍ ന്യായീകരിക്കുന്നു. പക്ഷേ പിന്നീട് എന്നെക്കാളും മോശമായ അവസ്ഥയിലാണ് അപ്പുറത്ത് നില്‍ക്കുന്ന ആളെന്ന് മനസിലാക്കുമ്പോഴാണ് ഞാന്‍ ചെയ്തത് ശരിയല്ല എന്ന തിരിച്ചറിവ് വന്ന്, അവര്‍ക്ക് ഒരു മാറ്റമുണ്ടാകുന്നത്. ആ ഒരു ട്രാന്‍സ്‌ഫോര്‍മേഷന്‍ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഇന്റര്‍വെല്‍ വരെയുള്ള ഭാഗത്ത് എന്താണ് ഇവളുടെ ക്യാരക്ടര്‍, എന്താണ് ഇവളുടെ മനസിലിരിപ്പ് എന്ന് മനസിലാകില്ല. ഇന്റര്‍വെല്‍ ബ്ലോക്കിലാണ് അവളുടെ മനസിലിരിപ്പ് മനസിലാകുക. സ്വര്‍ണം കൊടുക്കില്ല എന്ന് പറയുന്നിടത്തേ മനസിലാകുകയുള്ളു. അതുവരെ ഇവള്‍ പാവമാണ് ഇവള്‍ക്കൊന്നും അറിയില്ല എന്നൊക്കെ ആളുകള്‍ വിചാരിക്കുകയുള്ളൂ. കുറെ പേര് പറഞ്ഞിരുന്നു, സിനിമയില്‍ എന്റെ കഥാപാത്രം തനിക്ക് കിട്ടിയത് വിട്ടു കൊടുക്കില്ല എന്ന് പറയുന്ന പെരുമാറ്റം ഞങ്ങള്‍ ഒട്ടും പ്രതീക്ഷിച്ചില്ല എന്ന്. അത് കണ്ടിട്ട് ദേഷ്യം വന്നുവെന്ന് പറഞ്ഞു,’ ലിജോമോള്‍ പറയുന്നു.

Content Highlight:  Lijomol  talks about his character in Ponman 

We use cookies to give you the best possible experience. Learn more