മലയാളികള്‍ക്ക് ഏറെ പരിചിതയായ നടിയാണ് ലിജോമോള്‍ ജോസ്. മലയാളത്തിന് പുറമെ തമിഴിലും അഭിനയിക്കാന്‍ ലിജോമോള്‍ക്ക് സാധിച്ചിരുന്നു. തമിഴില്‍ നടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സെങ്കണി. ജയ് ഭീം എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ഇത്.
സൂര്യയെ നായകനാക്കി ടി.ജെ. ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഭീം. 2021ല്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടാന്‍ ലിജോമോള്‍ക്ക് സാധിച്ചിരുന്നു. ജയ് ഭീമില്‍ നടി നടത്തിയ മികച്ച പ്രകടനത്തിന് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.
ഇപ്പോള്‍ ജയ് ഭീമിലെ പാട്ട് ചിത്രീകരണത്തിനിടെ തനിക്കുണ്ടായ അനുഭവം പങ്കുവെക്കുകയാണ് ലിജോമോള്‍. താന്‍ കഞ്ഞി കുടിക്കുന്ന രംഗം ചിത്രീകരിക്കുകയായിരുന്നുവെന്നും റീടേക്ക് എടുക്കുന്നതിനിടയില്‍ കഞ്ഞി തീര്‍ന്നുപോയെന്നും ലിജോ മോള്‍ പറയുന്നു. താന്‍ സെറ്റിലുള്ളവരോട് കഞ്ഞി കഴിഞ്ഞുപോയ കാര്യം വിളിച്ചു പറഞ്ഞെന്നും തന്റെ കൂടെ അഭിനയിക്കുന്ന പയ്യന്‍ അവന്റെ കൈകൊണ്ട് കഞ്ഞികോരി തന്റെ പാത്രത്തിലേക്ക് അപ്പോള്‍ ഒഴിച്ചുതന്നുവെന്നും അവര്‍ പറഞ്ഞു.
താന്‍ പെട്ടന്ന് ഒന്ന് സ്തഭിച്ച് പോയെന്നും പിന്നീട് അവന്റെ സ്‌നേഹത്തെ താന്‍ തിരിച്ചറിഞ്ഞെന്നും ലിജോമോള്‍ കൂട്ടിച്ചേര്‍ത്തു. എല്ലാത്തിനും മുകളില്‍ മനുഷ്യത്വമാണ് വലുതെന്ന സത്യം ഞാന്‍ അപ്പോള്‍ മനസിലാക്കിയെന്നും ലിജോമോള്‍ പറഞ്ഞു. മനോരമ ദിനപത്രത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
‘പാട്ട് ചിത്രീകരണത്തിനിടയില്‍ ഒരു സംഭവമുണ്ടായി. ഞാന്‍ കഞ്ഞി കുടിച്ചുകൊണ്ടിരിക്കുന്ന രംഗം ചിത്രീകരിക്കുകയായിരുന്നു. റീടേക്ക് എടുക്കുന്നതിനിടയില്‍ എന്റെ പാത്രത്തിലെ കഞ്ഞി തീര്‍ന്നു. ഞാന്‍ സെറ്റിലുള്ളവരോട് കഞ്ഞി തീര്‍ന്ന കാര്യം വിളിച്ചു പറയുന്നത് കേട്ട് ഒപ്പം അഭിനയിച്ച പയ്യന്‍ അവന്റെ പാത്രത്തില്‍നിന്ന് അവന്റെ കൈകൊണ്ട് കഞ്ഞി കോരി എന്റെ പാത്രത്തിലേക്ക് ഒഴിച്ചു തന്നു. പെട്ടെന്ന് ഞാനൊന്നു സ്തംഭിച്ചു.
അടുത്ത നിമിഷം ഞാന്‍ അവന്റെ സ്‌നേഹത്തെ തിരിച്ചറിഞ്ഞു. അവന്റെ വീട്ടിലെ ചേച്ചിയായിട്ടാണ് അവന്‍ എന്നെ കാണുന്നത്. ഞാന്‍ സ്തംഭിച്ചുപോയ ആ നിമിഷത്തില്‍ ഞാന്‍ ഒരുപാട് കാര്യങ്ങള്‍ പഠിച്ചു. നമ്മെ വേര്‍തിരിക്കുന്ന പല ഘടകങ്ങളുണ്ടാകാം. മതം, ജാതി, സോഷ്യല്‍ സ്റ്റാറ്റസ്. എന്നാല്‍, അതിനൊക്കെ മുകളില്‍ നമ്മളെല്ലാം മനുഷ്യരാണ്. മനുഷ്യത്വത്തേക്കാള്‍ വലുതായി ഒന്നുമില്ലെന്ന് അനുഭവിച്ചറിഞ്ഞു,’ ലിജോമോള്‍ പറഞ്ഞു.
Content Highlight: Lijomol shares her experience while shooting for a song in Jai Bhim