ബേബി ഗേള്‍ തനിക്ക് വളരെ സ്‌പെഷ്യലായ സിനിമയാണെന്ന് നടി ലിജോമോള്‍ ജോസ്. ബോബി സഞ്ജയുടെ തിരക്കഥയില്‍ ഒരു സിനിമ ചെയ്യുക എന്നത് വളരെ സന്തോഷമുള്ള കാര്യമാണെന്നും ലിജോമോള്‍ പറഞ്ഞു. ജനുവരി 23ന് റിലീസിനെത്തുന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.
‘ ബോബി സഞ്ജയുടെ തിരക്കഥയില്‍ ഭാഗമാകാന്‍ കഴിഞ്ഞത് വളരെ സന്തോഷമുള്ള കാര്യമാണ്. തീര്‍ച്ചയായും എന്നെ സിനിമയിലേക്ക് ഏറ്റവും എക്‌സൈറ്റ് ചെയ്യിച്ച മറ്റൊരു ഫാക്ടര്‍ അരുണ്‍ (സംവിധായകന്) ചേട്ടനാണ്. ത്രില്ലര്‍ ഴോണറില്‍ വരുന്ന ഒരോ കഥാപാത്രങ്ങള്‍ക്കും അതിന്റേതായ ഒരു പ്രാധാന്യം കൊടുത്തിട്ടുള്ള സിനിമയാണിത്.
എല്ലാ പ്രേക്ഷകര്‍ക്കും പ്രത്യേകിച്ച് ഫാമിലി ഓഡിയന്‍സിന് നല്ല രീതിയില്‍ ഈ സിനിമ റിലേറ്റ് ചെയ്യാന്‍ പറ്റുമെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഒരു കുഞ്ഞിനെ എങ്ങനെ ടേക്ക് കെയര്‍ ചെയ്യണമെന്നത് ഞാനും സംഗീതും (സംഗീത് പ്രതാപ്) പഠിച്ചതൊക്കെ ഈ സിനിമയിലൂടെയാണ്,’ ലിജോമോള്‍ ജോസ് പറയുന്നു.
കഴിഞ്ഞ ദിവസമാണ് നിവിന്‍ പോളി നായകനായെത്തുന്ന ബേബിഗേളിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വന്നത്. കൈക്കുഞ്ഞുമായി നിവിന്‍ നില്‍ക്കുന്ന ചിത്രത്തിന്റെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ വലിയ ജനശ്രദ്ധ പിടിച്ചുപറ്റി. മാജിക് ഫ്രെയിംസിന്റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിക്കുന്ന ചിത്രം മാജിക് ഫ്രെയിംസിന് വേണ്ടി ബോബി സഞ്ജയ് തിരക്കഥയൊരുക്കുന്ന മൂന്നാമത്തെ സിനിമകൂടിയാണ്.
സുരേഷ് ഗോപി നായകനായെത്തിയ ഗരുഡന്‍ എന്ന സിനിമയ്ക്ക് ശേഷം അരുണ്‍ സംവിധാനം ചെയ്യുന്ന ബേബി ഗേള്‍ സിനിമയെ കുറിച്ച് വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്ക്.
ചിത്രത്തില്‍ നിവിന്‍ പോളിക്ക് പുറമെ ലിജോമോള്‍, സംഗീത് പ്രതാപ്, അഭിമന്യു തിലകന്‍, അസീസ് നെടുമങ്ങാട്, അശ്വന്ത് ലാല്‍ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. ഫയസ് സിദ്ദിഖ് ഛായാഗ്രഹണം നിര്‍വഹിക്കുന് ചിത്രത്തിന്റെ എഡിറ്റിങ് ഷൈജിത്ത് കുമാറാണ്.
അതേസമയം ‘സംശയം’ ‘നടന്ന സംഭവം’ തുടങ്ങിയവയാണ് ലിജോമോളുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രങ്ങള്‍. നടന്ന സംഭവം എന്ന സിനിമയിലൂടെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന പുരസ്‌കാരം ലിജമോള്‍ നേടിയിരുന്നു.
Content Highlight: Lijomol Jose talks about the movie Baby Girl