| Monday, 27th January 2025, 11:18 am

എനിക്ക് വേണ്ടി കുറേ ടേക്കുകള്‍ പോയാല്‍ ആ നടന്‍ ചൂടാവുമോയെന്ന് ഞാന്‍ പേടിച്ചു: ലിജോമോള്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജയ് ഭീം എന്ന ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മലയാളി നടിയാണ് ലിജോമോള്‍ ജോസ്. ചിത്രത്തില്‍ ‘സെങ്കണി’ എന്ന കഥാപാത്രമായാണ് ലിജോ എത്തിയത്. ജയ് ഭീമിലെ മികച്ച പ്രകടനത്തിന് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്‌സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് 2021ല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യപ്പെട്ട ജയ് ഭീമില്‍ അഭിഭാഷകനായ കെ. ചന്ദ്രുവായി എത്തിയത് സൂര്യയായിരുന്നു. ഇപ്പോള്‍ സൂര്യയെ കുറിച്ചും അദ്ദേഹത്തോടൊപ്പം അഭിനയിച്ചതിനെ കുറിച്ചും പറയുകയാണ് ലിജോമോള്‍ ജോസ്.

താനൊരു ഒരു സൂര്യ ഫാനാണെന്നും സ്‌കൂള്‍ കാലഘട്ടം മുതല്‍ക്കേ തനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമായിരുന്നെന്നും നടി പറയുന്നു. എന്നാല്‍ സൂര്യയോടൊപ്പം ജയ് ഭീം ചെയ്യാന്‍ പോകുമ്പോള്‍ ആദ്യം പേടിയായിരുന്നെന്നും ലിജോമോള്‍ പറഞ്ഞു. റേഡിയോ മാങ്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ഞാന്‍ ഒരു സൂര്യ ഫാനാണ്. സ്‌കൂളില്‍ പഠിക്കുന്ന കാലം തൊട്ടേ എനിക്ക് അദ്ദേഹത്തെ വലിയ ഇഷ്ടമാണ്. എനിക്ക് അദ്ദേഹത്തോടൊപ്പം സിനിമ ചെയ്യാന്‍ പോകുമ്പോള്‍ ആദ്യം പേടിയായിരുന്നു. സൂര്യ എന്ന് പറയുന്ന നടന്‍ എന്തൊക്കെ പറഞ്ഞാലും തമിഴിലെ അത്രയും വലിയ സ്റ്റാറാണ്.

എനിക്കാണെങ്കില്‍ അദ്ദേഹത്തിന്റെ കൂടെ കുറേ സീനുകള്‍ ഉണ്ടായിരുന്നു. അദ്ദേഹം എങ്ങനെയുള്ള ആളാണെന്ന് എനിക്ക് ആദ്യം അറിയില്ലായിരുന്നു. ഞാന്‍ കുറേ ടേക്കുകള്‍ പോയാല്‍ അദ്ദേഹം ചൂടാവുമോ എന്ന പേടി എനിക്ക് ഉണ്ടായിരുന്നു.

പക്ഷെ ഞങ്ങളുടെ കോമ്പിനേഷന്‍ സീന്‍ തുടങ്ങുന്നതിന് മുമ്പ് ഞങ്ങള്‍ പരസ്പരം കണ്ട് സംസാരിച്ചിരുന്നു. അന്ന് അദ്ദേഹത്തോട് സംസാരിച്ചപ്പോള്‍ കുഴപ്പമില്ല, അദ്ദേഹം വളരെ കൂളാണെന്ന് തോന്നി.

പിന്നെ ഷൂട്ടിന്റെ സമയത്ത് എന്തെങ്കിലും ഉണ്ടെങ്കില്‍ നമുക്ക് സജക്ഷന്‍സ് തരുമായിരുന്നു. അദ്ദേഹം ഫ്രെയ്മില്‍ ഇല്ലെങ്കില്‍ പോലും ലുക്ക് തരാനായി വന്നുനില്‍ക്കും. അത്രയും ഹമ്പിള്‍ ആയിട്ടുള്ള ഒരു മനുഷ്യനാണ് അദ്ദേഹം,’ ലിജോമോള്‍ ജോസ് പറയുന്നു.

Content Highlight: Lijomol Jose Talks About Suriya And Jai Bhim Movie

We use cookies to give you the best possible experience. Learn more