| Wednesday, 14th May 2025, 7:54 am

അന്ന് ഞങ്ങള്‍ വായിനോക്കിയ സീനിയര്‍; ആ നടനെ ആടേട്ടന്‍ എന്നാണ് വിളിച്ചത്: ലിജോമോള്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫഹദ് ഫാസിലിനെ നായകനാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ചിത്രമാണ് മഹേഷിന്റെ പ്രതികാരം. 2016ല്‍ ഈ സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ലിജോമോള്‍ ജോസ്.

അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ വേഷത്തിലൂടെയും നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ ലിജോമോള്‍ തമിഴിലും മികച്ച സിനിമകളില്‍ അഭിനയിച്ചിരുന്നു.

മഹേഷിന്റെ പ്രതികാരത്തിലൂടെ അഭിനയം ആരംഭിച്ച വ്യക്തിയാണ് രാജേഷ് മാധവന്‍. അതിനുമുമ്പ് വരെ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യുകയായിരുന്നു അദ്ദേഹം. ലിജോമോളുടെ കോളേജ് സീനിയര്‍ ആയിരുന്നു രാജേഷ്.

ഇപ്പോള്‍ രാജേഷുമായുള്ള തന്റെ സൗഹൃദത്തെ കുറിച്ചും കോളേജിലെയും മഹേഷിന്റെ പ്രതികാരം സിനിമയിലെ സെറ്റിലെയും രസകരമായ ഓര്‍മകള്‍ പങ്കുവെക്കുകയാണ് ലിജോമോള്‍ ജോസ്. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘രാജേഷേട്ടനെ എനിക്കും ഞങ്ങളുടെ ബാച്ചിലുള്ളവര്‍ക്കും പരിചയമുണ്ടായിരുന്നു. അത് ഞങ്ങളുടെ ബി.എ.സി വിഷ്വല്‍ മീഡിയയുടെ കോഴ്‌സിന്റെ പ്രോസ്‌പെക്ടസില്‍ കണ്ടിട്ടുള്ള ഫോട്ടോ വഴി ആയിരുന്നു പരിചയം തുടങ്ങുന്നത്. രാജേഷേട്ടന്റെ മുഖം അതിലുള്ളത് കൊണ്ട് ഞങ്ങള്‍ക്ക് അദ്ദേഹം വളരെ ഫെമിലിയര്‍ ആയിരുന്നു.

പക്ഷെ അങ്ങനെ ഒരാളെ പ്രോസ്‌പെക്ടസില്‍ കണ്ടു എന്നല്ലാതെ അദ്ദേഹം ഞങ്ങളുടെ സീനിയറായി അവിടെ പഠിക്കുന്നുണ്ടോ അതോ പഠിച്ചു കഴിഞ്ഞതാണോ എന്നൊന്നും അറിയില്ലായിരുന്നു. അഡ്മിഷന്‍ എടുത്ത് കഴിഞ്ഞപ്പോള്‍ ഞങ്ങള്‍ രാജേഷേട്ടനെ അവിടെ കണ്ടു. അന്ന് രാജേഷേട്ടന് താടിയുടെ അറ്റത്ത് മാത്രമായിട്ടായിരുന്നു താടി ഉണ്ടായിരുന്നത്.

അങ്ങനെ ഞങ്ങള്‍ ‘ആടേട്ടന്‍’ എന്ന് പേരിട്ടു. അന്ന് രാജേഷേട്ടന് അത് അറിയില്ലായിരുന്നു (ചിരി). പിന്നീട് ഞാന്‍ ഈ കാര്യം പറയുകയായിരുന്നു. പഠിച്ചു കൊണ്ടിരിക്കുന്ന സമയത്ത് അദ്ദേഹത്തിന് ഈ കാര്യം അറിയില്ല. അന്നാണെങ്കില്‍ ഒരേ ഡിപ്പാര്‍ട്‌മെന്റ് ആയത് കൊണ്ട് ഞങ്ങളെയൊക്കെ കണ്ടിട്ടുണ്ടാകും എന്നല്ലാതെ രാജേഷേട്ടന് പേഴ്‌സണലി പരിചയം ഉണ്ടായിരുന്നില്ല.

അദ്ദേഹം എന്നെ ഒരിക്കലും ശ്രദ്ധിച്ചിരുന്നില്ല. പക്ഷെ ഞങ്ങള്‍ അങ്ങനെ ആയിരുന്നില്ല. ഞങ്ങള്‍ക്ക് വായി നോക്കാന്‍ കുറച്ച് ആണ്‍കുട്ടികള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഞങ്ങള്‍ അന്ന് നോക്കുന്ന കുറച്ച് പേരില്‍ ഒരാളായിരുന്നു രാജേഷേട്ടന്‍. പിന്നീട് ഞാന്‍ അദ്ദേഹവുമായി സംസാരിക്കുകയും കൂട്ടാകുകയും ചെയ്യുന്നത് മഹേഷിന്റെ പ്രതികാരം എന്ന സിനിമയുടെ സമയത്താണ്.

എന്റെ ആദ്യ സിനിമയായിരുന്നു അത്. എനിക്ക് ആ സെറ്റില്‍ ആരെയും അറിയാത്തത് കൊണ്ട് ഞാന്‍ ആരോടും സംസാരിക്കില്ലായിരുന്നു. പെട്ടെന്ന് ഒരു ദിവസമാണ് ഞാന്‍ ടേക്ക് എടുക്കാന്‍ നേരം രാജേഷേട്ടനെ അവിടെ വെച്ച് കാണുന്നത്. കണ്ടതും എക്‌സൈറ്റ്‌മെന്റ് കാരണം ഞാന്‍ അദ്ദേഹത്തിന്റെ അടുത്തേക്ക് ഓടി ചെന്നു.

രാജേഷേട്ടന് എന്നെ അറിയില്ലായിരുന്നു. ഞാന്‍ അദ്ദേഹത്തിന് എന്നെ സ്വയം ചേട്ടന്റെ ജൂനിയറാണെന്ന് പറഞ്ഞ് പരിചയപ്പെടുത്തി കൊടുത്തു. ഞാന്‍ രാജേഷേട്ടനോട് സംസാരിക്കുന്നത് ദിലീഷേട്ടനൊക്കെ ശ്രദ്ധിച്ചിരുന്നു. ഒരു ടേക്ക് കഴിഞ്ഞതും ഞാന്‍ ദിലീഷേട്ടനോട് ‘രാജേഷേട്ടന്‍ എന്റെ സീനിയറാണ്. അതുകൊണ്ടാണ് ഞാന്‍ പോയി മിണ്ടിയത്’ എന്ന് പറഞ്ഞു.

അന്ന് ദിലീഷേട്ടന്‍ ‘ലിജോ ഈ സെറ്റില്‍ ആരോടും മിണ്ടുന്നത് ഞാന്‍ കണ്ടിട്ടില്ല. ഞങ്ങളും വിചാരിക്കുകയായിരുന്നു, എങ്ങനെയാണ് ലിജോ രാജേഷിനെ കണ്ടിട്ട് പോയി മിണ്ടിയതെന്ന്’ എന്നായിരുന്നു പറഞ്ഞത്.

അപ്പോള്‍ ഞാന്‍ രാജേഷേട്ടനെ കുറിച്ച് അദ്ദേഹത്തോട് പറഞ്ഞു. ആടേട്ടന്‍ എന്ന് പേരിട്ട കാര്യമൊക്കെ പറഞ്ഞു. അതോടെ ദിലീഷേട്ടന്‍ രാജേഷേട്ടനെ പിന്നെ സെറ്റില്‍ ആടേട്ടന്‍ എന്നായിരുന്നു വിളിച്ചത്. ആ സൗഹൃദം ഞങ്ങള്‍ക്ക് ഇടയിലുണ്ട്,’ ലിജോമോള്‍ ജോസ് പറഞ്ഞു.


Content Highlight: Lijomol Jose Talks About Rajesh Madhavan

We use cookies to give you the best possible experience. Learn more