ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ സിനിമാരംഗത്തേക്ക് വന്ന നടിയാണ് ലിജോമോള്‍ ജോസ്. പിന്നീട് കട്ടപ്പനയിലെ ഹൃത്വിക് റോഷന്‍ എന്ന ചിത്രത്തിലും അഭിനിയിച്ചു. ലിജോ മോള്‍ ആദ്യമായി നായികയായി അഭിനയിച്ച സിനിമ ഹണീ ബീ 2.5യാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും സജീവമാണ് ലിജോമോള്‍. സിവപ്പ് മഞ്ഞള്‍ പച്ചൈ ആണ് ലിജോമോളുടെ ആദ്യത്തെ തമിഴ് സിനിമ.
പിന്നീട് സൂര്യ നായകനായി എത്തിയ ജയ് ഭീം എന്ന തമിഴ് ചിത്രത്തിലെ സെങ്കണി എന്ന കഥാപാത്രം വളരെ ശ്രദ്ധിക്കപ്പെട്ടു. ഈ വര്‍ഷം പുറത്തിറങ്ങിയ ഹിറ്റ് ചിത്രം പൊന്‍മാനിലും ലിജോമോള്‍ പ്രധാനകഥാപാത്രം അവതരിപ്പിച്ചു.
കാതല്‍ എന്‍ബതു പൊതു ഉടമൈ എന്ന തമിഴ് ചിത്രത്തില്‍ ലെസ്ബിയന്‍ കഥാപാത്രത്തെ ലിജോമോള്‍ അവതരിപ്പിച്ചതും ശ്രദ്ധേയമായിരുന്നു. ഇപ്പോള്‍ ആ ചിത്രത്തില്‍ അഭിനയിച്ചതിനെ കുറിച്ച് സംസാരിക്കുകയാണ് ലിജോമോള്‍ ജോസ്. സാധാരണക്കാരായ പ്രേക്ഷകര്‍ മുഖംചുളിക്കുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അത്തരമൊരു വേഷം തെരഞ്ഞെടുത്തതെന്ന് ലിജോമോള്‍ പറയുന്നു.
ചിത്രത്തിലെ ചുംബന രംഗങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു വൈറലാക്കുന്നവര്‍ ഒരിക്കലും എല്‍ജിബിടിക്കാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ലെന്ന് ലിജോമോള്‍ പറഞ്ഞു. എല്‍ജിബിടിക്കാരുടെ ജീവിതം തുറന്നുകാണിക്കുന്ന ചിത്രത്തില്‍ ഒരു നടിയെന്ന നിലയില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞുവെന്ന് കരുതുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മലയാള മനോരമ ദിനപത്രത്തിനോട് സംസാരിക്കുകയായിരുന്നു ലിജോമോള്‍ ജോസ്.
‘കാതല്‍ എന്‍ബതു പൊതു ഉടമൈ എന്ന തമിഴ് ചിത്രത്തിലെ ലെസ്ബിയന്‍ പെണ്‍കുട്ടി എന്റെ അഭിനയജീവിതത്തിലെ വ്യത്യസ്തമായ മറ്റൊരു കഥാപാത്രമായി. സാധാരണക്കാരായ പ്രേക്ഷകര്‍ മുഖം ചുളിക്കുമെന്നറിഞ്ഞുകൊണ്ടു തന്നെയാണ് അത്തരമൊരു വേഷം തെരഞ്ഞെടുത്തത്.
ചിത്രത്തിലെ ചുംബന രംഗങ്ങള്‍ മാത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്തു വൈറലാക്കുന്നവര്‍ ഒരിക്കലും എല്‍ജിബിടിക്കാര്‍ അനുഭവിക്കുന്ന മാനസിക സംഘര്‍ഷങ്ങളെക്കുറിച്ച് ചിന്തിക്കുന്നില്ല. അവരുടെ ജീവിതം തുറന്നു കാണിക്കുന്ന ആ ചിത്രത്തില്‍ ഒരു നടിയെന്ന നിലയില്‍ നന്നായി ചെയ്യാന്‍ കഴിഞ്ഞെന്നു കരുതുന്നു,’ ലിജോമോള്‍ ജോസ് പറയുന്നു.
Content Highlight: Lijomol Jose Talks About Kaadhal Enbadhu Podhu Udamai