| Wednesday, 14th May 2025, 3:33 pm

ജയ് ഭീമില്‍ ആ സീന്‍ കരയാതെ ചെയ്യാന്‍ പറഞ്ഞു; ഷൂട്ടിന് ഞാന്‍ കുറേ സമയമെടുത്തു: ലിജോമോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2016ല്‍ ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത മഹേഷിന്റെ പ്രതികാരം എന്ന സിനിമയിലൂടെ തന്റെ കരിയര്‍ ആരംഭിച്ച നടിയാണ് ലിജോമോള്‍ ജോസ്. അതേ വര്‍ഷം തന്നെ പുറത്തിറങ്ങിയ കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്ന ചിത്രത്തിലെ വേഷത്തിലൂടെയും നടി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

പിന്നീട് നിരവധി സിനിമകളുടെ ഭാഗമായ ലിജോമോള്‍ തമിഴിലും മികച്ച സിനിമകളില്‍ അഭിനയിച്ചിരുന്നു. തമിഴില്‍ നടിയുടെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നാണ് സെങ്കണി. ജയ് ഭീം എന്ന സിനിമയിലെ കഥാപാത്രമായിരുന്നു ഇത്.

സൂര്യയെ നായകനാക്കി ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത ചിത്രമാണ് ജയ് ഭീം. 2021ല്‍ ആമസോണ്‍ പ്രൈമിലൂടെയായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്. ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടാന്‍ ലിജോമോള്‍ക്ക് സാധിച്ചിരുന്നു.

ജയ് ഭീമില്‍ നടി നടത്തിയ മികച്ച പ്രകടനത്തിന് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ഏറ്റവും പ്രയാസം തോന്നിയ സീന്‍ ഏതായിരുന്നുവെന്ന് പറയുകയാണ് ലിജോമോള്‍. ധന്യ വര്‍മയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടി.

‘ജയ് ഭീം സിനിമയില്‍ പ്രയാസമുള്ള സീനിനെ കുറിച്ച് ചോദിച്ചാല്‍, അത്തരത്തിലുള്ള സീനുകളുണ്ട്. അതായത് ഞാന്‍ സമയമെടുത്ത് ചെയ്ത ചില സീനുകളുണ്ടായിരുന്നു. അതില്‍ ഒന്നായിരുന്നു ഡി.ജി.പിയോ മറ്റോ വിളിച്ചിട്ട് ആ ഓഫീസിലേക്ക് പോയ സീന്‍.

നിനക്ക് പൈസ തരാമെന്ന് പറയുന്ന സീനായിരുന്നു അത്. ആ സീനിന് ഞാന്‍ കുറച്ച് സമയം എടുത്തിരുന്നു. എന്നോട് അന്ന് ട്രെയിനര്‍ പറഞ്ഞത് കരയരുത് എന്നായിരുന്നു. അതായത് കണ്ണീര്‍ വരാന്‍ പാടില്ല. കരഞ്ഞാല്‍ തോറ്റു എന്നാണല്ലോ.

അങ്ങനെ ഞാന്‍ അതിനായി ഒരുപാട് പ്രിപ്പേര്‍ ചെയ്തു. ക്രൂ മുഴുവനും എനിക്ക് വേണ്ടി കാത്തിരുന്നു. അത്തരത്തില്‍ ചെയ്ത സീനാണ് അത്. അതുപോലെ തന്നെയാണ് കുട്ടിയെ പൊലീസ് കൊണ്ടുപോകുന്ന സീനും ചെയ്തത്. ആ സീന്‍ എടുക്കാന്‍ വേണ്ടി ഒരു ദിവസം മുഴുവന്‍ ആവശ്യമായിരുന്നു.

പിന്നെ രാജാകണ്ണയെ പൊലീസ് കയറ്റി കൊണ്ടുപോകുന്ന സീനും സമയമെടുത്താണ് ചെയ്തത്. ആ സീന്‍ ആയിരുന്നു മണികണ്ഠണ്ണനും ഞാനും ഒരുമിച്ചുള്ള അവസാന സീന്‍. ആ ഒരു വിഷമവും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു,’ ലിജോമോള്‍ ജോസ് പറയുന്നു.


Content Highlight: Lijomol Jose Talks About Jai Bhim Scene

We use cookies to give you the best possible experience. Learn more