| Sunday, 18th May 2025, 4:58 pm

ഒന്ന് രണ്ട് ആഴ്ചകളെടുത്തു അവര്‍ ഞങ്ങളെ പരിഗണിക്കാന്‍; പതിയെ അവര്‍ ഞങ്ങളെയും ഞങ്ങള്‍ അവരെയും മനസിലാക്കി: ലിജോമോള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ടി.ജെ ജ്ഞാനവേല്‍ സംവിധാനം ചെയ്ത് 2021ല്‍ ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ചിത്രമാണ് ജയ് ഭീം.ഈ ഒരൊറ്റ സിനിമയിലൂടെ തന്നെ ഇന്ത്യ മുഴുവന്‍ ശ്രദ്ധ നേടിയ മലയാളി നടിയാണ് ലിജോമോള്‍ ജോസ്. ചിത്രത്തില്‍ ‘സെങ്കണി’ എന്ന കഥാപാത്രമായാണ് ലിജോ എത്തിയത്. ജയ് ഭീമില്‍ നടി നടത്തിയ മികച്ച പ്രകടനത്തിന് സൗത്ത് ഫിലിംഫെയര്‍ അവാര്‍ഡ്സില്‍ മികച്ച നടിക്കുള്ള പുരസ്‌കാരവും നേടിയിരുന്നു.

ജയ് ഭീം എന്ന സിനിമയുടെ ആക്ടിങ് ട്രെയിനിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് ലിജോ മോള്‍. ചിത്രം ഇരുള ആദിവാസി വിഭാഗത്തിന്റെ കഥ പറഞ്ഞതുകൊണ്ടുതന്നെ സിനിമയിലേക്ക് സെലക്ട് ആയതിന് ശേഷം ഇരുള വിഭാഗത്തിനൊപ്പം പത്ത് ദിവസം താമസിച്ച് ട്രെയിനിങ് ഉണ്ടാകുമെന്ന് പറഞ്ഞിരുന്നെന്ന് ലിജോമോള്‍ പറയുന്നു.

താനും പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച മണികണ്ഠനും ഇരുള വിഭാഗത്തിനോടൊപ്പം താമസിച്ചുവെന്നും മനുഷ്യരെ കൂടുതല്‍ ആഴത്തില്‍ അറിയാന്‍ കഴിഞ്ഞ കാലമായിരുന്നു അതെന്നും ലിജോമോള്‍ പറയുന്നു. സാധാരണ പുറത്തുനിന്നുള്ള ആളുകളുമായി ഇടപെടാത്തവരാണ് ഇരുള വിഭാഗമെന്നും തങ്ങളെ അവര്‍ സ്വീകരിക്കാന്‍ ഒന്ന് രണ്ട് ആഴ്ചകളെടുത്തുവെന്നും ലിജോമോള്‍ പറഞ്ഞു. ദേശാഭിമാനി ദിനപത്രത്തോട് സംസാരിക്കുകയായിരുന്നു നടി.

‘ഇരുളവിഭാഗത്തില്‍പ്പെട്ട കഥാപാത്രങ്ങളെയാണ് ഞാനും മണികണ്ഠനും അവതരിപ്പിച്ചത്. കാര്യങ്ങള്‍ പഠിക്കാന്‍ പരിശീലനമുണ്ടാകുമെന്ന് സംവിധായകനും മറ്റും നേരത്തേ പറഞ്ഞിരുന്നു. അങ്ങനെയാണ് അവര്‍ക്കിടയിലേക്ക് പോകുന്നത്. മനുഷ്യരെ കൂടുതല്‍ ആഴത്തില്‍ അറിയാന്‍ കഴിഞ്ഞ കാലമായിരുന്നു അത്. മനുഷ്യരെല്ലാം ഒന്നാണെന്ന് തിരിച്ചറിഞ്ഞ കാലം.

പൊതുവെ പുറത്തുള്ള ആളുകളുമായി പെട്ടെന്ന് ഇടപെടാത്തവരാണ് ഇരുളര്‍. ഞാനും മണികണ്ഠനും അവരോടൊപ്പം അവരെപ്പോലെ ജീവിച്ചു. ഒന്ന് രണ്ട് ആഴ്ചകളെടുത്തു അവര്‍ ഞങ്ങളെ പരിഗണിക്കാന്‍. പതിയെ അവര്‍ ഞങ്ങളെയും ഞങ്ങള്‍ അവരെയും മനസിലാക്കി.

അവരോട് സംസാരിക്കാന്‍ തമിഴ് പഠിച്ചു. അവരെപ്പോലെ സാരിയുടുത്തു, ചെരിപ്പിടാതെ നടന്നു, വേട്ടയ്ക്ക് പോയി. ‘അണ്ണി’ എന്നാണ് അവരില്‍ പലരും എന്നെ വിളിച്ചത്. ഇപ്പേഴും അവരില്‍ ചിലര്‍ മെസേജ് അയക്കുന്നത് അണ്ണി എന്ന് വിളിച്ചാണ്,’ ലിജോമോള്‍ പറയുന്നു.

Content Highlight: Lijomol Jose talks about Jai  Bhim Movie

Latest Stories

We use cookies to give you the best possible experience. Learn more