| Monday, 28th April 2025, 4:33 pm

അങ്കമാലി ഡയറീസിന് ശേഷം വരുന്ന പുതിയ ബാച്ച്; വലിയ സ്‌പെഷ്യാലിറ്റിയുള്ള സിനിമയാണ് ഇത്: ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയും ലിസ്റ്റിന്‍ സ്റ്റീഫനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് മൂണ്‍ വാക്ക്. മാജിക് ഫ്രെയിംസ്, ആമേന്‍ മൂവി മോണാസ്ട്രി, ഫയര്‍ വുഡ് ഷോസ് എന്നീ ബാനറുകളില്‍ ലിജോ ജോസ് പെല്ലിശ്ശേരി അവതരിപ്പിച്ച് ലിസ്റ്റിന്‍ സ്റ്റീഫനും ജസ്‌നി അഹമ്മദും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.

പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിനോദ് എ.കെ. ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയാണ് മൂണ്‍ വാക്ക്. മെയ് മാസം റിലീസിന് എത്തുന്ന ചിത്രത്തില്‍ ഒരുകൂട്ടം ഡാന്‍സ് പ്രേമികളുടെ കഥയാണ് പറയുന്നത്.

അങ്കമാലി ഡയറീസിന് ശേഷം നൂറിലധികം പുതുമുഖ താരങ്ങള്‍ ഒരുമിക്കുന്ന സിനിമയെന്ന പ്രത്യേകതയും മൂണ്‍ വാക്കിനുണ്ട്. ഇപ്പോള്‍ മാജിക് ഫ്രെയിംസിന്റെ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഈ സിനിമയെ കുറിച്ച് പറയുകയാണ് ലിജോ ജോസ് പെല്ലിശ്ശേരി.

‘ഏറ്റവും നല്ല രൂപത്തില്‍ മൂണ്‍വാക്ക് എന്ന സിനിമ ആളുകളുടെ മുന്നില്‍ എത്തിക്കണമെന്ന ആഗ്രഹമുണ്ട്. അതില്‍ വര്‍ക്ക് ചെയ്തിരിക്കുന്നത് പുതിയ ഗ്രൂപ്പ് ആളുകളാണ്. ഫ്രഷ് ടാലന്റ്‌സ് എന്നാണ് അവരെ കുറിച്ച് പറയേണ്ടത്.

അങ്കമാലി ഡയറീസിന് ശേഷം വരുന്ന പുതിയ ബാച്ചെന്ന് പറയാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. നിരവധി പുതിയ ആളുകള്‍ ഈ സിനിമയിലുണ്ട്. ഒരുപാട് പുതിയ ആളുകളുള്ള സിനിമയാണ് ഇത്. അത് തന്നെയാണ് മൂണ്‍ വാക്ക് സിനിമയുടെ ഏറ്റവും വലിയ സ്‌പെഷ്യാലിറ്റി,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.

ഏപ്രില്‍ – മെയ് മാസം തന്നെ മൂണ്‍ വാക്ക് സിനിമ റിലീസ് ചെയ്യണമെന്ന് തോന്നാന്‍ കാരണം എന്തായിരുന്നു എന്ന ലിസ്റ്റിന്‍ സ്റ്റീഫന്റെ ചോദ്യത്തിനും സംവിധായകന്‍ അഭിമുഖത്തില്‍ മറുപടി പറഞ്ഞു.

‘സമ്മറിലെ ആഘോഷം ആ സിനിമയിലുണ്ട്. പാട്ടുകളിലും ഡാന്‍സിലുമൊക്കെ അതുണ്ട്. വളരെ വൈബ്രന്റായ ഫ്രഷ് എനര്‍ജി പാക്ഡായ സിനിമയാണ്. അതുകൊണ്ടാണ് ഏപ്രില്‍ – മെയ് മാസങ്ങളില്‍ വരേണ്ട സിനിമയാണ് അതെന്ന് ഞാന്‍ ആഗ്രഹിക്കുന്നത്.

ആ സമയത്താണ് ഫ്രഷ് ഗ്രൂപ്പ് ഓഫ് ആളുകള്‍ വരുന്നത്. അതായത് പത്താം ക്ലാസ് കഴിഞ്ഞ് ഇറങ്ങുന്ന ആളുകളും പ്ലസ് ടു കഴിഞ്ഞ് കോളേജിലേക്ക് പോകുന്ന ആളുകളും വരുന്നത്.

പഠനം കഴിഞ്ഞ് ചിലരൊക്കെ ജോലിയിലേക്ക് കടക്കാന്‍ തുടങ്ങുന്ന സമയം കൂടിയാണ് അത്. അങ്ങനെ ഒരു ഇന്റര്‍വെല്‍ സ്‌പേസ്, അല്ലെങ്കില്‍ ഒരു ബ്രേക്ക് സ്‌പേസാണ് ഈ സമയം. ആ സമയത്ത് തന്നെയാണ് നമ്മളുടെ സിനിമ പുറത്തുവരേണ്ടത്,’ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു.


Content Highlight: Lijo Jose Pellissery Talks About Moon Walk Movie

Latest Stories

We use cookies to give you the best possible experience. Learn more