തന്റേതായ ഫിലിംമേക്കിങ് കൊണ്ട് ഇന്‍ഡസ്ട്രിയെ ഞെട്ടിച്ച സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് വ്യത്യസ്ത സിനിമാനുഭവമായി മാറ്റാന്‍ ലിജോക്ക് സാധിച്ചിട്ടുണ്ട്. എല്‍.ജെ.പി എന്ന പേരില്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ബ്രാന്‍ഡായി മാറിയ ലിജോയുടെ പുതിയ ചിത്രത്തെക്കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.
മലൈക്കോട്ടൈ വാലിബന് ശേഷം മലയാളത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ് അദ്ദേഹം. ചിത്രത്തിന്റെ പരാജയത്തിന് ശേഷം ലിജോയെ പലരും വലിയ രീതിയില്‍ വിമര്‍ശിച്ചിരുന്നു. ബോളിവുഡിലാണ് ഇപ്പോള്‍ ലിജോ ശ്രദ്ധ നല്‍കുന്നത്. ദില്‍കാശി എന്നാണ് ചിത്രത്തിന്റെ പേര്. തന്റെ ബോളിവുഡ് എന്‍ട്രിയിലൂടെ സിനിമാലോകത്ത് വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് എല്‍.ജെ.പി.
റൊമാന്റിക് ഡ്രാമയാണ് ദില്‍കാശിയെന്ന് പുറത്തുവന്ന പോസ്റ്ററുകള്‍ സൂചന നല്‍കുന്നുണ്ട്. അഭയ് വര്‍മ, സഹന്‍ കപൂര്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. മുംബൈ പശ്ചാത്തലമായിട്ടുള്ള റൊമാന്റിക് ഡ്രാമ ഇതിനോടകം സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായി. ബോളിവുഡിലും ഇനി എല്‍.ജെ.പി. ബ്രില്യന്‍സ് കാണാനാകുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
മദ്രാസിന്റെ മൊസാര്‍ട്ട് എ.ആര്‍. റഹ്‌മാനാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഇതുവരെ ചെയ്തതില്‍ വെച്ച് ലിജോയുടെ വ്യത്യസ്തമായ അപ്പ്രോച്ച് തന്നെയാകും ദില്‍കാശിയെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. ആമസോണ്‍ പ്രൈമിന്റെ ഈ വര്‍ഷത്തെ പ്രൊജക്ടുകള്‍ റിവീല്‍ ചെയ്ത ഇവന്റിലായിരുന്നു ദില്‍കാശിയുടെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടത്.
ബോളിവുഡില്‍ ഒരുപിടി മികച്ച സിനിമകളൊരുക്കിയ ഹന്‍സല്‍ മെഹ്തയാണ് ചിത്രത്തിന്റെ നിര്‍മാതാവ്. അലിഗഢ്, ഷാഹിദ്, സിറ്റി ലൈറ്റ്‌സ് തുടങ്ങിയ ചിത്രങ്ങളൊരുക്കിയ ഹന്‍സല്‍ മെഹ്ത നിര്‍മാതാവിന്റെ വേഷത്തിലെത്തുമ്പോള്‍ പ്രതീക്ഷകളേറെയാണ്. കരണ്‍ വ്യാസും ലിജോയും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത്.
സ്‌കാം 1992 എന്ന ഹിറ്റ് സീരീസിന് സ്‌ക്രിപ്റ്റ് ഒരുക്കിയ കരണ്‍ വ്യാസ് ലിജോയോടൊപ്പം ചേരുമ്പോള്‍ പ്രതീക്ഷകളേറെയാണ്. ലിജോയുടെ സന്തത സഹചാരിയായ ഗിരീഷ് ഗംഗാധരന്‍ തന്നെയാണ് ദില്‍കാശിയുടെ ക്യാമറ കൈകാര്യം ചെയ്യുന്നത്.
ഈ വര്‍ഷം ജൂലൈയില്‍ ചിത്രം പ്രേക്ഷകരിലേക്കെത്തുമെന്നാണ് കരുതുന്നത്. മലയാളത്തിലെ ബ്രാന്‍ഡായിട്ടുള്ള സംവിധായകരിലൊരാള്‍ ബോളിവുഡിലേക്കെത്തുമ്പോള്‍ സിനിമാപ്രേമികളെല്ലാം ആവേശത്തിലാണ്. ലിജോ എന്ന സംവിധായകന്‍ ബോളിവുഡില്‍ തന്നെ തുടരുമോ അതോ മലയാളത്തിലേക്ക് തിരിച്ചുവരുമോ എന്നും ചിലര്‍ സംശയിക്കുന്നുണ്ട്.
Content Highlight: Lijo Jose Pellissery’s Bollywood movie first look poster out now
സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അംഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ