| Thursday, 26th June 2025, 8:33 am

ഷൂട്ടിങ് സമയത്ത് ജോജുവിനെ തെറ്റിദ്ധരിപ്പിച്ചിട്ടില്ല, മൂന്ന് ദിവസം അഭിനയിച്ചതിന് നല്‍കിയ ശമ്പളം പങ്കുവെച്ച് ലിജോ ജോസ് പെല്ലിശ്ശേരി

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വ്യത്യസ്തമായ സിനിമകളിലൂടെ പ്രേക്ഷകപ്രീതി നേടിയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. പല കഥകളും അദ്ദേഹം ട്രീറ്റ് ചെയ്യുന്ന രീതി വ്യത്യസ്തമായിരിക്കും. ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലിജോ സംവിധാനം ചെയ്ത ചിത്രമാണ് ചുരുളി. നേരിട്ട് ഒ.ടി.ടിയിലെത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്.

കഴിഞ്ഞദിവസം ചിത്രത്തെക്കുറിച്ച് നടന്‍ ജോജു നടത്തിയ പരാമര്‍ശം വലിയ രീതിയിലുള്ള ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ചുരുളി എന്ന സിനിമ തെറിയില്ലാത്ത വെര്‍ഷനാകും തിയേറ്ററിലെത്തുകയെന്ന് പറഞ്ഞ് തന്നെ തെറ്റിദ്ധരിപ്പിച്ചെന്നും അഭിനയിച്ചതിന് തനിക്ക് പൈസ തന്നില്ലെന്നുമായിരുന്നു ജോജു പറഞ്ഞത്. ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

ഇപ്പോഴിതാ ജോജുവിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. സുഹൃത്തുക്കളായ നിര്‍മാതാക്കള്‍ക്കുണ്ടായ മനോവിഷമത്തിന്റെ പുറത്താണ് ഈ മറുപടിയെന്ന് പറഞ്ഞുകൊണ്ടാണ് ലിജോ ജോസ് തന്റെ പോസ്റ്റ് ആരംഭിക്കുന്നത്. ‘A’ സര്‍ട്ടിഫിക്കറ്റുള്ള സിനിമ ഇതുവരെ തിയേറ്ററില്‍ റിലീസ് ചെയ്തിട്ടില്ലെന്നും കമ്മിറ്റിയെ വെച്ച് അന്വേഷിച്ച റിപ്പോര്‍ട്ടില്‍ സിനിമയിലുപയോഗിച്ച ഭാഷയെക്കുറിച്ചുള്ള കോടതിവിധിയുണ്ടെന്നും അദ്ദേഹം പോസ്റ്റില്‍ കുറിച്ചു.

ഷൂട്ടിങ് സമയത്ത് ജോജുവിനെ തങ്ങളാരും തെറ്റിദ്ധരിപ്പിച്ചതായി ഓര്‍മയില്ലെന്നും സിനിമയിലെ ഭാഷയെക്കുറിച്ച് നല്ല ബോധമുള്ളയാളാണ് തങ്കന്‍ ചേട്ടനെന്നും എല്‍.ജെ.പി. പറയുന്നു. ചിത്രം സോണി ലിവില്‍ സ്ട്രീം ചെയ്യുന്നുണ്ടെന്നും ഒരവസരം ലഭിച്ചാല്‍ ഉറപ്പായും തിയേറ്ററില്‍ റിലീസ് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മൂന്ന് ദിവസം അഭിനയിച്ചതിന് 590,000 രൂപ ജോജുവിന് നല്‍കിയതിന്റെ പേയ്‌മെന്റ് സ്ലിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. ജോജുവിന്റെ വാദങ്ങള്‍ക്ക് ഇതോടെ മറുപടി ലഭിച്ചെന്നാണ് പലരും കമന്റ് ബോക്‌സില്‍ അഭിപ്രായപ്പെടുന്നത്.

ചെമ്പോസ്‌കി മോഷന്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ചെമ്പന്‍ വിനോദും ലിജോ ജോസ് പെല്ലിശ്ശേരിയും ചേര്‍ന്നാണ് ചുരുളി നിര്‍മിച്ചത്. ആ വര്‍ഷത്തെ ഐ.എഫ്.എഫ്.കെയില്‍ മികച്ച പ്രതികരണം സ്വന്തമാക്കിയ ചിത്രം സോണി ലിവിലൂടെയാണ് പ്രേക്ഷകരിലേക്കെത്തിയത്. തെറിയുടെ അമിത പ്രയോഗം ആ സമയത്ത് തന്നെ ചര്‍ച്ചയായിരുന്നു.

വിനോയ് തോമസിന്റെ ‘കളിഗെമിനാരിലെ കുറ്റവാളികള്‍’ എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങിയത്. ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡില്‍ മികച്ച ഛായാഗ്രഹകനടക്കം മൂന്ന് പുരസ്‌കാരങ്ങള്‍ സ്വന്തമാക്കിയ ചിത്രം കൂടിയാണ് ചുരുളി.

Content Highlight: Lijo Jose Pellissery replied to the statement of Joju George about the remuneration in Churuli movie

We use cookies to give you the best possible experience. Learn more