മലയാളത്തിലെ മുന്‍നിര നിര്‍മാതാക്കളില്‍ ഒരാളും തിയേറ്റര്‍ ഉടമയുമായ ലിസ്റ്റിന്‍ സ്റ്റീഫനെ പരിഹസിച്ച് സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി. ഇരുവരും ചേര്‍ന്ന് അവതരിപ്പിച്ച മൂണ്‍വാക്ക് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് വിവാദങ്ങള്‍. മികച്ച അഭിപ്രായം ലഭിച്ചിട്ടും ചിത്രത്തിന് വേണ്ടത്ര സ്‌ക്രീനുകള്‍ ഇല്ലാത്തത് തിരിച്ചടിയായിരിക്കുകയാണ്.
ആദ്യവാരം 140 സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിച്ച ചിത്രം രണ്ടാം വാരം വെറും 12 സ്‌ക്രീനിലേക്ക് ചുരുങ്ങി. ഇതിനെതിരെയാണ് ലിജോ ജോസ് പെല്ലിശ്ശേരി പ്രതിഷേധമറിയിച്ചത്. മലയാളത്തിലെ മുന്തിയ നിര്‍മാതാവും വിതരണക്കാരനും തിയേറ്റര്‍ മുതലാളിയും കൂടി മുന്നില്‍ നിന്ന് നയിച്ച മൂണ്‍വാക്ക് എന്ന ചിത്രത്തിന്റെ മഹത്തായ രണ്ടാം വാരഘോഷം എന്ന് പറഞ്ഞാണ് എല്‍.ജെ.പി തന്റെ പോസ്റ്റ് ആരംഭിച്ചത്.
ആദ്യവാരത്തിലെയും രണ്ടാം വാരത്തിലെയും തിയേറ്റര്‍ ലിസ്റ്റുകള്‍ കൂടി പങ്കുവെച്ച ലിജോ ജോസ് പെല്ലിശ്ശേരി മലയാളസിനിമ നേരിടുന്ന പ്രതിസന്ധിക്കെതിരെ ഇതിലും വലിയ പോരാട്ടമുണ്ടോ എന്ന് ചോദിച്ചുകൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചത്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് അദ്ദേഹം പോസ്റ്റ് പങ്കുവെച്ചത്.
പോസ്റ്റിന്റെ കമന്റ് ബോക്‌സില്‍ ലിജോയെ അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം കമന്റുകള്‍ വരുന്നുണ്ട്. ‘പഴയകാലത്തേക്ക് രണ്ട് മണിക്കൂര്‍ കൊണ്ടുപോയ അനുഭവമായിരുന്നു സിനിമ’, ഈയടുത്ത് കണ്ടതില്‍ വെച്ച് മികച്ച സിനിമ’, കറുപ്പിന്റെ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിച്ച മൈക്കല്‍ ജാക്‌സണ് നല്‍കാന്‍ കഴിയുന്ന ഏറ്റവും മികച്ച ട്രിബ്യൂട്ട്’ എന്നിങ്ങനെയാണ് അനുകൂലിക്കുന്നവരുടെ അഭിപ്രായം.
‘ഇത്രയും കാശ് മുടക്കി എടുത്ത പടം കുറച്ചധികം മാര്‍ക്കറ്റ് ചെയ്യണമായിരുന്നു,’ ‘ഒ.ടി.ടിയില്‍ വരുമ്പോള്‍ കാണം’, പുതുമുഖങ്ങളെ വെച്ച് സിനിമ ചെയ്യുമ്പോള്‍ അതില്‍ കുറച്ചധികം ശ്രദ്ധിക്കാം എന്നിങ്ങനെയാണ് പലരും അഭിപ്രായപ്പെടുന്നത്. ലിസ്റ്റിന്‍ സ്റ്റീഫന്റെ പേരെടുത്ത് പറയാതെയാണ് ലിജോ ജോസ് പെല്ലിശ്ശേരി പോസ്റ്റ് പങ്കുവച്ചത്.
നവാഗതനായ വിനോദ് എ.കെയാണ് ചിത്രം സംവിധാനം ചെയ്തത്. മൈക്കല്‍ ജാക്‌സണ്‍ കേരളത്തില്‍ തരംഗം തീര്‍ത്ത 1980കളുടെ അവസാനമാണ് മൂണ്‍വാക്കിന്റെ കഥാപശ്ചാത്തലും. ഭൂരിഭാഗവും പുതുമുഖങ്ങള്‍ അണിനിരന്ന ചിത്രം പുതിയൊരു അനുഭവം സമ്മാനിച്ചു. 2021ല്‍ ഷൂട്ട് പൂര്‍ത്തിയായ ചിത്രം ഈ വര്‍ഷമാണ് തിയേറ്ററുകളിലെത്തിയത്.
Content Highlight: Lijo Jose Pellissery criticize Listin Stephen for less screens of Moonwalk movie