വംശീയത, സ്ത്രീ ശരീരം, ശാസ്ത്രം: സാറ ബര്‍ട്ട്മാന്റെ ജീവിതം
Science Society Democracy
വംശീയത, സ്ത്രീ ശരീരം, ശാസ്ത്രം: സാറ ബര്‍ട്ട്മാന്റെ ജീവിതം
ഡോ. ഷിജു സാം വറുഗീസ്
Tuesday, 11th September 2018, 11:51 am

പത്തൊമ്പതാം നൂറ്റാണ്ടില്‍ സയന്‍സിന്റെ പരീക്ഷണവസ്തുവായി മാറിയ സാറ ബര്‍ട്ട്മാന്‍ (Sarah Bartmann / Saartjie Baartman) എന്ന ദക്ഷിണാഫ്രിക്കക്കാരിയായ യുവതിയുടെ കഥ, അധീശത്വ വ്യവഹാരങ്ങള്‍ എങ്ങനെയാണ് ശാസ്ത്രത്തിന്റെ അറിവുല്‍പാദന പ്രക്രിയയെ രൂപപ്പെടുത്തുന്നത് എന്നതിന്റെ ശക്തമായ ഉദാഹരണമാണ്.

വംശീയതയെക്കുറിച്ച് പത്തൊന്‍പതാം നൂറ്റാണ്ടില്‍ രൂപപ്പെട്ട കൊളോണിയല്‍ ധാരണകള്‍ക്ക് ശാസ്ത്രീയ അടിത്തറ നല്‍കിയത് സാറയുടെ കറുത്ത ശരീരത്തിന്മേല്‍ അവള്‍ ജീവിച്ചിരുന്നപ്പോഴും മരിച്ചതിനു ശേഷവും നടന്ന ശാസ്ത്രീയ ഗവേഷണങ്ങളായിരുന്നു. ശാസ്ത്രവും വംശീയതയുടെ പ്രത്യയശാസ്ത്രവും തമ്മിലുണ്ടായിരുന്ന അടുത്ത ചാര്‍ച്ച വെളിപ്പെടുത്തുന്നതാണ് സാറ ബര്‍ട്ട്മാന്റെ ജീവിതം.

ഡച്ച് അധിനിവേശം മൂലം വംശീയ ഉന്മൂലനത്തിനു വിധേയമായി ചിതറിപ്പോയ “ഖോയി-ഖോയി” അഥവാ ഹോട്ടന്‍ടോട്ട് (Hottentot) എന്നും, “ബുഷ്മെന്‍” (bushmen) എന്നും വിളിക്കപ്പെട്ടിരുന്ന രണ്ടു ജനതകള്‍ ഖോയി-സാന്‍” (Khoi-San) എന്ന ഒറ്റപ്പേരിലാണ് ഇന്ന് അറിയപ്പെടുന്നത്. ഈ രണ്ടു സമുദായങ്ങളില്‍ ഏതില്‍ പെട്ട ആളായിരുന്നു സാറ എന്നതിന് കൃത്യമായ തെളിവില്ല. പക്ഷെ “ഹോട്ടന്‍ടോട്ട് വീനസ്” എന്നായിരുന്നു അവള്‍ യൂറോപ്പില്‍ അറിയപ്പെട്ടിരുന്നത്.

 

യൂറോപ്യന്‍ ശ്രോതസ്സുകളുടെ കണ്ണട മാത്രമേ സാറയെക്കുറിച്ചറിയാന്‍ നമുക്ക് മുമ്പിലുള്ളൂ. പരസ്പര വിരുദ്ധമായ വിവരങ്ങളാണ് അവ മിക്കപ്പോഴും നല്‍കുന്നത്. എങ്കിലും പൊതുവേ മനസ്സിലാക്കപ്പെടുന്നതനുസരിച്ച് ദക്ഷിണാഫ്രിക്കയിലെ കേപ് ടൌണില്‍ ഒരു ഡച്ചുകുടുംബത്തില്‍ വീട്ടുജോലിക്കാരിയായിരുന്നു സാറ. അവളുടെ യഥാര്‍ത്ഥ പേര് നമുക്കറിയില്ല; 1811-ല്‍ മാഞ്ചസ്റ്ററില്‍ വെച്ചു മാമോദീസ സ്വീകരിക്കുമ്പോള്‍ ലഭിച്ച പേരാണ് സാറ ബര്‍ട്ട്മാന്‍ എന്നത്. കുടുംബ പശ്ചാത്തലത്തെപ്പറ്റിയും കൂടുതലൊന്നും അറിവില്ല; വിവാഹം കഴിച്ചിരുന്നെന്നും, ഒരു കുട്ടിയുണ്ടായിരുന്നത് മരിച്ചു പോയി എന്നുമൊക്കെ സ്ഥിരീകരിക്കപ്പെടാത്ത വാര്‍ത്തകളുണ്ട്.

തന്റെ വീട്ടുടമസ്ഥന്റെ സഹോദരനായ ഹെന്‍ട്രിക് സീസറിന്റെ (Hendrik Cezar) പ്രേരണയാലാണത്രേ സാറ ലണ്ടന് പോകാന്‍ തീരുമാനിക്കുന്നത്. യൂറോപ്പില്‍ അക്കാലത്ത് പതിവായിരുന്ന വംശീയ ഉടല്‍ പ്രദര്‍ശനങ്ങളില്‍ കാഴ്ച്ചവസ്തുവായി പങ്കെടുക്കാമെങ്കില്‍ ധാരാളം പണം സമ്പാദിക്കാനാവും എന്നായിരുന്നു പ്രലോഭനം. ഒരു ബ്രിട്ടീഷ് കപ്പലിലെ ഡോക്ടര്‍ ആയിരുന്ന വില്യം ഡണ്‍ലപ്പിന്റെ സഹായത്തോടെ അങ്ങിനെ അവള്‍ 1810-ല്‍ ലണ്ടനിലെത്തുകയും പിക്കാഡെല്ലിയില്‍ നടന്നിരുന്ന പ്രദര്‍ശനത്തില്‍ (exhibition) പങ്കെടുക്കുകയും ചെയ്യുന്നു. “ഹോട്ടന്‍ടോട്ട് വീനസ്” (Hottentot Venus) എന്ന പേരില്‍ സാറ എന്ന ആഫ്രിക്കന്‍ വനിത യൂറോപ്പിനെ ആകര്‍ഷിക്കുന്ന പ്രദര്‍ശന വസ്തുവായി നിറഞ്ഞു നിന്നു.

 

ഇത്തരം ശരീര പ്രദര്‍ശനങ്ങള്‍ യൂറോപ്പില്‍ അക്കാലത്ത് സാധാരണമായിരുന്നു. അധിനിവേശിത ഇടങ്ങളില്‍ നിന്നും യൂറോപ്പില്‍ എത്തിച്ച് പ്രദര്‍ശിപ്പിച്ചിരുന്ന വിവിധയിനം മനുഷ്യര്‍ വംശവ്യത്യാസങ്ങളെക്കുറിച്ചുള്ള യൂറോപ്യന്‍ ധാരണകളെ ഊട്ടിയുറപ്പിച്ചു. ഏറ്റവും ഉല്‍കൃഷ്ടമായ വംശമായി തങ്ങളെത്തന്നെ തിരിച്ചറിയുന്നതിനും, അതുവഴി മറ്റു വംശങ്ങളെ കീഴടക്കി ഭരിക്കുന്നതിനുള്ള തങ്ങളുടെ ധാര്‍മികമായ അവകാശത്തെ സ്വയം ന്യായീകരിക്കുന്നതിനും ഇത്തരം പ്രദര്‍ശനശാലകള്‍ പാശ്ചാത്യരെ സഹായിച്ചു.

ലാറ്റിനമേരിക്കയില്‍ നിന്നും ആഫ്രിക്കയില്‍ നിന്നും ഏഷ്യയില്‍ നിന്നുമുള്ള മനുഷ്യര്‍ പ്രദര്‍ശന വസ്തുക്കളായി മാറി. എക്‌സോട്ടിക്കായ അപരസ്ത്രീ ശരീരങ്ങളോടുള്ള യൂറോപ്യന്‍ പുരുഷന്റെ ലൈംഗികാഭിനിവേശവും (ആഫ്രിക്കയെന്ന “ഇരുണ്ട” ഭൂഖണ്ഡത്തോടുള്ള അവരുടെ ആകര്‍ഷണം പോലെതന്നെ) ഇത്തരം എക്‌സിബിഷനുകള്‍ക്ക് വമ്പിച്ച പ്രചാരം നല്‍കി.

സാറ ഒരു ചൂടന് കാഴ്ചാ വിഭവമായി മാറിയതിനു പുറകില്‍ അവളുടെ ശാരീരിക പ്രത്യേകതകള്‍ പ്രധാന പങ്കു വഹിച്ചു. നാലര അടി പൊക്കം മാത്രമേ അവള്‍ക്കുണ്ടായിരുന്നുള്ളൂ. പ്രായം ഏതാണ്ട് ഇരുപതുകളുടെ അവസാനം. അസാധാരണമായ വലിപ്പമുള്ളതും ഉയര്‍ന്നു പൊന്തിയതുമായ അവളുടെ നിതംബം ആയിരുന്നു ഒരു പ്രധാന ആകര്‍ഷണ ഘടകം. പൃഷ്ഠഭാഗത്ത് കൊഴുപ്പ് ധാരാളമായി അടിയുന്നത് മൂലമുണ്ടാകുന്ന “Steatopygia” എന്ന ഒരു ശരീരാവസ്ഥയാണ് യഥാര്‍ഥത്തില്‍ ഇത്. ഖോയിസാന്‍ സ്ത്രീകളില്‍ ഇത് പൊതുവേ കാണപ്പെട്ടിരുന്നു. പുരാതന കാലത്ത് ഊര്‍വ്വരതയുടെ ലക്ഷണമായി കണക്കാക്കിയിരുന്ന ഈ ശാരീരികാവസ്ഥയെ ഹോട്ടന്‍ടോട്ട് സ്ത്രീകളുടെ വംശീയ-ലൈംഗിക സവിശേഷതയായിട്ടാണ് പത്തൊന്‍പതാം നൂറ്റാണ്ടില്‍ കണ്ടിരുന്നത്.

 

“ഹോട്ടന്‍ടോട്ട് നാട” (Hottentot apron) എന്നറിയപ്പെട്ടിരുന്ന നീളം കൂടിയ യോനീ ദളങ്ങള്‍ (labia minora) ആയിരുന്നു സാറയുടെ മറ്റൊരു ആകര്‍ഷണം. ഈ നാട യോനീ ദളങ്ങളല്ല, മറിച്ച്, ഹോട്ടന്‍ടോട്ട് സ്ത്രീകളുടെ അടിവയറില്‍ നിന്നും തൂങ്ങിയിറങ്ങി യോനിയെ മറയ്ക്കുന്ന “sinus pudoris” എന്ന ഒരു വ്യത്യസ്ത അവയവമാണ് എന്ന ശാസ്ത്രീയ വാദവും അക്കാലത്ത് ശക്തമായി നിലനിന്നിരുന്നു. ഈ അവയവത്തെക്കുറിച്ചുള്ള ആകാംഷയും പ്രദര്‍ശനത്തിന് ആളെ കൂട്ടി.

ഈ രണ്ടു ശാരീരിക പ്രത്യേകതകളും ഹോട്ടന്‍ടോട്ട് വംശത്തിലെ സ്ത്രീകളുടെ മാത്രം ജീവശാസ്ത്രപരമായ വംശീയ സവിശേഷതകളായിട്ടാണ് പരിഗണിക്കപ്പെട്ടിരുന്നത്. യൂറോപ്യന്‍ സ്ത്രീകളില്‍ നിന്നുമുള്ള ജൈവപരവും സാംസ്‌കാരികവുമായ വംശീയ വ്യത്യാസത്തിലാണ് സാറയെപ്പോലെയുള്ള ആഫ്രിക്കന്‍-ലാറ്റിനമേരിക്കന്‍-ഏഷ്യന്‍ സ്ത്രീ ശരീരങ്ങളെ അന്ന് യൂറോപ്പ് നോക്കിക്കണ്ടിരുന്നത്. ഈ പെണ്ണുടലുകള്‍ വംശീയമായി അപരമായിരിക്കുമ്പോള്‍ തന്നെ, യൂറോപ്യന്‍ പുരുഷന്റെ ലൈംഗിക തൃഷ്ണയെ ശക്തമായി ഉണര്‍ത്തുന്നവയുമായിരുന്നു എന്നതിന്റെ തെളിവാണ് “ഹോട്ടന്‍ടോട്ട് വീനസ്” എന്ന പേരില്‍ സാറ നേടിയ ജനപ്രീതി.

സാറയെ പ്രദര്‍ശിപ്പിച്ചിരുന്നത് രണ്ടടി ഉയരത്തിലുള്ള ഒരു കൂട്ടിലാണ്. നഗ്‌നയെന്നു തോന്നിപ്പിക്കുന്ന വിധത്തില്‍ ഉടലിനോട് ഒട്ടിക്കിടക്കുന്ന അര്‍ദ്ധതാര്യ വസ്ത്രമാണ് അവള്‍ ധരിച്ചിരുന്നത്. ഒരു വന്യമൃഗത്തെ സര്‍ക്കസില്‍ പ്രദര്‍ശിപ്പിക്കുന്നതിനു സമാനമായി ഒരു “പരിശീലകന്‍” സാറയ്ക്ക് തിരിയാനും നടക്കാനും ഇരിക്കാനും ഉള്ള നിര്‍ദേശങ്ങള്‍ നല്‍കിക്കൊണ്ടിരുന്നു.

അനുസരിച്ചില്ലെങ്കില്‍ അയാള്‍ അവള്‍ക്കുനേരെ ആക്രോശിക്കും. ചുറ്റും കൂടിയ കാഴ്ചക്കാര്‍ അവളുടെ യോനീ “നാട” കാണാന്‍ ശ്രമിക്കുകയും, പൃഷ്ഠത്തില്‍ കുത്തിനോക്കുകയും മറ്റും ചെയ്യും. അവള്‍ അവര്‍ക്കു നേരെ അക്രമാസക്തയാവും. എന്നാല്‍ അരക്കെട്ടിന്റെ മുന്‍ഭാഗം മറച്ചിരുന്നതിനാല്‍ അവളുടെ “ഹോട്ടന്‍ടോട്ട് ഏപ്രണ്‍” മാത്രം ആര്‍ക്കും കാണാനോ പരിശോധിക്കാനോ കഴിഞ്ഞിരുന്നില്ല. അപരിഷ്‌കൃത ആഫ്രിക്കന്‍ വംശങ്ങളിലെ സ്ത്രീകളുടെ മൃഗസമാനമായ ക്രൗര്യത്തെയും അനിയന്ത്രിതമായ ലൈംഗിക തൃഷ്ണയെയും കുറിച്ചുള്ള യൂറോപ്യന്‍ ധാരണകളെ തൃപ്തിപ്പെടുത്തുന്നതായിരുന്നു അവളുടെ പ്രദര്‍ശനം.

 

സാറയുടെ മൃഗസമാനമായ പൊതു പ്രദര്‍ശനത്തിനെതിരെ, അവളുടെ “മോചന”ത്തിനായി ചില അടിമത്ത വിരുദ്ധ പ്രവര്‍ത്തകര്‍ (abolitionists) കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, താന്‍ സ്റ്റേജില്‍ അഭിനയിക്കുകയാണെന്നും സ്വന്ത ഇഷ്ടപ്രകാരമാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കുന്നതെന്നും ആരുടേയും അടിമയല്ലെന്നും, നടിയെന്ന നിലയില്‍ പ്രദര്‍ശനത്തിന്റെ പകുതി ലാഭം തനിക്ക് അവകാശപ്പെട്ടതാണെന്നും കോടതിയില്‍ അവള്‍ പ്രസ്താവിച്ചതിനാല്‍ പ്രദര്‍ശനം തടയപ്പെട്ടില്ല.

ഇംഗ്ലണ്ടിലെ വിജയകരമായ പര്യടനങ്ങള്‍ക്ക് ശേഷം സാറ 1814-ല്‍ ഒരു മൃഗ പരിശീലകനോടൊപ്പം പാരീസില്‍ എത്തിച്ചേര്‍ന്നു. കുലീനരുടെ വീടുകളില്‍ നടക്കുന്ന സായാഹ്ന പാര്‍ട്ടികളില്‍ അവളുടെ പ്രകടനം ഒഴിച്ചു കൂടാനാവാത്ത ഇനമായി മാറി.

അത്തരമൊരു പ്രദര്‍ശനത്തിനിടയിലാണ് അക്കാലത്തെ ഏറ്റവും പ്രശസ്ത ശാസ്ത്രജ്ഞനായ ജോര്‍ജ്ജ് കുവിയര്‍ (Georges Cuvier, 17691832) അവളെ ശ്രദ്ധിക്കുന്നത്. സാറയുടെ ശാരീരിക പ്രത്യേകതകളുടെ വിശദമായ പഠനം വംശം, ലിംഗപദവി എന്നിവയെക്കുറിച്ചുള്ള ശാസ്ത്രീയാന്വേഷണങ്ങള്‍ക്ക് മുതല്‍ക്കൂട്ടാകും എന്ന് കുവിയറും സഹപ്രവര്‍ത്തകനായ ഹെന്റി ഡി ബ്ലൈന്‍വിലും (Henri de Blainville, 1777-1850) തിരിച്ചറിഞ്ഞു. ഇതേത്തുടര്‍ന്ന് ജീവശാസ്ത്ര ഗവേഷകര്‍ സാറയെ 1815 മാര്‍ച്ചു മാസത്തില്‍ ശാസ്ത്രീയമായി നിരീക്ഷിച്ചു പഠിച്ചു. സാറയുടെ ശാരീരിക പ്രത്യേകതകള്‍ പഠിക്കുന്നതിന്റെ ഭാഗമായി അവളുടെ ശരീര ഭാഗങ്ങളുടെ സാങ്കേതികചിത്രങ്ങളും അവര്‍ വരയ്ക്കുകയുണ്ടായി.

 

ഈ പഠനങ്ങളുടെ ശാസ്ത്രീയ റിപ്പോര്‍ട്ട് തയ്യാറാക്കി ശാസ്ത്രകുതുകികള്‍ക്ക് മുന്‍പില്‍ അവതരിപ്പിച്ചത് ബ്ലൈന്‍വില്‍ ആയിരുന്നു (1815 ഡിസംബര്‍). ഈ റിപ്പോര്‍ട്ട് പ്രകാരം രണ്ടു കാര്യങ്ങളാണ് ഗവേഷണ വിധേയമായത്. ഒന്ന്, “മനുഷ്യവംശങ്ങള്‍ക്കിടയില്‍ ഏറ്റവും താഴെയുള്ള നീഗ്രോകളോടും കുരങ്ങു വംശങ്ങള്‍ക്കിടയില്‍ ഏറ്റവും മുകളിലുള്ള ഉറാങ് ഊട്ടാനുകളോടും സാറ ബര്‍ട്ട്മാനെ വിശദമായി താരതമ്യം ചെയ്തു പഠിക്കുക”; രണ്ട്, അവളുടെ “പ്രത്യുല്പാദനാവയവങ്ങളുടെ വൈചിത്ര്യത്തിന്റെ പരമാവധി സമ്പൂര്‍ണ്ണമായ വിവരണം തയ്യാറാക്കുക”.

പത്തൊമ്പതാം നൂറ്റാണ്ടിലെ പ്രധാന ശാസ്ത്ര ശാഖയായിരുന്ന “താരതമ്യ അനാട്ടമി പഠന”ത്തിന്റെ (comparative anatomy) രീതികളായിരുന്നു സാറയെ പഠിക്കാന്‍ ഉപയോഗിച്ചത്. വിവിധ ശരീര ഭാഗങ്ങളുടെ അളവുകള്‍ ഓരോ ജന്തു വംശത്തിനും പ്രത്യേകമായിരിക്കും എന്നായിരുന്നു ശാസ്ത്ര ധാരണ. അതായത്, ആഫ്രിക്കന്‍ മനുഷ്യരുടെ തലയോട്ടിയുടെ അളവുകള്‍ യൂറോപ്യന്‍ മനുഷ്യരുടേതില്‍ നിന്നും തികച്ചും വ്യത്യസ്തമായിരിക്കും. ക്രേനിയോമെട്രി (craniometry) എന്ന സങ്കേതമുപയോഗിച്ച് ഈ അളവു വ്യത്യാസങ്ങള്‍ രേഖപ്പെടുത്തി വിശകലനം ചെയ്യുക വഴി ഓരോ വംശവും ദൈവീകസൃഷ്ടിയുടെ ശ്രേണിയില്‍ ഏതു സ്ഥാനത്ത് വരുന്നു എന്ന് നിര്‍ണ്ണയിക്കാനാകും എന്നായിരുന്നു ശാസ്ത്രജ്ഞര്‍ സിദ്ധാന്തിച്ചിരുന്നത്.

യൂറോപ്പ്യന്‍ നഗരങ്ങളിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയങ്ങളില്‍ സസ്യങ്ങളുടെയും ജന്തുക്കളുടെയും സ്‌പെസിമെനുകള്‍ കോളനികളില്‍ നിന്നും ധാരാളമായി ശേഖരിക്കപ്പെട്ടിരുന്നു. കുവിയര്‍ പാരിസിലെ മ്യൂസിയം ഓഫ് നാച്ചുറല്‍ ഹിസ്റ്ററിയിലെ സ്‌പെസിമന്‍ ശേഖരം ഉപയോഗിച്ച് ജന്തുക്കളുടെ വര്‍ഗീകരണപദ്ധതിയ്ക്ക് രൂപം നല്‍കാന്‍ ശ്രമിക്കുകയായിരുന്നു അക്കാലത്ത്. പരിണാമ സിദ്ധാന്തം ഒരു ആശയമായി വികസിക്കുന്നതേ ഉണ്ടായിരുന്നുള്ളൂ; സാറ ലണ്ടനില്‍ എത്തുന്നതിന്റെ തലേ വര്‍ഷമാണ് ചാള്‍സ് ഡാര്‍വിന്‍ ജനിച്ചത് (1809). പരിണാമമെന്ന ആശയത്തിന് പകരം “സൃഷ്ടിയുടെ മഹത്തായ ചങ്ങല” (the great chain of being) എന്ന, മേല്‍ പരാമര്‍ശിച്ച ആശയമായിരുന്നു ശാസ്ത്രീയമായി പരക്കെ അംഗീകരിക്കപ്പെട്ടിരുന്നത്.

ജോര്‍ജ്ജ് കുവിയര്‍

ഫോസില്‍ പഠനത്തിന്റെ (paleontology) “പിതാവാ”യിട്ടാണ് കുവിയര്‍ അറിയപ്പെടുന്നത്. പക്ഷെ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം സസ്യ-ജന്തു ഫോസിലുകള്‍ പരിണാമത്തിന്റെ തെളിവുകളായിരുന്നില്ല, മറിച്ച് ചങ്ങലയിലെ മണ്ണടിഞ്ഞു പോയ കണ്ണികളായ ജീവിവംശങ്ങള്‍ ആയിരുന്നു.

“സൃഷ്ടിയുടെ മഹത്തായ ചങ്ങല”യില്‍ ഓരോ ജീവിവംശവും എവിടെയാണ് കണ്ണിയാകുന്നത് എന്ന് പഠിച്ച്, അവയെ വര്‍ഗീകരിക്കാനായിരുന്നു മറ്റു ഗവേഷകരെപ്പോലെ തന്നെ കുവിയറിന്റെയും ശ്രമം. ജൈവ ചങ്ങലയില്‍ മനുഷ്യവംശങ്ങളുടെ ഓരോന്നിന്റെയും സ്ഥാനം കൃത്യമായി നിര്‍ണ്ണയിക്കുക എന്നതും അക്കാലത്ത് പ്രധാന പദ്ധതിയായിരുന്നു. “താരതമ്യ അനാട്ടമി പഠനം” എന്ന ശാസ്ത്രശാഖ തന്നെ അങ്ങിനെ രൂപമെടുത്തതാണ്.

താരതമ്യ അനാട്ടമി വിജ്ഞാനീയമനുസരിച്ച്, ഈ ചങ്ങലയില്‍ “നീഗ്രോ”കളുടെ സ്ഥാനം ചിമ്പാന്‍സികളെയും ഉറാങ്ഊട്ടാനുകളെയും പോലുള്ള കുരങ്ങുവംശങ്ങളുടെ തൊട്ടു മുകളിലാണ്. അവരുടെ ഉടലളവുകള്‍ കുരങ്ങുകളുടേതിനോടടുത്തു നില്‍ക്കുന്നുവെന്നു ചുരുക്കം. ഈ മഹാശ്രേണിയുടെ ഏറ്റവും മുകളില്‍ യൂറോപ്പ്യന്‍ വംശജരാണ് എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. ഓരോ വംശത്തിലെയും സ്ത്രീകളുടെ അളവുകളാവട്ടെ, അവരെ അവരുടെ പുരുഷന്മാരില്‍ നിന്നും അല്പം താഴെ പ്രതിഷ്ഠിക്കുന്നതായിരുന്നു.

സാറാ ബര്‍ട്ട്മാന്റെ ശരീരം ശാസ്ത്രീയ താല്പര്യം ഉണര്‍ത്തിയത് ഈ പശ്ചാത്തലത്തിലാണ്. അതായത്, ഹോട്ടന്‍ടോട്ട് വംശജര്‍ കുരങ്ങുകള്‍ക്കും “നീഗ്രോ”കള്‍ക്കും ഇടയിലുള്ള കണ്ണിയാണ് എന്ന വാദം നിശിതമായി ശാസ്ത്രീയ സങ്കേതങ്ങള്‍ ഉപയോഗിച്ച് അളന്നു പരിശോധിക്കുകയായിരുന്നു ഗവേഷകര്‍ ചെയ്തത്. ബ്ലൈന്‍വിലിന്റെ ഗവേഷണ റിപ്പോര്‍ട്ടില്‍ സാറയുടെ ശിരസ്സ് മുതല്‍ കാല്‍വിരലുകള്‍ വരെ ഓരോ ഭാഗവും വിശദമായി പ്രതിപാദിക്കപ്പെടുന്നുണ്ട്. യൂറോപ്യന്‍ സ്ത്രീകളില്‍ നിന്നും വ്യത്യസ്തമായി, കുരങ്ങുകളിലെന്നപോലെ ആര്‍ത്തവ രക്തത്തിന്റെ അളവ് അവള്‍ക്കു കുറവാണെന്നും റിപ്പോര്‍ട്ട് നിരീക്ഷിക്കുന്നു. പക്ഷെ “ഹോട്ടന്‍ടോട്ട് നാട”യുടെ ശാസ്ത്രീയ പരിശോധന സാറയുടെ ശക്തമായ പ്രതിഷേധം കാരണം നടന്നില്ല.

 

വംശീയത നിറഞ്ഞ ഒരു ശാസ്ത്രീയ വാദത്തിനുള്ള തെളിവുകളായിട്ടാണ് ഈ നിരീക്ഷണങ്ങളെല്ലാം അവതരിപ്പിക്കപ്പെട്ടത്. സാറയുടെ വംശമായ ഹോട്ടന്‍ടോട്ടുകള്‍, നീഗ്രോകളെക്കാളും ഉറാങ്ഊട്ടാനുകളോടാണ് ജീവശാസ്ത്രപരമായി അടുത്തു നില്‍ക്കുന്നത് എന്നതായിരുന്നു ആ വാദം! ചുരുക്കിപ്പറഞ്ഞാല്‍, അവളുടെ പൊക്കമില്ലായ്മയും, തടിച്ച നിതംബവും, യോനിയുടെ പ്രത്യേകതകളും, എന്തിന്, അരങ്ങിലെ ജന്തു സമാനമായ നടന പ്രതികരണങ്ങളും വരെ സാറയുടെ വംശത്തിന്റെ ജന്തു സാധര്‍മ്യത്തിനുള്ള വിശദീകരണമായി മാറി.

ഏറ്റവും ഞെട്ടിപ്പിക്കുന്ന വസ്തുത, സസ്തനികളെക്കുറിച്ചുള്ള തങ്ങളുടെ പഠന ഗ്രന്ഥത്തില്‍ കുരങ്ങുകള്‍ക്കൊപ്പം ഹോട്ടന്‍ടോട്ടുകളെയും ഉള്‍പ്പെടുത്തുന്നതിന് അവളെക്കുറിച്ചുള്ള പഠനം കുവിയറിന്റെ സഹോദരനായ ഫ്രെഡറിക്കിനും ഗവേഷണ പങ്കാളിക്കും (Ettiene Geoffroy Saint-Hilaire and Frederic Cuvier, Natural History of the Mammals, 1824) പ്രചോദനമായി എന്നതാണ്. സസ്തനികളെക്കുറിച്ചുള്ള ഈ ഗവേഷണ ഗ്രന്ഥത്തില്‍ പരാമര്‍ശിക്കപ്പെടുന്ന ഏക മനുഷ്യവംശം ഹോട്ടന്‍ടോട്ടുകളാണ്!

ബ്ലൈന്‍വില്‍ തന്റെ റിപ്പോര്‍ട്ട് അവതരിപ്പിച്ച മാസം തന്നെ സാറ ബര്‍ട്ട്മാന്റെ അകാല മരണം സംഭവിച്ചു (29 ഡിസംബര്‍ 1815). ശ്വാസകോശ സംബന്ധിയായ അസുഖവും (pleurisy) സ്‌മോള്‍പോക്‌സും ബാധിച്ചായിരുന്നു മരണം. എന്നാല്‍ രണ്ടാമത്തെ ഗവേഷണ ലക്ഷ്യമായിരുന്നതും പക്ഷെ ബ്ലൈന്‍വിലിന് പഠിക്കാന്‍ കഴിയാതെ പോയതുമായ, സാറയുടെ “ഹോട്ടന്‍ടോട്ട് നാട”യുടെ വിശദമായ പരിശോധനയ്ക്കുള്ള സുവര്‍ണ്ണാവസരമായിട്ടാണ് കുവിയര്‍ അവളുടെ മരണത്തെ കണ്ടത്. അവളുടെ മൃതദേഹത്തിന്മേലുള്ള അവകാശം അധികൃതരില്‍ നിന്നും അയാള്‍ നേടിയെടുത്തു.

ബ്ലൈന്‍വില്‍

പാരീസിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിലുള്ള തന്റെ ഡിസക്ഷന്‍ ടേബിളില്‍ സാറയുടെ ലൈംഗികാവയത്തിന്റെ കീറിമുറിച്ചുള്ള പരിശോധന കുവിയര്‍ നടത്തി. ഹോട്ടന്‍ടോട്ട് നാടയെക്കുറിച്ചുള്ള ആശയക്കുഴപ്പങ്ങളെല്ലാം പരിഹരിച്ച്, സാറയുടെ നാട, നീണ്ടു വളര്‍ന്ന ഭഗദളങ്ങള്‍ തന്നെയാണ് എന്ന് ഫ്രഞ്ച് അക്കാദമി ഓഫ് സയന്‍സില്‍ നടത്തിയ പ്രഭാഷണത്തില്‍ കുവിയര്‍ പ്രഖ്യാപിച്ചു. അതിന്റെ നീളം, ഘനം, ഘടന തുടങ്ങി എല്ലാ പ്രത്യേകതകളും സൂക്ഷ്മമായി അളന്ന് രേഖപ്പെടുത്തപ്പെട്ടു. യൂറോപ്യന്‍ സ്ത്രീകളുടെ യോനീദളങ്ങളുമായുള്ള താരതമ്യ വിശകലനത്തിലൂടെ, ഉഷ്ണ കാലാവസ്ഥയില്‍ ജീവിക്കുന്ന സ്ത്രീകളില്‍ ദളത്തിന്റെ നീളം കൂടുതലായിരിക്കുമെന്ന് കുവിയര്‍ സിദ്ധാന്തിച്ചു.

എന്നാല്‍, കുരങ്ങു വംശങ്ങളില്‍ യോനീ ദളങ്ങള്‍ തീര്‍ത്തും ചെറുതായതിനാല്‍ അത്തരമൊരു താരതമ്യം കുവിയര്‍ ഒഴിവാക്കി. പകരം സാറയുടെ തടിച്ച പൃഷ്ഠമാണ് തന്റെ വംശീയ സിദ്ധാന്തത്തിന്റെ സാധൂകരണത്തിന് അയാള്‍ ഉപയോഗിച്ചത്. പെണ്‍ ബബൂണുകളിലും മാന്‍ഡ്രില്ലുകളിലും അമിതമായി വലിപ്പം വെയ്ക്കാറുള്ള ഗുഹ്യഭാഗത്തോട് സാറയുടെ അരക്കെട്ടിന്റെ ഘടന കടുത്ത സാമ്യം പുലര്‍ത്തുന്നു എന്നയാള്‍ ചൂണ്ടിക്കാട്ടി.

സാറയുടെ പെല്‍വിസ് അവളുടെ ശരീരത്തിന് ആനുപാതികമല്ലാത്ത വിധത്തില്‍ ചെറുതാണെങ്കിലും അരക്കെട്ടിന്റെ പുറകുവശത്തെ ഒരു എല്ല് അസാധാരണമായി തടിച്ചതും വളഞ്ഞതും ആണെന്നതായിരുന്നു കുവിയറിന്റെ നിരീക്ഷണം. തടിച്ചുനീണ്ട പൃഷ്ഠഭാഗമെന്നത് കുരങ്ങു വംശങ്ങളിലെയും, ഹോട്ടന്‍ടോട്ടുകളിലെയും “നീഗ്രോ”കളിലെയും പെണ്ണുങ്ങളില്‍ മാത്രം കാണുന്ന സവിശേഷതയാണ് എന്ന് വാദിക്കാന്‍ ഇത് സഹായിച്ചു.

 

സാറയുടെ ശരീരം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ പകുതിയില്‍ ശാസ്ത്രത്തിന്റെ വംശീയ ഗവേഷണ പദ്ധതിയ്ക്ക് എത്രത്തോളം പ്രധാനപ്പെട്ടതായിരുന്നു എന്നാണ് ഈ രണ്ടു പഠന റിപ്പോര്‍ട്ടുകളും സൂചിപ്പിക്കുന്നത്. അക്കാലത്തെ ഏറ്റവും പ്രഗത്ഭരായ ശാസ്ത്രജ്ഞന്മാര്‍ നടത്തിയ ഈ പഠനങ്ങള്‍ വംശീയതയ്ക്കും സ്ത്രീ വിരുദ്ധതയ്ക്കും ശാസ്ത്രീയ പിന്‍ബലം പകര്‍ന്നു. സമൂഹത്തില്‍ അന്ന് നിലനിന്നിരുന്ന സാംസ്‌കാരിക-രാഷ്ട്രീയ ധാരണകള്‍ ഈ ഗവേഷകരുടെ പഠന പ്രോജക്ടുകളെയും ഡാറ്റയെയും നിരീക്ഷണങ്ങളെയും സിദ്ധാന്തങ്ങളെയും അവരറിയാതെ തന്നെ എത്ര ആഴത്തില്‍ സ്വാധീനിച്ചിരുന്നു എന്നാണിത് ചൂണ്ടിക്കാട്ടുന്നത്.

അവരുല്‍പാദിപ്പിച്ച ശാസ്ത്രീയ സത്യങ്ങള്‍ വംശത്തെ പ്രകൃതിദത്തമായ ഒന്നായി ഉറപ്പിച്ചു. അങ്ങനെ, അടങ്ങാത്ത ലൈംഗീക തൃഷ്ണയും ജന്തുസമാനമായ ക്രൗര്യവും ഉള്ളവരാണ് കറുത്ത സ്ത്രീകളെന്നും, ആഫ്രിക്കന്‍ വംശജര്‍ അപരിഷ്‌കൃതരാണെന്നുമുള്ള കൊളോണിയല്‍ മുന്‍വിധികള്‍ക്ക് ഈ ശാസ്ത്ര ഗവേഷണങ്ങള്‍ ആധികാരികത പകര്‍ന്നു. അവരെ ചൂഷണത്തിനും ഉന്മൂലനത്തിനും വിധേയമാക്കുകയെന്ന കൊളോണിയല്‍ പദ്ധതിയെ ശക്തമായി പിന്താങ്ങുക കൂടിയാണ് പത്തൊന്‍പതാം നൂറ്റാണ്ടിലെ സയന്‍സ് ചെയ്തത്.

കുവിയറും ബ്ലൈന്‍വിലും പ്രതിനിധീകരിച്ച വംശീയവാദപരമായ ശാസ്ത്രത്തില്‍ നിന്നുമുള്ള വഴിമാറി നടക്കലായിരുന്നു നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ പ്രാമാണ്യമാര്‍ജ്ജിച്ച, ചാള്‍സ് ഡാര്‍വിന്റെ (18091882) പരിണാമ സിദ്ധാന്തം എന്നതാണ് ഇവിടെ ഉയരാവുന്ന ഒരു വാദം. പക്ഷെ പരിണാമ സിദ്ധാന്തവും വംശീയവാദത്തെ വലിയ തോതില്‍ പിന്തുണയ്ക്കുകയാണ് ചെയ്തത് എന്നതിന് ഡാര്‍വിന്‍ തന്നെയാണ് തെളിവ്. അടിമവ്യപാരത്തിനെതിരായിരുന്നെങ്കിലും യൂറോപ്യന്‍ വംശമേന്മയില്‍ ഡാര്‍വിന്‍ ജീവിതാന്ത്യം വരെ വിശ്വസിച്ചിരുന്നു. “നീഗ്രോ”കളെയും ഓസ്ട്രലിയന്‍ ആദിമ ജനതയെയും ബബൂണുകളോടും ഗോറില്ലകളോടും ചേര്‍ന്ന് നില്‍ക്കുന്ന നീചവംശങ്ങളായിട്ടാണ് അദ്ദേഹവും പരിഗണിച്ചിരുന്നത്.*

 

വിചാരമാതൃകകള്‍ (paradigms) മറിഞ്ഞപ്പോഴും കൊളോണിയല്‍ ശാസ്ത്രത്തിന്റെ വംശീയ ഊന്നല്‍ തുടര്‍ന്നും സയന്‍സില്‍ ഒളിഞ്ഞും തെളിഞ്ഞും നിലനിന്നിരുന്നു എന്നാണല്ലോ ഇത് സൂചിപ്പിക്കുന്നത്. ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതിയില്‍ രൂപപ്പെട്ട വംശീയതാവിരുദ്ധ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിലാണ് പത്തൊമ്പതാം നൂറ്റാണ്ടിലെ ശാസ്ത്രീയ ഗവേഷണങ്ങളുടെ വംശീയവാദപരമായ ഉള്ളടക്കം ചര്‍ച്ചാ വിഷയമാകുന്നത്. ഇതേ തുടര്‍ന്ന്, ശാസ്ത്രസമൂഹവും വംശീയതയുടെ സയന്‍സിനെ തള്ളിപ്പറഞ്ഞു.

ഇന്ന് കമ്പാരറ്റീവ് അനാട്ടമി, ഫ്രിനോളജി (phrenology) തുടങ്ങിയ ശാസ്ത്ര ശാഖകളെ “കപട ശാസ്ത്ര”ങ്ങളായിട്ടാണ് നമ്മള്‍ കണക്കാക്കുന്നത്. എന്നാല്‍ പത്തൊമ്പതാം നൂറ്റാണ്ടിലെ സയന്‍സില്‍ ഈ ഗവേഷണ മേഖലകള്‍ക്ക് കേന്ദ്രസ്ഥാനം ഉണ്ടായിരുന്നു.

വംശീയതയുടെ സാംസ്‌കാരിക മുന്‍വിധികള്‍ ഇന്നും സയന്‍സിന്റെ ജ്ഞാനരൂപീകരണത്തെ സ്വാധീനിക്കുന്നുണ്ട് എന്ന് കാണാം.

* * * * * * * *

തന്റെ അനാട്ടമി പഠനങ്ങള്‍ക്ക് ശേഷം കുവിയര്‍ സാറയുടെ ലൈംഗികാവയവവും തലച്ചോറും, ചില്ലുഭരണിയിലാക്കി സൂക്ഷിച്ചു. അവളുടെ ഉടലിന്റെ അളവുകള്‍ പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ പകര്‍ത്തുകയും മെഴുക് പ്രതിമ ഉണ്ടാക്കുകയും ചെയ്തു. ശരീരം കോസ്റ്റിക് സോഡാ ലായനിയില്‍ ഇട്ട് ഉരുക്കി എല്ലുകള്‍ വേര്‍പെടുത്തിയെടുത്തു. തുടര്‍ന്ന് ഇവയെല്ലാം കുവിയര്‍ പ്രവര്‍ത്തിച്ചിരുന്ന പാരീസിലെ നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിച്ചു. 1976-ല്‍ സാറയുടെ ശരീരഭാഗങ്ങളുടെ പ്രദര്‍ശനം പ്രതിഷേധങ്ങളെ തുടര്‍ന്ന് പിന്‍വലിക്കുന്നതു വരെ ഈ പ്രദര്‍ശന വസ്തുക്കളുടെ വംശീയ ചരിത്രത്തെക്കുറിച്ച് മ്യൂസിയം അധികാരികള്‍ക്കോ കാഴ്ചക്കാര്‍ക്കോ ഒരു മനസ്സാക്ഷിക്കുത്തും തോന്നിയിരുന്നില്ല എന്നത് ഞെട്ടിപ്പിക്കുന്നതാണ്.

സാറ ബര്‍ട്മാന്റെ ശവസംസ്‌കാര ചടങ്ങുകള്‍

ഇതിനെ തുടര്‍ന്ന് പട്രീഷ്യ ഹില്‍ കോളിന്‍സിനെപ്പോലുള്ള (Patricia Hill Collins) ബ്ലാക്ക് ഫെമിനിസ്റ്റ് ചിന്തകര്‍ സാറ ബര്‍ട്മാന്റെ ജീവിതം തങ്ങളുടെ സാംസ്‌കാരിക വിമര്‍ശനത്തിന്റെ അടിത്തറയാക്കി മാറ്റി. ധാരാളം സാഹിത്യ-കലാവിഷ്‌കാരങ്ങള്‍ക്ക് അവളുടെ ജീവിതം പ്രചോദനമായി. 2010-ല്‍ ഇറങ്ങിയ “Black Venus” എന്ന ഫ്രഞ്ച് സിനിമ ഉദാഹരണം.

നെല്‍സണ്‍ മണ്ടേല 1994-ല്‍ ദക്ഷിണാഫ്രിക്കയുടെ പ്രസിഡണ്ടായപ്പോള്‍ സാറയുടെ ശരീരഭാഗങ്ങള്‍ വിട്ടുതരണമെന്ന് ഫ്രാന്‍സിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് നടന്ന നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 2002-ല്‍ ഫ്രാന്‍സ് അവ വിട്ടു കൊടുത്തു. ദേശീയ വനിതാദിനമായ ആഗസ്റ്റ് ഒമ്പതാം തീയതി ഔദ്യോഗിക ബഹുമതികളോടെ സാറ ബര്‍ട്മാന്റെ ശവസംസ്‌കാര ചടങ്ങുകള്‍ അവളുടെ മരണത്തിന് 187 വര്‍ഷങ്ങള്‍ക്കു ശേഷം ദക്ഷിണാഫ്രിക്കയില്‍ അവള്‍ ജനിച്ചു വളര്‍ന്ന ഗാന്തൂസ് നദിക്കരയില്‍ (Eastern Cape) നടന്നു.

സാറ ബര്‍ട്മാന്റെ ശവകുടീരം

അറിവിന്റെ രാഷ്ട്രീയ ധര്‍മ്മത്തെക്കുറിച്ച് ഉറക്കെ ചിന്തിക്കുന്നതിനും സാമൂഹിക നീതിയിലധിഷ്ഠിതമായ ജ്ഞാനരൂപങ്ങളെക്കുറിച്ചു സ്വപ്നം കാണുന്നതിനുമാണ് സാറ ബര്‍ട്ട്മാന്‍ നമ്മളെ ക്ഷണിക്കുന്നത്.

കുറിപ്പ്

*ഉദാഹരണത്തിന്, ഡാര്‍വിന്റെ “The Descent of Man” (1877) എന്ന ഗ്രന്ഥത്തിലെ പരാമര്‍ശം നോക്കുക;

“”At osme future period, not very distant as measured by centuries, the civilized races of man will almost certainly exterminate, and replace, the savage races throughout the world. At the same time the anthropomorphous apes … will no doubt be exterminated. The break between man and his nearest allies will then be wider, for it will intervene between man in a more civilized state, as we may hope, even than Caucasian, and osme ape as low as a baboon, instead of now between the negro or Australian and the gorilla.” (Penguin classics, second edition, 2004, pp. 183-184); Tim Lewens-³sd Darwin (2007, pp. 214-215) എന്ന പുസ്തകത്തില്‍ ഉദ്ധരിച്ചിട്ടുള്ളത്.

അവലംബം

Anne Fausto-Sterling. 2002 [1995]. “Gender, Race, Nation: The Comparative Anatomy of “Hottentot” Women in Europe, 1815-17″”. In Kimberly Wallace-Sanders (ed.). Skin Deep, Spirit Strong: The Black Female Body in American Culture. Ann Arbor: The University of Michigan Press, pp. 66-95.

Patricia Hill Collins. 1990. Black Feminist Thought: Knowledge, Consciounsess, and the Politics of Empowerment. New York: Routledge.

Stephen Jay Gould. 1981. The Mismeasure of Man. New York and London: W.W. Norton & Company.

Stephen Jay Gould.1985. “The Hottentot Venus”. In The Flamingo”s Smile: Reflections in Natural History, New York: Norton, pp. 291-305.

Tim Lewens. 2007. Darwin. London and New York: Routledge.

 

ഡോ. ഷിജു സാം വറുഗീസ്
ഗുജറാത്ത് കേന്ദ്രീയ സര്‍വ്വകലാശാലയിലെ സ്‌കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്റ് പ്രഫസറാണ് ലേഖകന്‍. ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി പ്രസ് 2017-ല്‍ പ്രസിദ്ധീകരിച്ച Contested Knowledge: Science, Media, and Democracy in Kerala എന്ന പുസ്തകത്തിന്റെ രചയിതാവുമാണ്.