അദ്ധ്വാനിക്കാന്‍ കൈയെന്തിനാ, മനസ്സ് പോരേ? ഗോവിന്ദന്‍കുട്ടി ചോദിക്കുന്നു
മുഹമ്മദ് ഫാസില്‍

ആലത്തൂര്‍: കാട്ടുശേരി നരിയംപമ്പില്‍ ഗോവിന്ദന്‍കുട്ടി വിറക് വെട്ടി ജീവിക്കുന്നത് ഇടത് കൈ കൊണ്ടാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പുണ്ടായ ട്രെയിന്‍ അപകടത്തില്‍ വലതുകൈ നഷ്ടമായ ഗോവിന്ദന്‍ കുട്ടി തനിച്ചാണ് താമസിക്കുന്നത്.

അപകടത്തിന് മുമ്പ് മരം കയറ്റം തൊഴിലായി കൊണ്ടു നടന്ന തന്റെ ജീവിതത്തെ ട്രെയ്ന്‍ അപകടം അവതാളത്തിലാക്കിയെന്ന് ഗോവിന്ദന്‍ കുട്ടി പറയുന്നു. 1996ല്‍ തിരുപ്പൂരിലുണ്ടായ ട്രെയിന്‍ അപകടത്തിലാണു വലതു കൈ നഷ്ടമായത്.

എന്നാല്‍ പരസഹായം ഇല്ലാതെ മുണ്ടു മുറുക്കിയുടുക്കാമെന്നായപ്പോള്‍ ഗോവിന്ദന്‍ കുട്ടി അധ്വാനിക്കാന്‍ തുടങ്ങി. ഇന്ന് ഒരു ദിവസം 500 കിലോയോളം വിറകു വെട്ടി തീര്‍ക്കാന്‍ ഗോവിന്ദന്‍ കുട്ടിക്ക് ഒരു കൈ മതി.

മൂന്നു സെന്റ് സ്ഥലത്ത് സര്‍ക്കാര്‍ സഹായത്തില്‍ നിന്നും ലഭിച്ച വീട്ടില്‍ തനിച്ചാണു താമസം. 1999 മുതല്‍ 2015 വരെ തുടര്‍ച്ചയായി ലോക ഭിന്നശേഷി ദിനത്തില്‍ നടത്തുന്ന ജില്ലാ കായിക മേളയില്‍ ഷോട്പുട്ടില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയിട്ടുണ്ട് ഇദ്ദേഹം. ജന്മനാ ഇടതു കൈക്കുള്ള സ്വാധീനക്കൂടുതല്‍ തനിക്ക് കാര്യങ്ങള്‍ എളുപ്പമാക്കിയെന്നദ്ദേഹം പറയുന്നു.

എന്നാല്‍ തന്റെ കായിക മികവ് തെളിയിച്ചിട്ടും സര്‍ക്കാര്‍ ജോലി അദ്ദേഹത്തിന് ലഭിച്ചില്ല. നിരവധി തവണ ഇന്റര്‍വ്യൂ ഘട്ടം വരെ എത്തിയെങ്കിലും തഴയപ്പെടുകയായിരുന്നെന്ന് അദ്ദേഹം പറയുന്നു. 55 വയസ്സു കഴിഞ്ഞ ഗോവിന്ദന്‍ കുട്ടിക്ക് ലഭിക്കാതെ പോയതിനെക്കുറിച്ചും നഷ്ടപ്പെട്ടതിനെക്കുറിച്ചും ആവലാതിയില്ല.

മുഹമ്മദ് ഫാസില്‍
ഡൂള്‍ന്യൂസ് സബ്എഡിറ്റര്‍, തമിഴ്‌നാട് കേന്ദ്ര സര്‍വകലാശാലയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.