വെസ്റ്റ് ഇന്‍ഡീസിന്റെ അയര്‍ലന്‍ഡ് പര്യടനത്തിലെ അവസാന ടി-20 വിജയിച്ച് പരമ്പര സ്വന്തമാക്കി സന്ദര്‍ശകര്‍. ബ്രെഡി ക്രിക്കറ്റ് ഗ്രൗണ്ടില്‍ നടന്ന മത്സരത്തില്‍ 62 റണ്‍സിന്റെ മികച്ച വിജയമാണ് വിന്‍ഡീസ് സ്വന്തമാക്കിയത്.
മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളും ഉപേക്ഷിക്കപ്പെട്ടതോടെ സീരീസ് ഡിസൈഡറായി മാറിയ മത്സരം വിജയിച്ചതോടെയാണ് വെസ്റ്റ് ഇന്‍ഡീസ് പരമ്പര സ്വന്തമാക്കിയത്. വിന്‍ഡീസ് ഉയര്‍ത്തിയ 257 റണ്‍സിന്റെ ടോട്ടല്‍ പിന്തുടര്‍ന്നിറങ്ങിയ അയര്‍ലന്‍ഡിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സ് മാത്രമാണ് സ്വന്തമാക്കാന്‍ സാധിച്ചത്.
44 പന്തില്‍ 91 റണ്‍സ് നേടിയ എവിന്‍ ലൂയീസ്, 24 പന്തില്‍ 51 റണ്‍സടിച്ച ക്യാപ്റ്റന്‍ ഷായ് ഹോപ്പ്, 22 പന്തില്‍ പുറത്താകാതെ 49 റണ്‍സ് കൂട്ടിച്ചേര്‍ത്ത കെയ്‌സി കാര്‍ട്ടി എന്നിവരുടെ കരുത്തിലാണ് വിന്‍ഡീസ് മികച്ച സ്‌കോറിലെത്തിയത്.
അയര്‍ലന്‍ഡിനായി മാത്യു ഹംഫ്രീസ് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ബെഞ്ചമിന്‍ വൈറ്റ്, മാര്‍ക് അഡയര്‍, ബാരി മക്കാര്‍ത്തി എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. പന്തെറിഞ്ഞവരില്‍ ലിയാം മക്കാര്‍ത്തിക്ക് മാത്രമാണ് വിക്കറ്റ് നേടാന്‍ സാധിക്കാതെ പോയത്.
വിക്കറ്റ് നേടാന്‍ സാധിക്കാത്തിനേക്കാള്‍ താരത്തെ നിരാശയിലേക്ക് തള്ളിയിടുന്ന മറ്റൊരു സംഭവത്തിന് പരമ്പരയിലെ മൂന്നാം മത്സരം സാക്ഷ്യം വഹിച്ചിരുന്നു. ഒരു അന്താരാഷ്ട്ര ടി-20യില്‍ ഏറ്റവും എക്‌സ്‌പെന്‍സീവായ രണ്ടാമത് സ്‌പെല്‍ എന്ന അനാവശ്യ നേട്ടമാണ് മക്കാര്‍ത്തിയുടെ പേരില്‍ കുറിക്കപ്പെട്ടത്. നാല് ഓവറില്‍ 81 റണ്‍സാണ് താരം വിട്ടുകൊടുത്തത്.
(താരം – ടീം – എതിരാളികള്‍ – വഴങ്ങിയ റണ്‍സ് – എക്കോണമി – വര്‍ഷം എന്നീ ക്രമത്തില്‍)
മൂസ ജോബാര്‍ട്ടെ – ഗാംബിയ – സിംബാബ്‌വേ – 93 – 23.25 – 2024
ലിയാം മക്കാര്‍ത്തി – അയര്‍ലന്‍ഡ് – വെസ്റ്റ് ഇന്‍ഡീസ് – 81 – 20.55 – 2025*
കാസുന്‍ രജിത – ശ്രീലങ്ക – ഓസ്‌ട്രേലിയ – 75 – 18.75 – 2019
ക്രിസ് സോണ്‍ – സ്‌കോട്‌ലാന്‍ഡ് – ന്യൂസിലാന്‍ഡ് – 72 – 18.00 – 2022
ടുനഹാന്‍ ടുറാന്‍ – ടര്‍ക്കി – ചെക് റിപ്പബ്ലിക് – 70 – 17.50 – 2019
മറുപടി ബാറ്റിങ്ങിനിറങ്ങിയ അയര്‍ലന്‍ഡിന് രണ്ടാം ഓവറില്‍ തന്നെ ക്യാപ്റ്റന്‍ പോള്‍ സ്‌റ്റെര്‍ലിങ്ങിനെ നഷ്ടപ്പെട്ടു. ആറ് പന്തില്‍ 13 റണ്‍സ് നേടിയാണ് താരം മടങ്ങിയത്.
റോസ് അഡയര്‍ (36 പന്തില്‍ 48), ഹാരി ടെക്ടര്‍ (25 പന്തില്‍ 38), മാര്‍ക് അഡയര്‍ (14 പന്തില്‍ പുറത്താകാതെ 31) എന്നിവരുടെ കരുത്തില്‍ പൊരുതിയെങ്കിലും ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി ടീം 194ല്‍ പോരാട്ടം അവസാനിപ്പിക്കുകയായിരുന്നു.
വിന്‍ഡീസിനായി അകീല്‍ ഹൊസൈന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ജേസണ്‍ ഹോള്‍ഡര്‍ രണ്ട് വിക്കറ്റുമായി മോശമല്ലാത്ത പ്രകടനം കാഴ്ചവെച്ചപ്പോള്‍ റൊമാരിയോ ഷെപ്പേര്‍ഡും റോസ്റ്റണ്‍ ചെയ്‌സും ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.
Content Highlight: Liam McCarthy now holds the second-worst bowling figures in T20I history