അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടം; അടിച്ചുകയറിയത് വമ്പന്‍ റെക്കോഡ് ലിസ്റ്റില്‍
Sports News
അരങ്ങേറ്റക്കാരന്റെ അഴിഞ്ഞാട്ടം; അടിച്ചുകയറിയത് വമ്പന്‍ റെക്കോഡ് ലിസ്റ്റില്‍
സ്പോര്‍ട്സ് ഡെസ്‌ക്
Monday, 30th June 2025, 1:46 pm

സൗത്ത് ആഫ്രിക്കയും സിംബാബ്‌വേയും തമ്മിലുള്ള രണ്ട് ടെസ്റ്റ് മത്സരകള്‍ അടങ്ങുന്ന പരമ്പരയിലെ ആദ്യ മത്സരം ക്വീന്‍സ് സ്പോര്‍ട്സ് ക്ലബ്ബില്‍ നടന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ മത്സരത്തിലെ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ രണ്ടാം ഇന്നിങ്സ് ബാറ്റിങ്ങിന് ഇറങ്ങിയ സൗത്ത് ആഫ്രിക്ക ഒരു വിക്കറ്റ് നഷ്ടത്തില്‍ 49 റണ്‍സാണ് നേടിയത്.

മത്സരത്തില്‍ ടോസ് നേടിയ സൗത്ത് ആഫ്രിക്ക ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ലുവാന്‍ ഡ്രെ പ്രെട്ടോറിയസിന്റെയും കോര്‍ബിന്‍ ബോഷിന്റെയും സെഞ്ച്വറി മികവില്‍ 418 റണ്‍സ് നേടിയ സൗത്ത് ആഫ്രിക്ക ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

പ്രെട്ടോറിയസ് 160 പന്തില്‍ 153 റണ്‍സും കോര്‍ബിന്‍ 124 പന്തില്‍ 100 റണ്‍സും നേടി മിന്നും പ്രകടനമായിരുന്നു കാഴ്ചവെച്ചത്. പ്രെട്ടോറിയസിനെ സംബന്ധിച്ചിടത്തോളം ഒരു സ്‌പെഷ്യല്‍ ഇന്നിങ്‌സായിരുന്നു ഇത്. താരത്തിന്റെ ടെസ്റ്റ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ പുറത്താകാതെ സെഞ്ച്വറി നേടാന്‍ സാധിച്ചു എന്ന നേട്ടമായിരുന്നു അത്.

മാത്രമല്ല ഇതോടെ ഒരു റെക്കേഡ് ലിസ്റ്റില്‍ എത്തിച്ചേരാനും താരത്തിന് സാധിച്ചിരിക്കുകയാണ്. ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ അഞ്ചാമത്തെ താരമാകാനാണ് 19കാരനായ പ്രെട്ടോറിയസിന് സാധിച്ചത്.

ടെസ്റ്റിലെ അരങ്ങേറ്റ മത്സരത്തില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം, വയസ്, വര്‍ഷം

മുഹമ്മദ് അഷ്‌റഫുള്‍ (ബംഗ്ലാദേശ്) – 17 വയസും 61 ദിവസവും – 2001

ഹാമില്‍ട്ടണ്‍ മസാകാഡ്‌സ (സിംബാബ്‌വേ) – 17 വയസും 352 ദിവസവും – 2001

സലീം മാലിക് (പാകിസ്ഥാന്‍) – 18 വയസും 323 ദിവസവും – 1982

പ്രിഥ്വി ഷാ (ഇന്ത്യ) – 18 വയസും 329 ദിവസവും – 2018

ലുവാന്‍ ഡ്രെ പ്രെട്ടോറിയസ് (സൗത്ത് ആഫ്രിക്ക) – 19 വയസും 93 ദിവസവും – 2025

അതേസമയം സിംബാബ്‌വേക്ക് വേണ്ടി ബൗളിങ്ങില്‍ തനാക്ക ചിവാംഗ നാല് വിക്കറ്റുകള്‍ വീഴ്ത്തി മികവ് പുലര്‍ത്തി. തുടര്‍ന്ന് ആദ്യ ഇന്നിങ്സില്‍ ബാറ്റിങ് ഇറങ്ങിയ സിംബാബ്വേ 251 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. സിംബാബ്‌വേക്ക് വേണ്ടി സെഞ്ച്വറി നേടി മിന്നും പ്രകടനം നടത്തിയത് ഷോണ്‍ വില്യംസാണ്. 164 പന്തില്‍ 137 റണ്‍സാണ് താരം നേടിയത്.

താരത്തിന്റെ വിക്കറ്റ് നേടിയത് പ്രോട്ടിയാസിന്റെ സൂപ്പര്‍ സ്പിന്നറും ക്യാപ്റ്റനുമായ കേശവ് മഹാരാജായിരുന്നു. കൈല്‍ വെരായെന്നിയുടെ കയ്യിലെത്തിച്ചാണ് വില്യംസിനെ കേശവ് മടക്കിയയച്ചത്. മാത്രമല്ല ഇന്നിങ്സില്‍ 16.4 ഓവറില്‍ നിന്ന് 70 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളാണ് താരം സ്വന്തമാക്കിയത്.

കേശവിന് പുറമെ പ്രോട്ടിയാസിന് വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് വിയാന്‍ മുള്‍ഡര്‍ കാഴ്ചവെച്ചത്. 16 ഓവറുകളില്‍ നിന്ന് 50 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകളാണ് താരം നേടിയത്. കോഡി യൂസഫ് 14 ഓവറില്‍ 42 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകളും സ്വന്തമാക്കി.

 

Content Highlight: Lhuan Dre Pretorius In Great Record Achievement In Debut Test Match