എസ്.എ20യില്‍ പാള്‍ റോയല്‍സിനായി സെഞ്ച്വറിയോളം പോന്ന അര്‍ധ സെഞ്ച്വറിയുമായി സൗത്ത് ആഫ്രിക്കന്‍ സൂപ്പര്‍ താരം ലുവാന്‍ ഡ്രെ പ്രിട്ടോറിയസ്. കഴിഞ്ഞ ദിവസം എം.ഐ കേപ്ടൗണിനെതിരെ പുറത്താകാതെ 98 റണ്‍സടിച്ചാണ് പ്രിട്ടോറിയസ് കരുത്ത് കാട്ടിയത്.
പാള്‍ റോയല്‍സ് ഒരു റണ്ണിന്റെ ത്രില്ലര്‍ വിജയം സ്വന്തമാക്കിയ മത്സരത്തില്‍ പ്രിട്ടോറിയസായിരുന്നു കളിയിലെ താരം.
പാളിലെ ബോളണ്ട് പാര്‍ക്കില്‍ നടന്ന മത്സരത്തില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഹോം ടീം പ്രിട്ടോറിയസിന്റെയും സഹ ഓപ്പണര്‍ അസ ട്രൈബിന്റെയും കരുത്തില്‍ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തുകയായിരുന്നു.
ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായാണ് ട്രൈബ് – പ്രിട്ടോറിയസ് ദ്വയം ഇന്നിങ്‌സിന് അടിത്തറയൊരുക്കിയത്. ടീം സ്‌കോര്‍ നൂറില്‍ നില്‍ക്കവെ 34 പന്തില്‍ 51 റണ്‍സ് നേടിയ അസ ട്രൈബിനെ പുറത്താക്കി റാഷിദ് ഖാന്‍ കൂട്ടുകെട്ട് പൊളിച്ചു.
പിന്നാലെയെത്തിയവരില്‍ ക്യാപ്റ്റന്‍ ഡേവിഡ് മില്ലറിനോ സൂപ്പര്‍ ഓള്‍ റൗണ്ടര്‍ സിക്കന്ദര്‍ റാസയ്‌ക്കോ തിളങ്ങാന്‍ സാധിക്കാതെ പോയപ്പോള്‍ പ്രിട്ടോറിയസ് വെടിക്കെട്ടുമായി റോയല്‍സ് സ്‌കോര്‍ ബോര്‍ഡിന്റെ ജീവന്‍ നഷ്ടപ്പെടാതെ കാത്തു.
65 പന്തില്‍ പുറത്താകാതെ 98 റണ്‍സാണ് പ്രിട്ടോറിയസ് നേടിയത്. പത്ത് ഫോറും രണ്ട് സിക്‌സറും അടക്കം 150.77 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. പ്രിട്ടോറിയസിന്റെ കരുത്തില്‍ നിശ്ചിത ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ പിങ്ക് പട 181റണ്‍സ് സ്വന്തമാക്കി.
182 റണ്‍സ് ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനറങ്ങിയ കേപ് ടൗണിന് 180 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. റാസി വാന്‍ ഡെര്‍ ഡസന്‍ (42 പന്തില്‍ 59), റിയാന്‍ റിക്കല്‍ടണ്‍ (20 പന്തില്‍ 36), ക്യാപ്റ്റന്‍ റാഷിദ് ഖാന്‍ (18 പന്തില്‍ 35) ജോര്‍ജ് ലിന്‍ഡെ (16 പന്തില്‍ പുറത്താകാതെ 20) എന്നിവര്‍ പൊരുതിയെങ്കിലും വിജയിക്കാന്‍ സാധിച്ചില്ല. ടീം 180 റണ്‍സിന് പോരാട്ടം അവസാനിപ്പിച്ചു.
ഈ പ്രകടനത്തിന് പിന്നാലെ സീസണിലെ റണ്‍ വേട്ടക്കാരുടെ പട്ടികയില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും പ്രിട്ടോറിയസിന് സാധിച്ചു. മൂന്ന് ഇന്നിങ്‌സില്‍ നിന്നും 55.00 ശരാശരിയില്‍ നേടിയത് 111 റണ്‍സ്.
പ്രിട്ടോറിയസിന്റെ മികച്ച പ്രകടനത്തില്‍ പാള്‍ റോയല്‍സ് ആരാധകര്‍ മാത്രമല്ല രാജസ്ഥാന്‍ റോയല്‍സ് ആരാധകരും ഏറെ ആവേശത്തിലാണ്. പുതിയ സീസണിലും രാജസ്ഥാന് വേണ്ടിയാണ് താരം കളത്തിലിറങ്ങുന്നത്. കഴിഞ്ഞ സീസണില്‍ നിതീഷ് റാണയ്ക്ക് പരിക്കേറ്റതോടെ പകരക്കാരനായി ടീമിലെത്തിയ താരത്തെ ഇത്തവണയും ഹല്ലാ ബോല്‍ ആര്‍മി ടീമിനൊപ്പം ചേര്‍ത്തുവെച്ചു.
എസ്.എ.20യില്‍ പ്രിട്ടോറിയസിന്റെ പ്രകടനം മാത്രമല്ല, ജോബെര്‍ഗ് സൂപ്പര്‍ കിങ്‌സ് താരം ഡോണോവന്‍ ഫെരേരയുടെ പ്രകടനവും ആരാധകരെ ആവേത്തിലാഴ്ത്തുന്നുണ്ട്. സൂപ്പര്‍ കിങ്‌സിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്ററായ താരം ബാറ്റിങ്ങില്‍ മികച്ച സ്‌കോര്‍ സ്വന്തമാക്കുക മാത്രമല്ല, പന്തെറിഞ്ഞ് വിക്കറ്റും സ്വന്തമാക്കുന്നു എന്നതാണ് ആവരെ ആവേശത്തിലാഴ്ത്തുന്നത്.
ഡര്‍ബനെതിരെ ഡോണോവന്‍ ഫെരേരയുടെ ബാറ്റിങ്: Photo: SA20/x.com
എസ്.എ-20യില്‍ ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്‌സിനെതിരെ നടന്ന രണ്ട് മത്സരത്തിലും ഫെരേര വിക്കറ്റ് വീഴ്ത്തിയിരുന്നു. ഇരു ടീമുകളും നേര്‍ക്കുനേര്‍ ഏറ്റുമുട്ടിയ രണ്ട് മത്സരത്തിലും വെടിക്കെട്ട് വീരന്‍ ഹെന്‌റിക് ക്ലാസനെയാണ് താരം പുറത്താക്കിയത്. ഇതിന് പുറമെ രണ്ടാം മത്സരത്തില്‍ രണ്ട് റണ്‍ ഔട്ടിനും താരം വഴിയൊരുക്കിയിരുന്നു.
Content Highlight: Lhuan dre Pretorius’ explosive batting performance in SA20