ടി.വി.കെ സര്‍ക്കാര്‍ രൂപീകരിക്കട്ടെ; ആറ് മാസത്തോളം ശല്യം ചെയ്യില്ല: ഉടനൊരു തെരഞ്ഞെടുപ്പിന് ഡി.എം.കെ ആഗ്രഹിക്കുന്നില്ല: സ്റ്റാലിന്‍
India
ടി.വി.കെ സര്‍ക്കാര്‍ രൂപീകരിക്കട്ടെ; ആറ് മാസത്തോളം ശല്യം ചെയ്യില്ല: ഉടനൊരു തെരഞ്ഞെടുപ്പിന് ഡി.എം.കെ ആഗ്രഹിക്കുന്നില്ല: സ്റ്റാലിന്‍
നിഷാന. വി.വി
Thursday, 7th May 2026, 8:52 am

ചെന്നൈ: ടി.വി.കെ മേധാവി വിജയ് സര്‍ക്കാര്‍ രൂപീകരിക്കട്ടെയെന്നും ആറ് മാസം വരെ തങ്ങള്‍ ശല്യപ്പെടുത്തില്ലെന്നും ഡി.എം.കെ മേധാവി എം.കെ സ്റ്റാലിന്‍.

ഒരു ഭരണഘടനാ പ്രതിസന്ധിയോ മറ്റൊരു തെരഞ്ഞെടുപ്പ് ഉടന്‍ ഉണ്ടാക്കാനോ തങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

‘ ആറ് മാസത്തോളം ശല്യപ്പെടുത്താതെ എല്ലാം നിരീക്ഷിക്കും. എന്റെ സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതികള്‍ തുടരണം. കുറഞ്ഞത് സ്‌കൂള്‍ കുട്ടികള്‍ക്കുള്ള സൗജന്യ ഉച്ചഭക്ഷണ പ്രഭാത ഭക്ഷണ പദ്ധതിയെങ്കലും തുടരണം,’ സ്റ്റാലിന്‍ പറഞ്ഞു.

സ്ത്രീകള്‍ക്ക് 25000 രൂപ കൊടുക്കുമെന്ന വിജയ്്‌യുടെ പ്രഖ്യാപനം നടപ്പിലാക്കാന്‍ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

2021 ലെ പ്രകടന പത്രികയില്‍ പാര്‍ട്ടി നല്‍കിയ എല്ലാ വാഗ്ദാനങ്ങളും തന്റെ പാര്‍ട്ടി നിറവേറ്റിയെന്നും കേന്ദ്രത്തിന്റെ നിയന്ത്രണം കാരണം നീറ്റ് നിര്‍ത്തലാക്കല്‍ പോലുള്ള ചിലത് പാലിക്കാന്‍ കഴിഞ്ഞില്ലെന്നും സ്റ്റാലിന്‍ പറഞ്ഞു.

‘ ഈ തെരഞ്ഞെടുപ്പിലും ഞങ്ങള്‍ക്ക് നടപ്പിലാക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ മാത്രമേ ഞങ്ങള്‍ വാഗ്ദാനം ചെയ്തിട്ടുളളു. ടി.വി.കെയ്ക്ക് അതിന്റെ വാഗാദാനങ്ങള്‍ നിറവേറ്റാന്‍ കഴിയുമെന്ന് ഞാന്‍ കരുതുന്നില്ല,’ അദ്ദേഹം വ്യക്തമാക്കി.

വിജയ്‌യെ തടയാന്‍ ഡി.എം.കെ, എ.ഐ.ഡി.എം.കെ സഖ്യം നീക്കമുള്ളതായുള്ള സൂചനകള്‍ക്കിടെയാണ് സ്റ്റാലിന്റെ പുതിയ പ്രതികരണം.

അതേസമയം സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി ടി.വി.കെ ഗവര്‍ണറെ സമീപിച്ചെങ്കിലും 118 എം.എല്‍.എമാരുടെ കത്തില്ലാതെ സര്‍ക്കാര്‍ രൂപീകരിക്കാനാവില്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. 108 സ്ഥാനാര്‍ത്ഥികളെ വിജയിപ്പിച്ച ടി.വി.കെയ്ക് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും കേവല ഭൂരിപക്ഷമാകില്ല. ഇതോടെ സി.പി.ഐ.എം, സി.പി.ഐ തുടങ്ങി മുഴുവന്‍ രാഷ്ട്രീയ പാര്‍ട്ടികളെയും വിജയ് സമീപിച്ചിരുന്നു.

എന്നാല്‍ ഡി.എം.കെ നയിക്കുന്ന മതനിരപേക്ഷ പുരോഗമന സഖ്യത്തില്‍ സി.പി.ഐ.എം തുടരുമെന്നാണ് പാര്‍ട്ടി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി പി. ഷണ്‍മുഖം അറിയിച്ചത്.

Content Highlight: Let TVK form the government; will not bother for six months: DMK does not want an immediate election: Stalin

നിഷാന. വി.വി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. വാദി ഹുദ കോളേജില്‍ നിന്നും ബി.എ ഇംഗ്ലീഷില്‍ ബിരുദം. കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും ജേണലിസത്തില്‍ പി.ജി ഡിപ്ലോമ.