അവരതിന് തയ്യാറാണ്, എന്നാല്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മോദിയും സര്‍ക്കാരും: കപില്‍ ദേവ്
Sports News
അവരതിന് തയ്യാറാണ്, എന്നാല്‍ ക്രിക്കറ്റിന്റെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മോദിയും സര്‍ക്കാരും: കപില്‍ ദേവ്
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 20th April 2022, 9:50 am

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള പരമ്പരയും മത്സരങ്ങളും നടത്തണമോ വേണ്ടയോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന് ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവ്. നേരത്തെ നടന്നുവന്നിരുന്ന ഇന്ത്യ-പാകിസ്ഥാന്‍ സീരീസുകള്‍ പുനരാരംഭിക്കണമെങ്കില്‍ സര്‍ക്കാര്‍ തീരുമാനിക്കണമെന്നും കപില്‍ പറഞ്ഞു.

2012-13ന് ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഒരു പരമ്പര പോലും കളിച്ചിട്ടില്ല. ഐ.സി.സിയുടെ ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇരുവരും നേര്‍ക്കുനേര്‍ ഏറ്റുമുട്ടാറുള്ളത്.

ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങളും സീരീസുകളും പുനരാരംഭിക്കാന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് (പി.സി.ബി) ചെയര്‍മാന്‍ റമീസ് രാജ പലതവണ മുന്‍കൈയെടുത്തതാണ്. എന്നാല്‍ ഇന്ത്യ പുലര്‍ത്തുന്ന നിസ്സംഗതയാണ് ഇതിന് വിലങ്ങുതടിയാവുന്നത്.

ഇന്ത്യ, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട് എന്നീ രാജ്യങ്ങളെ ഉള്‍പ്പെടുത്തി ഒരു ചതുര്‍രാഷ്ട്ര ടൂര്‍ണമെന്റും റമീസ് രാജ വിഭാവനം ചെയ്തിരുന്നു. എന്നാല്‍ ഇതിനോടും ഇന്ത്യ മുഖം തിരിക്കുകയായിരുന്നു.

ഈ സാഹചര്യത്തിലക്കൂടിയാണ് കപിലിന്റെ പ്രസ്താവന ചര്‍ച്ചയാവുന്നത്.

ഗാന്ധിനഗറില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയായിരുന്നു താരം ഇക്കാര്യം പറഞ്ഞത്.

‘ഇന്ത്യ – പാകിസ്ഥാന്‍ മത്സരം കളിക്കുന്നതിന് താരങ്ങള്‍ എപ്പോഴും തയ്യാറാണ്. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരാണ്.

അവര്‍ക്കുമാത്രമാണ് അക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സാധിക്കുക. ആ തീരുമാനമെന്തായാലും ഞങ്ങള്‍ അതിനൊപ്പം നില്‍ക്കും,’ കപില്‍ ദേവ് പറഞ്ഞു.

ഈ വര്‍ഷം നടക്കാനിരിക്കുന്ന ഐ.സി.സി ടി-20 ലോകകപ്പിലാവും ഇന്ത്യയും പാകിസ്ഥാനും ഇനി ഏറ്റുമുട്ടുക. ഒക്ടോബര്‍ 23ന് മെല്‍ബണില്‍ വെച്ച് നടക്കുന്ന ഗ്രൂപ്പ് സ്റ്റേജ് മത്സരത്തിലാണ് ഇന്ത്യ പാകിസ്ഥാനെ നേരിടുക.

Content Highlight:  Let the Indian government decide – Kapil Dev on resumption of India-Pakistan bilateral series