മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ലിയോണ ലിഷോയ്. നടന്‍ ലിഷോയുടെ മകള്‍ കൂടിയായ ലിയോണ കലികാലം എന്ന സിനിമയിലൂടെയാണ് തന്റെ കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് നിരവധി സിനിമകളില്‍ അഭിനയിച്ചെങ്കിലും മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ആന്‍ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്.
പിന്നീട് ജനഗണമന, മായാനദി എന്നീ സിനിമകളില്‍ ശ്രദ്ധേയമായ വേഷം ചെയ്തു. നാടകങ്ങളിലും സജീവമായ താരത്തിന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം വലതു വശത്തെ കള്ളനാണ്. ഇതുവരെയുള്ള ഒരു സിനിമാ യാത്രയെ കുറിച്ച് മനസ് തുറക്കുകയാണ് ഇപ്പോള്‍ ലിയോണ.
തനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ അതിയായ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ലെന്നും എന്നാല്‍ അച്ഛന്റെ പിന്‍ബലത്തിലാണ് താന്‍ സിനിമയില്‍ വന്നിരുന്നതെന്നും നടി പറയുന്നു.
‘സിനിമയില്‍ വന്നത് 2012ല്‍ ആണ്. പക്ഷേ, കുറെ നാളുകള്‍ക്ക് ശേഷമാണ് ഈ ഫീല്‍ഡ് ഞാന്‍ ഇഷ്ടപ്പെട്ട് തുടങ്ങിയതും ഇനി ഇതു മതി എന്ന് തീരുമാനിക്കുന്നതും. ബാംഗ്ലൂര്‍ ക്രൈസ്റ്റ് കോളജില്‍ ബികോമിന് പഠിക്കുന്ന സമയത്താണ് അഭിനയിക്കാന്‍ അവസരങ്ങള്‍ വന്നത്. നടന്‍ ലിഷോയിയുടെ മോളാണെന്ന് എന്ന ഒറ്റ കാരണത്തില്‍ കിട്ടിയതാണ്. എനിക്ക് ആഗ്രഹമില്ല എന്നായിരുന്നു അച്ഛനോട് ആദ്യം പറഞ്ഞത്.
ഒന്ന് ശ്രമിച്ചു നോക്കൂ എന്ന് അച്ഛന്‍ പറഞ്ഞു. ആദ്യം കുറച്ച് പരസ്യചിത്രങ്ങളാണ് കിട്ടിയത്. പിന്നീട്, സിനിമ ചെയ്തു തുടങ്ങി. ‘പട്ടാളം’ സിനിമയുടെ തിരക്കഥാകൃത്ത് ആയിരുന്ന റെജി നായര്‍ സംവിധാനം ചെയ്ത ആദ്യ സിനിമയായിരുന്നു’കലികാലം, ലിയോണ പറയുന്നു.
റെജി അച്ഛന്റെ സുഹൃത്താണെന്നും ആ സിനിമയില്‍ ശാരദാമ്മയുടെ മോളായിട്ട് അഭിനയിക്കാന്‍ അതേ ഛായയുള്ള ആളെ വേണമെന്ന് പറഞ്ഞപ്പോള്‍ തന്നെ തെരഞ്ഞെടുക്കുകയായിരുന്നുവെന്നും ലിയോണ പറയുന്നു.
അഭിനയത്തെക്കുറിച്ച് തനിക്ക് വലിയ അറിവൊന്നും ഉണ്ടായിരുന്നില്ലെന്നും അന്ന് തന്നെ ഏറ്റവും കംഫര്‍ട്ടബിള്‍ ആക്കിയത് സിനിമറ്റോഗ്രഫര്‍ മധു അമ്പാട്ടാണന്നെും നടി കൂട്ടിച്ചേര്‍ത്തു. സിനിമയാണ് തന്റെ വഴി, ഇവിടെത്തന്നെ തുടരണം എന്ന ആഗ്രഹം തോന്നിത്തുടങ്ങിയത് ‘ആന്‍മരിയ കലിപ്പിലാണ്’ സിനിമ ചെയ്യുന്ന സമയത്താണെന്നും ലിയോണ പറഞ്ഞു.
അതേസമയം ലിയോണയുടേതായി ഒടുവില്‍ വന്ന വലതുവശത്തെ കളളന്‍ കഴിഞ്ഞ മാസമാണ് തിയേറ്ററുകളിലെത്തിയത്. ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ജോജു ജോര്‍ജ്, ബിജു മേനോന്‍ എന്നിവര്‍ പ്രധാനവേഷങ്ങളിലെത്തിയ ചിത്രം തിയേറ്ററില്‍ പരാജയമായിരുന്നു.
Content Highlight: Leona Lishoy says she got the opportunity because she was the daughter of actor Lishoy