എന്നെങ്കിലും കെട്ടാൻ തോന്നിയാൽ കെട്ടും, കല്യാണം കഴിച്ചില്ലെങ്കിലും ഞാൻ ഒകെയാണ്’; ലിയോണ ലിഷോയ്
Malayalam Cinema
എന്നെങ്കിലും കെട്ടാൻ തോന്നിയാൽ കെട്ടും, കല്യാണം കഴിച്ചില്ലെങ്കിലും ഞാൻ ഒകെയാണ്’; ലിയോണ ലിഷോയ്
അജ്മല്‍ കെ
Wednesday, 26th August 2026, 7:00 pm

വിവാഹം എന്നത് മറ്റൊരാൾ തന്നെ നോക്കുന്നതിനോ സമൂഹത്തെ തൃപ്തിപ്പെടുത്തുന്നതിനോ വേണ്ടിയുള്ള തീരുമാനമല്ലെന്ന് നടി ലിയോണ ലിഷോയ്. പരസ്പരം ബഹുമാനിക്കുകയും ഉത്തരവാദിത്വത്തോടെ പെരുമാറുകയും ചെയ്യുന്ന ഒരാളെയാണ് ജീവിതപങ്കാളിയായി ആഗ്രഹിക്കുന്നതെന്നും, ഇരുവർക്കും ഒരുമിച്ച് വളരാൻ കഴിയുന്നതായിരിക്കണം ബന്ധമെന്നും ലിയോണ പറഞ്ഞു. വിവാഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടുകളും ഓണ വിശേഷങ്ങളും പങ്കുവെക്കുകയായിരുന്നു താരം. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ പ്രതികരണം.

അക്കൗണ്ടബിലിറ്റിയും റെസ്പോൺസിബിലിറ്റിയും ഇല്ലാത്ത ഒരാളുമായി മുന്നോട്ട് പോകുന്നത് തനിക്ക് വളരെ ബുദ്ധിമുട്ടാണെന്ന് ലിയോണ വ്യക്തമാക്കി. സ്ത്രീകളെ ബഹുമാനിക്കാത്ത പുരുഷന്മാരെ തന്റെ ചുറ്റുപാടിൽ പോലും അനുവദിക്കാറില്ലെന്നും താരം പറഞ്ഞു.

നിഖില വിമൽ.ലിയോണ ലിഷോയ്. Photo: Screengrab/ Manorama News/ Youtube.com

‘ഞാൻ വളരെ ഹൈപ്പർ ഇൻഡിപെൻഡന്റാണ്. എന്റെ കാര്യങ്ങളെല്ലാം എനിക്ക് നോക്കാൻ അറിയാം. അപ്പോൾ എന്നെ നോക്കാൻ വേണ്ടി എനിക്ക് ഒരാളെ ആവശ്യമില്ല. അതിനപ്പുറത്തേക്ക് നമുക്ക് എങ്ങനെ ഒരുമിച്ച് വളരാം, എങ്ങനെയാണ് പരസ്പരം കോംപ്ലിമെന്റ് ചെയ്ത് നമ്മുടെ ജീവിതം കുറച്ചുകൂടി മികച്ചതാക്കാം എന്നതാണ് ഞാൻ വിവാഹത്തെക്കുറിച്ച് ചിന്തിക്കുന്നത്,’ ലിയോണ പറഞ്ഞു.

നാട്ടുകാരെ കാണിക്കാനോ വീട്ടുകാർക്ക് ടെൻഷനാകുന്നു എന്നതുകൊണ്ടോ വിവാഹം കഴിക്കില്ലെന്നും ലിയോണ വ്യക്തമാക്കി. ജീവിതത്തിലെ പ്രധാന തീരുമാനങ്ങൾ മറ്റുള്ളവരുടെ സമ്മർദത്തിന് വഴങ്ങി എടുക്കുന്ന ആളല്ല താനെന്നും താരം പറഞ്ഞു.

ഒരു ഘട്ടത്തിൽ മാതാപിതാക്കൾക്കും തന്റെ വിവാഹത്തെക്കുറിച്ച് ആശങ്കയുണ്ടായിരുന്നുവെന്നും ലിയോണ പറഞ്ഞു. ഏകദേശം 25 വയസ്സുള്ളപ്പോൾ അമ്മ വിവാഹത്തിനായി മാട്രിമോണിയൽ സൈറ്റിൽ പ്രൊഫൈൽ ഇട്ടിരുന്നുവെന്നും പിന്നീട് അത് ഒഴിവാക്കേണ്ടി വന്നെന്നും താരം ഓർത്തെടുത്തു. എന്നാൽ ഇപ്പോൾ മാതാപിതാക്കൾ തന്റെ തീരുമാനത്തെ പൂർണമായി അംഗീകരിക്കുന്നുണ്ടെന്നും ലിയോണ വ്യക്തമാക്കി.

തന്റെ എല്ലാ റിലേഷൻഷിപ്പുകളെക്കുറിച്ചും മാതാപിതാക്കൾക്ക് അറിയാമെന്നും, വിവാഹത്തിന്റെ കാര്യത്തിൽ തന്റെ സന്തോഷത്തിനാണ് അവർ പ്രാധാന്യം നൽകുന്നതെന്നും ലിയോണ പറഞ്ഞു. വിവാഹം ഉറപ്പിച്ച ശേഷവും അവസാന നിമിഷത്തിൽ എന്തെങ്കിലും സംശയമോ പ്രശ്നമോ തോന്നിയാൽ വിവാഹത്തിൽ നിന്ന് പിന്മാറാൻ മടിക്കേണ്ടതില്ലെന്ന് അമ്മ തന്നെ പറഞ്ഞിട്ടുണ്ടെന്നും താരം വ്യക്തമാക്കി.

‘കല്യാണം ഉറപ്പിച്ചാലും കല്യാണത്തിന്റെ തലേദിവസം നിനക്ക് എന്തെങ്കിലും ഡൗട്ടോ പ്രശ്നമോ തോന്നിയാൽ മുടക്കിക്കോണം. എന്നെക്കുറിച്ചോ അച്ഛനെക്കുറിച്ചോ നാട്ടുകാരെക്കുറിച്ചോ നമ്മൾ മുടക്കിയ പൈസയെക്കുറിച്ചോ ഒന്നും പേടിക്കണ്ട. എല്ലാം പോയിക്കോട്ടെ, നിന്റെ സന്തോഷം മതി എന്നാണ് അമ്മ പറഞ്ഞത്,’ ലിയോണ പറഞ്ഞു.

ലിയോണ ലിഷോയ്. Photo: Facebook.com

അച്ഛനും വിവാഹത്തിന്റെ കാര്യത്തിൽ തന്റെ തീരുമാനമാണ് പ്രധാനമെന്ന് പറഞ്ഞിട്ടുണ്ടെന്നും ലിയോണ വ്യക്തമാക്കി. മാതാപിതാക്കളുടെ ഈ പിന്തുണ തനിക്ക് വലിയ കാര്യമാണ്. അതുകൊണ്ടുതന്നെ വിവാഹത്തിന്റെ പേരിൽ ഇപ്പോൾ വലിയ സമ്മർദമൊന്നും അനുഭവിക്കുന്നില്ലെന്നും, വിവാഹം കഴിക്കണമെന്ന് തോന്നുന്ന സമയത്ത് കഴിക്കുമെന്നും അല്ലെങ്കിൽ അതില്ലെങ്കിലും താൻ സന്തോഷവതിയായിരിക്കുമെന്നും താരം പറഞ്ഞു.

പെൺകുട്ടികൾക്ക് സ്വന്തം അഭിപ്രായങ്ങളും തീരുമാനങ്ങളുമുണ്ടാകുന്നത് തടയുന്ന സമൂഹത്തിന്റെ സമീപനത്തെയും ലിയോണ ചോദ്യം ചെയ്തു. പെൺകുട്ടികൾക്ക് ബുദ്ധിയുറയ്ക്കുന്നതിന് മുൻപ് വിവാഹം കഴിപ്പിക്കണമെന്ന പൊതുചിന്താഗതിയോട് യോജിക്കാനാകില്ലെന്നും അവർ വ്യക്തമാക്കി.

‘ജീവിതത്തിൽ ഒരു അഭിപ്രായം എടുക്കാൻ പോലും പറ്റുന്നില്ല എന്ന് വെച്ചാൽ അത് ഭയങ്കര അൺഫെയർ അല്ലേ. ഒരു പെൺകുട്ടിക്ക് സ്വന്തം അഭിപ്രായം ഉണ്ടാകുന്നതും സ്വന്തം ജീവിതത്തെക്കുറിച്ച് തീരുമാനമെടുക്കുന്നതും സ്വാഭാവികമാണ്,’ ലിയോണ പറഞ്ഞു.

Content Highlight: Leona Lishoy opens up about her views on marriage

അജ്മല്‍ കെ
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയിനി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനിലും, ചരിത്രത്തിലും ബിരുദാനന്തര ബിരുദം.