മലയാളികള്ക്ക് സുപരിചിതയായ നടിയാണ് ലെന. ജയരാജ് സംവിധാനം ചെയ്ത സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് നടി സിനിമയില് തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് മികച്ച സംവിധായകരുടെ സിനിമയില് ഭാഗമാകാന് ലെനക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോള്രണ്ടാം ഭാവം സിനിമയില് താന് ഡബ്ബ് ചെയ്ത അനുഭവം പങ്കുവെക്കുകയാണ് ലെന. സമകാലിക മലയാളത്തോട് സംസാരിക്കുകയായിരുന്നു നടി.
‘ഞാന് ഡബ്ബ് ചെയ്തത് രണ്ടാം ഭാവത്തിലാണ്. ആ പടം തൃശൂര് രാഗം തിയേറ്ററില് കാണാന് പോയപ്പോള് എന്റെ ശബ്ദം കേട്ട് ഒരു കൂട്ടം ചെറുപ്പക്കാര് കൂവി. ആ സമയം ഞാന് പ്ലസ് ടൂ പാസായിട്ടേ ഉണ്ടായിരുന്നുള്ളു. അതൊരു ക്രൈസിസ് മൊമന്റായിരുന്നു. എന്റെ മലയാളത്തില് ഞാന് അപ്പോള് അത്ര കോണ്ഫിഡന്റ് അല്ലായിരുന്നു. ലാല് ജോസ് സാറിന്റെ അടുത്ത് പറഞ്ഞിരുന്നു ഞാന് ഡബ്ബ് ചെയ്യുന്നില്ല. ശരിയാകില്ല എന്ന്. എന്റേതൊരു സ്വീറ്റ് വോയിസല്ല. അന്നൊക്കെ നല്ല മധുരമുള്ള ശബ്ദമാണ് നായികമാര്ക്ക് ഉണ്ടായിരുന്നത്.
എന്റേത് പാറപുറത്ത് ചിരട്ട ഉരക്കുന്ന ശബ്ദമാണെന്ന് പലരും പറഞ്ഞിട്ടുണ്ട്. അന്ന് സിനിമക്ക് ഞാന് ഡബ്ബ് ചെയ്യുന്നില്ലെന്ന് പറഞ്ഞപ്പോള്, ലാല് ജോസ് സാര് എന്നോട്, നീ തന്നെ ഡബ്ബ് ചെയ്താല് മതിയെന്ന് പറഞ്ഞു. നിന്റെ ശബ്ദം നല്ലതാണ് എന്ന് പറഞ്ഞു. അന്ന് ഡബ്ബ് ചെയ്യണമെങ്കില് മദ്രാസിലേക്ക് പോകണം. വലിയൊരു പ്രോസസാണ് അന്ന് ഡബ്ബിങ്ങ് എന്ന് പറയുന്നത്. ഫിലിമിന്റെ കാലഘട്ടമാണ്. എല്ലാം കഴിഞ്ഞ് ഇത്രയും കഷ്ടപ്പെട്ട് തിയേറ്ററില് ആദ്യത്തെ ഷോ കാണാന് പോയി. ഞാന് സ്‌ക്രീനില് വന്ന് വായ തുറന്നതും എല്ലാരും കൂവി,’ ലെന പറയുന്നു.
രണ്ടാം ഭാവം:
ലാല് ജോസിന്റെ സംവിധാനത്തില് സുരേഷ് ഗോപി, ലെന, ബിജു മേനോന്, തിലകന്, പൂര്ണ്ണിമ എന്നിവര് പ്രധാനവേഷങ്ങളില് അഭിനയിച്ച് 2001-ല് പുറത്തിറങ്ങിയ ചിത്രമാണ് രണ്ടാം ഭാവം. സിനിമയില് സുരേഷ് ഗോപി ഇരട്ട വേഷത്തിലാണ് അഭിനയിച്ചത്. വിദ്യാസാഗറാണ് ചിത്രത്തിന്റെ സംഗീതം നിര്വഹിച്ചിരുന്നത്.
Content Highlight: Lena shares her experience dubbing for the movie Randam Bhaavam