രാഹുൽ ഗാന്ധിയുടെ സി.ജെ.പി പ്രയോഗം; പ്രതിപക്ഷ യോഗത്തിൽ പ്രതിഷേധിച്ച് ഇടത് എം.പി മാർ
India
രാഹുൽ ഗാന്ധിയുടെ സി.ജെ.പി പ്രയോഗം; പ്രതിപക്ഷ യോഗത്തിൽ പ്രതിഷേധിച്ച് ഇടത് എം.പി മാർ
മുഹമ്മദ് നബീല്‍
Tuesday, 10th March 2026, 8:34 am

ന്യൂദൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ സി.പി.ഐ.എം ന് എതിരായുള്ള സി.ജെ.പി ( കമ്യൂണിസ്റ് ജനതാ പാർട്ടി ) പ്രയോഗത്തിൽ പ്രതിഷേധിച്ച് ഇടത് എം.പി മാർ.

സി.പി.ഐ.എം എം.പി ജോൺ ബ്രിട്ടാസ് സി.പി.ഐ എം.പി സന്തോഷ് കുമാർ എന്നിവരാണ് ഇന്ത്യ മുന്നണി യോഗത്തിൽ രാഹുലിനെ വിമർശിച്ചത്. ഇന്ത്യ മുന്നണി എന്ന കുടക്കീഴിൽ രാഷ്ട്രീയ പാർട്ടികളെ ബന്ധിപ്പിക്കുന്നത് അവരുടെ ബി.ജെ.പി വിരുദ്ധ നിലപാടാണെന്നും ഇടത് പാർട്ടികൾ മുന്നണിയുടെ പ്രധാന അംഗങ്ങൾ ആണെന്നും എം.പി മാർ പ്രതികരിച്ചു.

ഇടത് പാർട്ടികൾക്ക് എതിരായുള്ള ആക്രമണം ഇന്ത്യ മുന്നണിയുടെ ഐക്യത്തെ പ്രതികൂലമായി ബാധിക്കുമെന്നും പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ഇടത് എം.പി മാർ പറഞ്ഞു.

തെരഞ്ഞെടുപ്പടുത്തിരിക്കുന്ന കേരളം സന്ദർശിച്ച രാഹുൽ ഗാന്ധി സർക്കാരിനെ വിമർശിക്കുന്നതിന് വേണ്ടിയായിരുന്നു ഈ പരാമർശം
നടത്തിയത്.

പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിൽ ചില രാഷ്ട്രീയ കാര്യങ്ങൾ ചർച്ചചെയ്യാൻ ഇടത് പാർട്ടി അംഗങ്ങൾ അനുവാദം ചോദിച്ചെങ്കിലും ഇത്തരം ചർച്ചകൾ പാർട്ടികൾ ഒറ്റക്ക് ഒറ്റക്ക് നടത്തേണ്ടതാണെന്നും മുന്നണി യോഗത്തിലല്ല ചർച്ച ചെയ്യേണ്ടതെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പറഞ്ഞു.

കഴിഞ്ഞ ആഴ്ച കേരളം സന്ദർശിച്ച വേളയിലായിരുന്നു രാഹുൽ ഗാന്ധി എൽ.ഡി.എഫ് സർക്കാരിനെയും ഇടത് പാർട്ടികളെയും വിമർശിച്ചത്.

കേന്ദ്രത്തിൽ സഖ്യമായി മത്സരിക്കുന്നുണ്ടെങ്കിലും, കേരളത്തിൽ പരസ്പരം കൊമ്പുകോർക്കുന്ന കോൺഗ്രസും, ഇടത് പാർട്ടികളും പരസ്പരം വലിയ ആരോപണങ്ങളാണ് ഉന്നയിക്കുന്നത്.

മല്ലികാർജുൻ ഖാർഗെയുടെ ഓഫീസിൽ നടന്ന പ്രതിപക്ഷ പാർട്ടികളുടെ പാർലമെന്ററി തന്ത്ര യോഗത്തിലാണ് ചർച്ച നടന്നത്. രാഹുൽ ഗാന്ധി, സഞ്ജയ് റൗട്ട് (ശിവസേന), കെ.സി. വേണുഗോപാൽ (കോൺഗ്രസ്), ശതാബ്ദി റോയ് (ടി.എം.സി), ദയാനിധി മാരൻ (ഡി.എം.കെ), രാംഗോപാൽ യാദവ് (എസ്.പി) എന്നിവരുൾപ്പെടെയുള്ളവർ യോഗത്തിൽ പങ്കെടുത്തു.

Content Highlight: Left Party MPs raises Rahul Gandhi’s comment in INDIA meet 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം