എവര്‍ട്ടണെ തകര്‍ത്ത് മുന്നേറ്റം; തിരിച്ച് വരവ് ഗംഭീരമാക്കി ലീഡ്‌സ്
Football
എവര്‍ട്ടണെ തകര്‍ത്ത് മുന്നേറ്റം; തിരിച്ച് വരവ് ഗംഭീരമാക്കി ലീഡ്‌സ്
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 19th August 2025, 7:26 am

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്കുള്ള തിരിച്ച് വരവ് ഗംഭീരമാക്കി ലീഡ്‌സ് യുണൈറ്റഡ്. രണ്ട് വര്‍ഷത്തിന് ശേഷം വീണ്ടും ടൂര്‍ണമെന്റില്‍ പന്ത് തട്ടിയ ടീമിന് ആദ്യ മത്സരത്തില്‍ തന്നെ വിജയ മധുരം നുണയാനായി. ഇംഗ്ലീഷ് വമ്പന്മാരായ എവര്‍ട്ടണിനെ എതിരില്ലാത്ത ഒറ്റ ഗോളിന് തകര്‍ത്താണ് പുതിയ സീസണ്‍ ക്ലബ്ബ് പോയിന്റ് സ്വന്തമാക്കിയത്.

മത്സരത്തില്‍ 4- 3 – 3 എന്ന ഫോര്‍മേഷനിലാണ് ദി വൈറ്റ്സ് എവര്‍ട്ടണിനെ നേരിടാന്‍ കളത്തിലിറങ്ങിയത്. അതേസമയം, എവര്‍ട്ടണ്‍ 4 – 2 -3-1 എന്ന ഫോര്‍മേഷനിലാണ് ടീമിനെ ഒരുക്കിയത്.

ആദ്യ വിസില്‍ മുഴങ്ങിയത് മുതല്‍ ഇരുകൂട്ടരും വിജയമെന്ന ഒറ്റ ലക്ഷ്യത്തോടെ പന്തുമായി മുന്നേറി. ആദ്യ പകുതി ഇരുവരും തമ്മിലുള്ള കടുത്ത പോരാട്ടത്തിനാണ് സാക്ഷിയായത്. എന്നാല്‍, ടൂര്‍ണമെന്റില്‍ കളിച്ച് ശീലിച്ച എവര്‍ട്ടണ്‍ തന്നെ ഒരു പടി മുന്നില്‍ നിന്നു. വീറും വാശിയും ആവോളമുണ്ടായിരുന്നെങ്കിലും ഗോള്‍ മാത്രം പിറന്നില്ല. അങ്ങനെ ഒന്നാം പകുതി സമനിലയില്‍ അവസാനിച്ചു.

ലീഡ്സിന്റെ ഒരു മുന്നേറ്റത്തോടെയാണ് രണ്ടാം പകുതിക്ക് തുടക്കമായത്. മത്സരം അവസാന ഹാഫിലേക്ക് കടന്നതോടെ ഇരു ടീമുകളും കൂടുതല്‍ ഉണര്‍വോടെ ആക്രമണങ്ങള്‍ ആരംഭിച്ചു. എവര്‍ട്ടണും ലീഡ്സും പുതിയ താരങ്ങളെ കൂടി കൊണ്ടുവന്നതോടെ മത്സരം ഒന്നുകൂടി ആവേശഭരിതമായി.

അതിന്റെ മാറ്റ് കൂട്ടി മത്സരത്തിലെ ആദ്യ ഗോളുമെത്തി. ലീഡ്സിനായി ലൂക്കാസ് എമെക്കയായിരുന്നു വല കുലുക്കിയത്. മുന്നേറ്റവുമായി കുതിച്ച എമെക്കയുടെ ഷോട്ട് ജെയിംസ് ടാക്കോഫ്‌സ്‌ക്കിയുടെ കയ്യിൽ തട്ടിയതിന് കിട്ടിയ പെനാൽറ്റി താരം പോസ്റ്റിലെത്തിക്കുകയായിരുന്നു.

കളി തീരാന്‍ വളരെ കുറച്ച് സമയം മാത്രം ബാക്കി നില്‍ക്കെ 84ാം മിനിട്ടിലാണ് എവര്‍ട്ടണിന്റെ നെഞ്ച് തുളച്ച് ഗോള്‍ പിറന്നത്. ശേഷിക്കുന്ന സമയങ്ങളില്‍ ദി ബ്ല്യൂസ് തിരിച്ചടിക്കാന്‍ ശ്രമിച്ചെങ്കിലും ലക്ഷ്യം കാണാന്‍ സാധിച്ചില്ല. വൈകാതെ, ലീഡ്സിന് വിജയ മധുരം സമ്മാനിച്ച് ഫൈനല്‍ വിസില്‍ മുഴങ്ങി.

Content Highlight: Leeds United defeated Everton in English Premier League