ഇസ്രഈലുമായി ഒരു സംഭാഷണവും നടന്നിട്ടില്ല; ട്രംപിന്റെ വാദം തള്ളി ലെബനൻ
World
ഇസ്രഈലുമായി ഒരു സംഭാഷണവും നടന്നിട്ടില്ല; ട്രംപിന്റെ വാദം തള്ളി ലെബനൻ
മുഹമ്മദ് നബീല്‍
Thursday, 16th April 2026, 3:53 pm

ബെയ്‌റൂട്ട്: ഇസ്രഈലും ലെബനൻ പ്രസിഡന്റ് ജോസഫ് ഔന് തമ്മിൽ ഫോൺ സംഭാഷണം നടക്കുമെന്ന വാർത്ത നിഷേധിച്ച് ലെബനൻ അധികൃതർ.

അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഇത്തരം ചർച്ചകൾ നടന്നേക്കുമെന്ന് അവകാശപെട്ടതിന് പിന്നാലെയാണ് ലെബനൻ ഇക്കാര്യം വ്യക്തമാക്കിയത്.

ലെബനൻ പ്രസിഡന്റും ഇസ്രഈലും തമ്മിൽ ഫോൺ സംഭാഷണം നടക്കാൻ സാധ്യതയുണ്ടെന്നതിനെക്കുറിച്ച് നിലവിൽ വിവരമൊന്നുമില്ലന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞതായി അന്താരാഷ്ട്ര ന്യൂസ് ഏജൻസിയായ അനഡോലു റിപ്പോർട്ട് ചെയ്യുന്നു.

‘ഇസ്രഈലും ലെബനനും തമ്മിലുള്ള സംഘർഷങ്ങളിൽ അല്പം ആശ്വാസം കൊണ്ടുവരാനാണ് വാഷിങ്ടൺ ശ്രമിക്കുന്നത്. ഇരുരാജ്യങ്ങളിലെയും നേതാക്കൾ തമ്മിൽ സംസാരിച്ചിട്ട് 34 വർഷത്തോളമായി. ആ സംഭാഷണം നാളെ നടക്കും,’ ട്രംപ് ഇന്നലെ (ബുധൻ) ട്രൂത്ത് സോഷ്യൽ കുറിച്ചു.

യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ സാന്നിധ്യത്തിൽ ലെബനീസ് അംബാസഡർ നാദ ഹമദയും ഇസ്രഈൽ അംബാസഡർ യെഹിയേൽ ലൈറ്ററും തമ്മിൽ വാഷിങ്ടണിലെ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റിൽ ചൊവ്വാഴ്ച നടന്ന നിർണായക ചർച്ചയ്ക്ക് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

കൂടിക്കാഴ്ചയിൽ ലെബനനിലെ യു.എസ് അംബാസഡർ മിഷേൽ ഈസ, സ്റ്റേറ്റ് ഡിപ്പാർട്മെന്റ് കൗൺസിലർ മൈക്കൽ നീധാം, യു.എന്നിലെ യു.എസ് അംബാസഡർ മൈക്ക് വാൾട്സ് എന്നിവരും പങ്കടുത്തിരുന്നു.

ഹിസ്ബുള്ളയുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തിരുന്നില്ല. അതേസമയം, ഇസ്രഈൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ലെബനൻ പ്രസിഡന്റ് ജോസഫ് ഔനുമായി ഉടൻ ഫോണിൽ സംസാരിക്കുമെന്ന് ഇസ്രഈൽ മന്ത്രി ഗില ഗംലിയേൽ പറഞ്ഞു.

പ്രസിഡന്റുമാർ തമ്മിലുള്ള ഫോൺ സംഭാഷണത്തെക്കുറിച്ച് ഇസ്രഈലിലെ മുതിർന്ന ഉദ്യോഗസ്ഥരിൽ നിന്നും സ്ഥിരീകരണമൊന്നും ഉണ്ടായിട്ടില്ല.

ഇറാനിൽ വെടിനിർത്തൽ പ്രഖ്യാപിച്ചതുമുതൽ ഇസ്രഈൽ ലെബനനിൽ കടുത്ത ആക്രമണങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഈ ആക്രമണങ്ങൾ വെടിനിർത്തൽ കരാറിന്റെ ലംഘനമാണെന്ന് ഇറാൻ വാദിച്ചെങ്കിലും കരാറിൽ ലെബനൻ ഉൾപ്പെടില്ലെന്നായിരുന്നു ഇസ്രഈൽ – അമേരിക്കൻ സഖ്യത്തിന്റെ വിശദീകരണം.

Content Highlight: Lebanon rejects Trump’s claim that there has been no dialogue with Israel

 

മുഹമ്മദ് നബീല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര് ട്രെയിനി, കണ്ണൂർ സര്‍വകലാശാലയില്‍ നിന്നും ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം