ബ്രസീല്‍ ഇതിഹാസ താരം റൊണാള്‍ഡോ നസാരിയോയെ പ്രകീര്‍ത്തിച്ച് എ.എസ് റോമയുടെ അര്‍ജന്റൈന്‍ സൂപ്പര്‍ താരം ലിയാന്‍ഡ്രോ പരേഡെസ്. പോര്‍ച്ചുഗല്‍ ലെജന്‍ഡ് ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ മറികടന്നാണ് പരേഡെസ് മികച്ച താരമായി റൊണാള്‍ഡോ നസാരിയോയെ തെരഞ്ഞെടുത്തത്.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ വളരെ മികച്ച താരമാണെന്നും ടീമിനെ വിജയിപ്പിക്കാന്‍ എല്ലായ്‌പ്പോഴും അദ്ദേഹത്തിന് സാധിക്കുമെന്നും പറഞ്ഞ പരേഡസ്, എന്നാല്‍ തനിക്ക് ബ്രസീലിയന്‍ സൂപ്പര്‍ താരത്തെയാണ് ഇഷ്ടമെന്നും കൂട്ടിച്ചേര്‍ത്തു.
‘ഞാന്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കാള്‍ മികച്ചതായി റൊണാള്‍ഡോ നസാരിയോയെ ആണ് തെരഞ്ഞെടുക്കുന്നത്. എനിക്ക് ആര്‍.9നെയാണ് കൂടുതല്‍ ഇഷ്ടം. കഴിവുകളുടെ കാര്യമെടുക്കുമ്പോള്‍ അവര്‍ അടുത്തെത്തുമോ എന്ന് ചോദിച്ചാല്‍ ഇല്ല എന്ന് തന്നെ പറയേണ്ടി വരും.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് ഒറ്റയ്ക്ക് മത്സരങ്ങള്‍ വിജയിപ്പിക്കാന്‍ സാധിക്കും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല, നൂറ് ശതമാനവും ഞാന്‍ അത് സമ്മതിക്കുന്നു.
എന്നാല്‍ സ്വന്തം പെനാല്‍ട്ടി ഏരിയയില്‍ നിന്നും ഡ്രിബ്ലിങ് ആരംഭിച്ച്, ഡിഫന്‍ഡര്‍മാരെ അനായാസം മറികടന്ന് അദ്ദേഹം ഗോള്‍ നേടുമെന്ന് കരുതാന്‍ സാധിക്കില്ല,’ പരേഡെസ് പറഞ്ഞു.
ഫുട്ബോള്‍ ചരിത്രത്തില്‍ ഒരിക്കലും പകരം വെക്കാന്‍ സാധിക്കാത്ത പേരാണ് ബ്രസീലിയന്‍ ഇതിഹാസം റൊണാള്‍ഡോ നസാരിയോയുടേത്. കളിക്കളത്തില്‍ മിന്നല്‍ പിണര്‍ പോലെ കുതിച്ചെത്തി തങ്ങളുടെ വലകുലുക്കുന്ന പ്രൈം റൊണാള്‍ഡോ എന്നും എതിരാളികളുടെ പേടി സ്വപ്നമായിരുന്നു.
സ്പെയ്നിലും ഇറ്റലിയിലും ഒരുപോലെ വ്യക്തിമുദ്ര പതിപ്പിച്ച താരമായിരുന്നു റൊണാള്‍ഡോ നസാരിയോ. സ്പെയ്നില്‍ ബാഴ്സലോണക്കും റയലിനും വേണ്ടി പന്തു തട്ടിയ റൊണാള്‍ഡോ ഇറ്റലിയില്‍ എ.സി മിലാനും ഇന്റര്‍ മിലാനും വേണ്ടിയാണ് കളത്തിലിറങ്ങിയത്.
ക്ലബ്ബ് തലത്തില്‍ 384 മത്സരത്തില്‍ നിന്നും 280 ഗോള്‍ നേടിയ താരം ബ്രസീല്‍ ദേശീയ ടീമിന് വേണ്ടി കളത്തിലിറങ്ങിയ 98 മത്സരത്തില്‍ നിന്നും 62 ഗോളും സ്വന്തമാക്കിയിട്ടുണ്ട്.
ബ്രസീലിനൊപ്പം രണ്ട് ലോകകപ്പും രണ്ട് കോപ്പ അമേരിക്കയും കോണ്‍ഫെഡറേഷന്‍ കപ്പും സ്വന്തമാക്കിയ R9 രണ്ട് ലാ ലീഗ, രണ്ട് യുവേഫ സൂപ്പര്‍ കപ്പ്, യുവേഫ കപ്പ്, സ്പാനിഷ് കപ്പ്, സ്പാനിഷ് സൂപ്പര്‍ കപ്പ്, ഡച്ച് കപ്പ്, രണ്ട് തവണ ബ്രസീലിയന്‍ കപ്പ്, ഇന്റര്‍നാഷണല്‍ കപ്പ് എന്നിവയും സ്വന്തമാക്കിയിട്ടുണ്ട്.
രണ്ട് തവണ ബാലണ്‍ ഡി ഓര്‍ നേടിയ താരം, ഈ പുരസ്‌കാരം സ്വന്തമാക്കുന്ന പ്രായം കുറഞ്ഞ താരമെന്ന നേട്ടവും സ്വന്തമാക്കിയിട്ടുണ്ട്. 1997ല്‍ ബാലണ്‍ ഡി ഓര്‍ നേടുമ്പോള്‍ വെറും 21 വയസായിരുന്നു റൊണാള്‍ഡോയുടെ പ്രായം.
ഇതിന് പുറമെ മൂന്ന് വിവിധ ടീമുകള്‍ക്കൊപ്പം മൂന്ന് തവണ ഫിഫയുടെ മികച്ച താരമെന്ന നേട്ടവും അദ്ദേഹം സ്വന്തമാക്കി.
Content Highlight: Leandro Paredes picks Ronaldo Nazario over Cristiano Ronaldo