റൊണാള്‍ഡോ ചിത്രത്തില്‍ പോലുമില്ല, ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തില്‍ മെസി; അടുത്ത ലക്ഷ്യത്തിലേക്ക്
Sports News
റൊണാള്‍ഡോ ചിത്രത്തില്‍ പോലുമില്ല, ആര്‍ക്കും എത്തിപ്പിടിക്കാന്‍ സാധിക്കാത്ത ഉയരത്തില്‍ മെസി; അടുത്ത ലക്ഷ്യത്തിലേക്ക്
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th August 2025, 11:25 am

കരിയറില്‍ മറ്റൊരു കിരീടപ്പോരാട്ടത്തിനാണ് ലയണല്‍ മെസി ബൂട്ടുകെട്ടുന്നത്. ലീഗ്‌സ് കപ്പില്‍ സിയാറ്റില്‍ സൗണ്ടേഴ്‌സിനെതിരെയാണ് മെസിയും സംഘവും കിരീടം തേടിയിറങ്ങുന്നത്. ചരിത്രത്തില്‍ തങ്ങളുടെ രണ്ടാം ലീഗ്‌സ് കപ്പ് കിരീടവും മൂന്നാം ടൈറ്റിലുമാണ് ഇന്റര്‍ മയാമി ലക്ഷ്യമിടുന്നത്.

അതേസമയം, തന്റെ കരിയറിലെ 47ാം ടൈറ്റിലിലേക്കാണ് മെസി കണ്ണുവെക്കുന്നത്. ബാഴ്‌സലോണയ്‌ക്കൊപ്പം കിരീടം നേട്ടം ശീലമാക്കിയ താരം ഇപ്പോള്‍ മയാമിയെയും കിരീടം സ്വപ്‌നം കാണാന്‍ പഠിപ്പിക്കുകയാണ്.

 

കരിയറില്‍ ഏറ്റവുമധികം കിരീടം നേടിയ താരമെന്ന സ്വന്തം റെക്കോഡ് തകര്‍ത്ത് മുന്നേറാന്‍ തന്നെയാണ് മെസി ഒരുങ്ങുന്നത്. ഇന്റര്‍ മയാമിയെ അവരുടെ ചരിത്രത്തിലെ ആദ്യ കിരീടനേട്ടത്തിലേക്ക് നയിച്ച് ഫുട്‌ബോള്‍ ചരിത്രത്തില്‍ ഏറ്റവുമധികം കിരീടം നേടിയ താരമെന്ന ഡാനി ആല്‍വസിന്റെ റെക്കോഡിനൊപ്പമെത്തിയ മെസി, അര്‍ജന്റീനയ്ക്ക് മറ്റൊരു കോപ്പ കിരീടം കൂടി സമ്മാനിച്ച് ആല്‍വസിനെ മറികടക്കുകയും ചെയ്തു. ശേഷം മയാമിക്ക് സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡും സമ്മാനിച്ച് മെസി സ്വന്തം റെക്കോഡ് തിരുത്തി.

താന്‍ പന്ത് തട്ടി കളിയടവ് പഠിച്ച ബാഴ്‌സലോണയ്‌ക്കൊപ്പമാണ് മെസി ഏറ്റവുമധികം കിരീടം നേടിയത്. ചാമ്പ്യന്‍സ് ട്രോഫിയും ലാ ലിഗയും കോപ്പ ഡെല്‍ റേയും സൂപ്പര്‍ കോപ്പ ഡ എസ്പാനയുമടക്കം 35 തവണ മെസി കറ്റാലന്‍മാര്‍ക്കൊപ്പം കപ്പുയര്‍ത്തി.

ഒളിമ്പിക് ഗോള്‍ഡും ലോകകപ്പും ഫൈനലിസിമയുമടക്കം അര്‍ജന്റീനയ്‌ക്കൊപ്പം ആറ് ട്രോഫിയും പി.എസ്.ജിക്കൊപ്പം മൂന്ന് കിരീടവും മെസി സ്വന്തമാക്കി. ഹെറോണ്‍സിനൊപ്പമാണ് മെസി ശേഷിച്ച രണ്ട് കപ്പുമുയര്‍ത്തിയത്.

മെസിയുടെ കിരീടങ്ങള്‍

ബാഴ്‌സലോണ

  • ലാ ലിഗ – 10
  • കോപ്പ ഡെല്‍ റേ – 7
  • സൂപ്പര്‍ കോപ്പ ഡ എസ്പാന – 8
  • യുവേഫ ചാമ്പ്യന്‍സ് ലീഗ് – 4
  • യുവേഫ സൂപ്പര്‍ കപ്പ് – 3
  • ഫിഫ ക്ലബ്ബ് വേള്‍ഡ് കപ്പ് – 3

അര്‍ജന്റീന

  • ഫിഫ ലോകകപ്പ് – 1
  • കോപ്പ അമേരിക്ക – 2
  • ഫൈനലിസിമ – 1
  • ഫിഫ വേള്‍ഡ് യൂത്ത് ചാമ്പ്യന്‍ഷിപ്പ് – 1
  • ഒളിമ്പിക്‌സ് സ്വര്‍ണം – 1

പി.എസ്.ജി

  • ലീഗ് വണ്‍ – 2
  • ട്രോഫീ ഡെസ് ചാമ്പ്യന്‍സ് – 1

ഇന്റര്‍ മയാമി

  • ലീഗ്‌സ് കപ്പ് – 1
  • സപ്പോര്‍ട്ടേഴ്‌സ് ഷീല്‍ഡ് – 1

കരിയറില്‍ ഏറ്റവുമധികം കിരീടം നേടിയ താരങ്ങള്‍

(താരം – കിരീടം എന്നീ ക്രമത്തില്‍)

ലയണല്‍ മെസി – 46

ഡാനി ആല്‍വസ് – 44

ഹൊസാം അഷൗര്‍ – 39

ആന്ദ്രേ ഇനിയേസ്റ്റ – 37

മാക്‌സ്‌വെല്‍ – 37

റയാന്‍ ഗിഗ്‌സ് – 35

വിടോര്‍ ബയാ – 35

ക്രിസ്റ്റിയാനോ റൊണാള്‍ഡോ – 35

കെന്നി ഡാല്‍ഗ്ലിഷ് – 35

ഓഗസ്റ്റ് 31നാണ് തന്റെ പോര്‍ട്ട്‌ഫോളിയോയിലേക്ക് രണ്ടാം ലീഗ്‌സ് കപ്പ് ചേര്‍ത്തുവെക്കാന്‍ മെസിയും സംഘവും കളത്തിലിറങ്ങുന്നത്. ലുമന്‍ ഫീല്‍ഡിലാണ് അമേരിക്കന്‍ മണ്ണിലെ രണ്ട് കരുത്തര്‍ കിരീടത്തിനായി പോരാടുന്നത്.

 

Content Highlight: League Cup: Inter Miami vs Seattle Sounders: Messi aims for 47th title