2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.
ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 232 റണ്‍സിന്റെ വിജയലക്ഷ്യം 55 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു പ്രോട്ടിയാസ്. നോന്‍കുലുലേകോ എംലാബയുടെ നാല് വിക്കറ്റിന്റെയും താസ്മിന്‍ ബ്രിറ്റ്സിന്റെ സെഞ്ച്വറിയുടെയും കരുത്തിലാണ് പ്രോട്ടിയാസ് വനിതകള്‍ വിജയം സ്വന്തമാക്കിയത്.
മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഓപ്പണര്‍ സൂസി ബേറ്റ്‌സിന് മികച്ച പ്രകടം നടത്താന്‍ സാധിച്ചില്ലായിരുന്നു. പൂജ്യം റണ്‍സിനാണ് താരം പുറത്തായത്. പ്രോട്ടിയാസിന്റെ മരിസാന്‍ കാപ്പിന്റെ പന്തിലാണ് സൂസി കൂടാരം കയറിയത്. അതേസമയം മറുപടി ബാറ്റിങ്ങില്‍ പ്രോട്ടിയാസിന്റെ ക്യാപ്റ്റനും ഓപ്പണറുമായ ലോറ വോള്‍വാര്‍ട്ട് 14 റണ്‍സും നേടി.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡില്‍ സൂസി ബേറ്റ്‌സിനെ മറികടക്കാനും താരത്തിന് സാധിച്ചു. പ്രോട്ടിയാസും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന നേട്ടത്തിലാണ് സൂസിയെ ലോറ മറികടന്നത്. സൗത്ത് ആഫ്രിക്കെതിരെ ഏകദിനത്തില്‍ 425 റണ്‍സാണ് താരത്തിനുള്ളത്. എന്നാല്‍ കഴിഞ്ഞ മത്സരത്തില്‍ വോള്‍വാട്ട് 14 റണ്‍സ് നേടിയതോടെ 428 റണ്‍സാണ് താരത്തിന് നേടാനായത്.
അതേസമയം മത്സരത്തില്‍ സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി 15 ഫോറും ഒരു സിക്സറും അടക്കം 89 പന്തില്‍ 101 റണ്‍സാണ് തസ്മിന്‍ അടിച്ചെടുത്തത്. ഏകദിനത്തില്‍ താരത്തിന്റെ ഏഴാം സെഞ്ച്വറിയാണിത്.
ന്യൂസിലാന്‍ഡിനെതിരായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ സൗത്ത് ആഫ്രിക്ക പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടായിരുന്നു ടീമിന്റെ തോല്‍വി. കളിച്ച രണ്ട് കളിയും തോറ്റ ന്യൂസിലാന്‍ഡ് നിലവില്‍ ഏഴാമതാണ്.