ഐ.സി.സി വനിതാ ലോകകപ്പില്‍ ഇംഗ്ലണ്ടിനോടേറ്റ ഞെട്ടിക്കുന്ന പരാജയത്തില്‍ പ്രതികരണവുമായി സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡ്. കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ സൗത്ത് ആഫ്രിക്ക വെറും 69 റണ്‍സിന് പുറത്തായിരുന്നു.
ഈ പ്രകടനം കണ്ട് തങ്ങളെ വിലയിരുത്തരുതെന്നും സൗത്ത് ആഫ്രിക്ക മികച്ച ടീം ആണെന്നുമാണ് മത്സരശേഷം ലോറ പറഞ്ഞത്.
‘ഞങ്ങളുടെ മുന്നൊരുക്കങ്ങളെല്ലാം തന്നെ മികച്ചതായിരുന്നു. പിച്ച് വല്ലാതെ ബുദ്ധിമുട്ടിച്ചുവെന്ന് പറയാനും സാധിക്കില്ല.
ക്രിക്കറ്റില്‍ ചില ദിവസം എല്ലാ താരങ്ങളും വളരെ പെട്ടെന്ന് ഔട്ടാകാറുണ്ട്. ഞങ്ങളെ സംബന്ധിച്ച് ഇത് ഈ മത്സരത്തിലായിരുന്നു. ഞങ്ങളെ സംബന്ധിച്ച് ഇത് അത്രത്തോളം പരിചിതമല്ലാത്ത സാഹചര്യമായിരുന്നില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഞങ്ങള്‍ ഇത്തരം പിച്ചില്‍ കളിക്കുന്നുണ്ടായിരുന്നു. ഇതുകൊണ്ട് തന്നെ എല്ലാം പിച്ചിന്റെ തലയിലിടാന്‍ സാധിക്കില്ല.
69ന് ഓള്‍ ഔട്ട് എന്നതിനേക്കാള്‍ ഞങ്ങള്‍ മികച്ച, മികച്ച ടീം തന്നെയാണ്. ഒരു ടീം എന്ന നിലയില്‍ ഈ തോല്‍വിയെ മറന്ന് മുന്നോട്ട് പോകാനാണ് ശ്രമിക്കേണ്ടത്. കാരണം ഞങ്ങള്‍ ഇനി അടുത്ത മത്സരത്തിനൊരുങ്ങുകയാണ്. ഇത് വളരെ ദൈര്‍ഘ്യമേറിയ ടൂര്‍ണമെന്റാണ്,’ പ്രോട്ടിയാസ് ക്യാപ്റ്റന്‍ പറഞ്ഞു.
കഴിഞ്ഞ ദിവസം ഗുവാഹത്തിയില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് എതിരാളികളെ ബാറ്റിങ്ങിനയച്ചു. രണ്ടാം ഓവര്‍ മുതല്‍ വേട്ട തുടങ്ങിയ ഇംഗ്ലണ്ട് 21ാം ഓവറില്‍ സൗത്ത് ആഫ്രിക്കയുടെ കഥ കഴിച്ചു.
പ്രോട്ടിയാസ് നിരയില്‍ ഒരാള്‍ മാത്രമാണ് ഇരട്ടയക്കം കണ്ടത്. 36 പന്തില്‍ 22 റണ്‍സ് നേടിയ സിനാലോ ജാഫ്തയാണ് ടോപ്പ് സ്‌കോറര്‍.
ഇംഗ്ലണ്ടിനായി ലിസി സ്മിത് മൂന്ന് വിക്കറ്റ് വീഴ്ത്തി. ക്യാപ്റ്റന്‍ നാറ്റ് സിവര്‍ ബ്രണ്ട്, സോഫി എക്കല്‍സ്റ്റോണ്‍, ചാര്‍ളി ഡീന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയപ്പോള്‍ ലോറന്‍ ബെല്‍ ശേഷിച്ച വിക്കറ്റും സ്വന്തമാക്കി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഓപ്പണര്‍മാരായ എമി ജോണ്‍സിന്റെയും (50 പന്തില്‍ 40*), ടാസ്മിന്‍ ബ്യൂമൗണ്ടിന്റെയും (35 പന്തില്‍ 21*) കരുത്തില്‍ വിക്കറ്റൊന്നും നഷ്ടപ്പെടാതെ വിജയം സ്വന്തമാക്കുകയായിരുന്നു.
Content Highlight: Laura Wolvaardt on South Africa’s defeat against England