വനിതാ ഏകദിന ലോകകപ്പില്‍ ന്യൂസിലാന്‍ഡും സൗത്ത് ആഫ്രിക്കയും തമ്മിലുള്ള മത്സരമാണ് നടക്കുന്നത്. ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മത്സരം തീ പാറുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. നിലവില്‍ മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലാന്‍ഡ് ബാറ്റ് ചെയ്യാനാണ് തീരുമാനിച്ചത്. ഇരുവരും തമ്മില്‍ ഏറ്റുമുട്ടുമ്പോള്‍ ആര്‍ക്കൊപ്പമാകും വിജയമെന്നാണ് ആരാധകരുടേയും ആകാംക്ഷ. കഴിഞ്ഞ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ 69 റണ്‍സിന് ഓള്‍ ഔട്ട് ആയെങ്കിലും ന്യൂസിലാന്‍ഡിനെതിരെ സൗത്ത് ആഫ്രിക്ക വലിയ തിരിച്ചുവരവ് നടത്തുമെന്നാണ് പ്രതീക്ഷ.
ഇരുവരും ഏകദിനത്തില്‍ 20 മത്സരങ്ങളില്‍ ഏറ്റുമുട്ടിയപ്പോള്‍ എട്ട് മത്സരങ്ങളാണ് സൗത്ത് ആഫ്രിക്ക വനിതകള്‍ക്ക് വിജയിക്കാനായത്. മറുഭാഗത്ത് 12 മത്സരങ്ങളാണ് ന്യൂസിലാന്‍ഡ് സ്വന്തമാക്കിയത്. അതേസമയം ഇരുവരും തമ്മില്‍ അവസാനം ഏറ്റുമുട്ടിയ അഞ്ച് മത്സരത്തില്‍ നാലെണ്ണത്തിലും വിജയിച്ചത് സൗത്ത് ആഫ്രിക്കയാണെത് മറ്റൊരു പ്രത്യേകതയാണ്. കഴിഞ്ഞ മത്സരങ്ങളില്‍ ന്യൂസിലാന്‍ഡ് നേടിയ ഡോമിനന്‍സ് ടീമിന്റെ വിജയ സാധ്യത വര്‍ദ്ധിപ്പിക്കുന്നതാണ്.
ന്യൂസിലാന്‍ഡിനായി ഓപ്പണര്‍ സൂസി ബേറ്റ്‌സ് മിന്നും പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഇരുവരും തമ്മില്‍ ഏറ്റുമുട്ടിയപ്പോള്‍ (ഏകദിനം) ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരം എന്ന നേട്ടം ബേറ്റ്‌സിനാണ്. 425 റണ്‍സാണ് താരം അടിച്ചെടുത്തത്. എന്നാല്‍ താരത്തെ മറികടക്കാനുള്ള അവസരമാണ് സൗത്ത് ആഫ്രിക്കന്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാട്ടിനുള്ളത്.
മത്സരത്തില്‍ 11 റണ്‍സ് മാത്രം നേടിയാല്‍ സൂസി ബേറ്റ്‌സിനെ മറികടക്കാന്‍ ലോറയ്ക്ക് സാധിക്കും. വിക്കറ്റ് വേട്ടയില്‍ കിവീസ് വനിതകള്‍ക്ക് വേണ്ടി അയബോങ്ക ഖാക്കയാണ് മുന്നിലുള്ളത്. രണ്ട് ടീമും തമ്മില്‍ പൊരുതിയപ്പോള്‍ 21 വിക്കറ്റുകളാണ് താരം നേടിയത്. മാത്രമല്ല രണ്ടാം സ്ഥാനത്തുള്ള ന്യൂസിലാന്‍ഡ് ബൗളര്‍ മരിസാന കാപ് 17 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.