ന്യൂസിലാന്‍ഡിനെതിരെ നേടിയത് വെറും 14 റണ്‍സ്, കൊണ്ടുപോയത് കരിയറിലെ മിന്നും നേട്ടം!
Sports News
ന്യൂസിലാന്‍ഡിനെതിരെ നേടിയത് വെറും 14 റണ്‍സ്, കൊണ്ടുപോയത് കരിയറിലെ മിന്നും നേട്ടം!
സ്പോര്‍ട്സ് ഡെസ്‌ക്
Tuesday, 7th October 2025, 7:09 am

2025 ഐ.സി.സി വനിതാ ഏകദിന ലോകകപ്പില്‍ സൗത്ത് ആഫ്രിക്ക തങ്ങളുടെ ആദ്യ ജയം സ്വന്തമാക്കിയിരിക്കുകയാണ്. ഇന്‍ഡോറിലെ ഹോല്‍കര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ആറ് വിക്കറ്റിന്റെ വിജയമാണ് സൗത്ത് ആഫ്രിക്ക സ്വന്തമാക്കിയത്.

ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ 232 റണ്‍സിന്റെ ലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പ്രോട്ടിയാസ് 55 പന്ത് ശേഷിക്കെ മറികടക്കുകയായിരുന്നു. നോന്‍കുലുലേകോ എംലാബയുടെ നാല് വിക്കറ്റിന്റെയും താസ്മിന്‍ ബ്രിറ്റ്സിന്റെ സെഞ്ച്വറിയുടെയും കരുത്തിലാണ് പ്രോട്ടിയാസ് വനിതകള്‍ വിജയം സ്വന്തമാക്കിയത്.

സൗത്ത് ആഫ്രിക്കയ്ക്ക് വേണ്ടി 15 ഫോറും ഒരു സിക്സറും അടക്കം 89 പന്തില്‍ 101 റണ്‍സാണ് തസ്മിന്‍ അടിച്ചെടുത്തത്. ഏകദിനത്തില്‍ താരത്തിന്റെ ഏഴാം സെഞ്ച്വറിയാണിത്. ബ്രിറ്റ്സ് ആകെ നേടിയ ഏഴില്‍ അഞ്ച് സെഞ്ച്വറിയും 2025ലാണ് പിറവിയെടുത്തത്.

പ്രോട്ടിയാസ് ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ട്ട് മത്സരത്തില്‍ 10 പന്തില്‍ നിന്ന് 14 റണ്‍സായിരുന്നു നേടിയത്. മൂന്ന് ഫോര്‍ അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ് ഇതിന് പുറമെ ഒരു നിര്‍ണായക നാഴികക്കല്ല് മറികടക്കാനും താരത്തിന് സാധിച്ചിരിക്കുകയാണ്.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കാനാണ് താരത്തിന് സാധിച്ചത്. ടി-20യില്‍ നിന്ന് 83 മത്സരങ്ങളില്‍ നിന്ന് 2088 റണ്‍സാണ് ലോറ നേടിയത്. 102 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും താരം ഫോര്‍മാറ്റില്‍ നേടിയിട്ടുണ്ട്. ഒരു സെഞ്ച്വറിക്ക് പുറമെ 12 അര്‍ധ സെഞ്ച്വറിയും താരത്തിനുണ്ട്.

ഏകദിനത്തില്‍ 112 മത്സരങ്ങളില്‍ നിന്ന് 4670 റണ്‍സാണ് താരം അക്കൗണ്ടിലാക്കിയത്. 184* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും ഒമ്പത് സെഞ്ച്വറികളും 35 അര്‍ധ സെഞ്ച്വറികളും ലോറ സ്വന്തമാക്കി. ടെസ്റ്റിലെ നാല് മത്സരങ്ങളില്‍ നിന്ന് 255 റണ്‍സും വോള്‍വാര്‍ട്ട് സ്വന്തമാക്കി.

അതേസമയം ന്യൂസിലാന്‍ഡിനെതിരായ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ സൗത്ത് ആഫ്രിക്ക പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ടിനോടായിരുന്നു ടീമിന്റെ തോല്‍വി. കളിച്ച രണ്ട് കളിയും തോറ്റ ന്യൂസിലാന്‍ഡ് നിലവില്‍ ഏഴാമതാണ്.

ഒക്ടോബര്‍ ഒമ്പതിനാണ് സൗത്ത് ആഫ്രിക്ക അടുത്ത മത്സരത്തിനിറങ്ങുന്നത്. വിസാഖില്‍ നടക്കുന്ന മത്സരത്തില്‍ ആതിഥേയരായ ഇന്ത്യയാണ് എതിരാളികള്‍. അടുത്ത ദിവസം ഗുവാഹത്തിയില്‍ ന്യൂസിലാന്‍ഡ് ബംഗ്ലാദേശിനെയും നേരിടും.

Content Highlight: Laura Wolvaardt Complete 7000 International Cricket