| Wednesday, 29th October 2025, 9:33 pm

52 വര്‍ഷം 13 ലോകകപ്പ്... ആദ്യ പുരുഷ ലോകകപ്പില്‍ പിറന്ന നേട്ടത്തിന് വനിതാ ലോകകപ്പ് കാത്തിരുന്നത് അര നൂറ്റാണ്ട്

സ്പോര്‍ട്സ് ഡെസ്‌ക്

ഐ.സി.സി വനിതാ ലോകകപ്പിന്റെ ആദ്യ സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെതിരെ 319 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലുമായി സൗത്ത് ആഫ്രിക്ക. ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ക്യാപ്റ്റന്‍ ലോറ വോള്‍വാര്‍ഡിന്റെ സെഞ്ച്വറി കരുത്തിലാണ് പ്രോട്ടിയാസ് മികച്ച സ്‌കോര്‍ കണ്ടെത്തിയത്.

ലോറ വോള്‍വാര്‍ഡ് 143 പന്ത് നേരിട്ട് 169 റണ്‍സ് അടിച്ചെടുത്തു. 20 ഫോറും നാല് സിക്സറും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ടാസ്മിന്‍ ബ്രിറ്റ്സ് (65 പന്തില്‍ 45), മാരിസന്‍ കാപ്പ് (33 പന്തില്‍ 42). ക്ലോ ട്രയോണ്‍ (26 പന്തില്‍ പുറത്താകാതെ 33) എന്നിവരുടെ പ്രകടനവും സൗത്ത് ആഫ്രിക്കന്‍ നിരയില്‍ നിര്‍ണായകമായി.

ലോറ വോള്‍വാര്‍ഡ്

ഈ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഒരു തകര്‍പ്പന്‍ നേട്ടവും വോള്‍വാര്‍ഡ് തന്റെ പേരിന് നേരെ എഴുതിച്ചേര്‍ത്തു. ഐ.സി.സി വനിതാ ഏകദിന ലോകകപ്പിന്റെ നോക്ക്ഔട്ടില്‍ സെഞ്ച്വറി നേടുന്ന ആദ്യ ക്യാപ്റ്റന്‍ എന്ന നേട്ടമാണ് ലോറ സ്വന്തമാക്കിയത്.

2017ല്‍ ഹര്‍മന്‍പ്രീത് കൗറും 2022ല്‍ അലീസ ഹീലിയുമടക്കമുള്ള താരങ്ങള്‍ നോക്ക്ഔട്ടില്‍ സെഞ്ച്വറി നേടിയിട്ടുണ്ടെങ്കിലും ഒരിക്കല്‍പ്പോലും ഒരു ക്യാപ്റ്റന് ഐ.സി.സി നോക്ക്ഔട്ടില്‍ ട്രിപ്പിള്‍ ഡിജിറ്റ് സ്വന്തമാക്കാന്‍ സാധിച്ചിരുന്നില്ല.

പുരുഷ ലോകകപ്പിന്റെ ആദ്യ എഡിഷനില്‍ തന്നെ ഈ നേട്ടം പിറവിയെടുത്തിരുന്നു. 1975 ലോകകപ്പ് ഫൈനലില്‍ ഓസ്‌ട്രേലിയക്കെതിരെ വെസ്റ്റ് ഇന്‍ഡീസ് ക്യാപ്റ്റന്‍ ക്ലൈവ് ലോയ്ഡ് സെഞ്ച്വറി നേടിയിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തില്‍ 85 പന്തില്‍ 102 റണ്‍സാണ് കരീബിയന്‍ സ്‌റ്റോം അടിച്ചെടുത്തത്.

ലോയ്ഡിന്റെ കരുത്തില്‍ വിന്‍ഡീസ് 291 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസ് 274ന് പുറത്തായി. ക്ലൈവ് ലോയ്ഡ് തന്നെയായിരുന്നു കളിയിലെ താരവും.

നേരത്തെ മത്സരത്തില്‍ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ എതിരാളികളെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ആദ്യ വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി സൗത്ത് ആഫ്രിക്കന്‍ ഓപ്പണര്‍മാര്‍ ഇംഗ്ലണ്ടിന്റെ സകല കണക്കുകൂട്ടലുകളും തെറ്റിച്ചു.

ടീം സ്‌കോര്‍ 116ല്‍ നില്‍ക്കവെ ടാസ്മിന്‍ ബ്രിറ്റ്‌സിനെ മടക്കി സോഫി എക്കല്‍സ്റ്റോണാണ് ഇംഗ്ലണ്ടിന് ആദ്യ ബ്രേക് ത്രൂ സമ്മാനിച്ചത്. 65 പന്ത് നേരിട്ട താരം 45 റണ്‍സ് നേടി മടങ്ങി. അതേ ഓവറില്‍ അനേക് ബോഷും ബ്രോണ്‍സ് ഡക്കാക്കിയ എക്കല്‍സ്‌റ്റോണ്‍ പ്രോട്ടിയാസിന് അടുത്ത ഷോക്ക് ട്രീറ്റ്‌മെന്റ് നല്‍കി. അധികം വൈകാതെ ഒരു റണ്‍സ് മാത്രം നേടിയ സ്യൂന്‍ ലസും തിരിച്ചുനടന്നു.

നാലാം വിക്കറ്റില്‍ മാരിസാന്‍ കാപ്പിനെ ഒപ്പം കൂട്ടിയ ക്യാപ്റ്റന്‍ ലോറ മറ്റൊരു മികച്ച പാര്‍ട്ണര്‍ഷിപ്പ് പടുത്തുയര്‍ത്തി. 119ല്‍ ഒന്നിച്ച ഈ കൂട്ടുകെട്ട് തകരുന്നത് 191ലാണ്. 33 പന്തില്‍ 42 റണ്‍സടിച്ച കാപ്പിനെ മടക്കി എക്കല്‍സ്റ്റോണ്‍ വീണ്ടും ബ്രേക് ത്രൂ സമ്മാനിച്ചു.

സിനാലോ ജാഫയും (നാല് പന്തില്‍ ഒന്ന്), അനെറിക് ഡെറിക്‌സണും (14 പന്തില്‍ നാല്) ഒറ്റയക്കത്തിന് മടങ്ങിയെങ്കിലും ക്ലോ ട്രയോണിനെ ഒപ്പം കൂട്ടി ലോറ തന്റെ മാജിക് തുടര്‍ന്നു. ഇരുവരും ചേര്‍ന്ന് 89 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്.

ഒടുവില്‍ ടീം സ്‌കോര്‍ 291ല്‍ നില്‍ക്കവെ ലോറ വോള്‍വാര്‍ഡിനെ പ്രോട്ടിയാസിന് നഷ്ടപ്പെട്ടു. 143 പന്തില്‍ 169 റണ്‍സുമായാണ് ലോറ തിരിച്ചുനടന്നത്. 20 ഫോറും നാല് സിക്‌സറും അടക്കം 118.18 സ്‌ട്രൈക് റേറ്റാണ് താരത്തിനുണ്ടായിരുന്നത്.

ഒടുവില്‍ സൗത്ത് ആഫ്രിക്ക 319/7 എന്ന നിലയില്‍ ഇന്നിങ്‌സ് അവസാനിപ്പിച്ചു. ക്ലോ ട്രയോണ്‍ 26 പന്തില് 33 റണ്‍സും നാദിന്‍ ഡി ക്ലെര്‍ക് ആറ് പന്തില്‍ 11 റണ്‍സും നേടി പുറത്താകാതെ നിന്നു.

ഇംഗ്ലണ്ടിനായി സോഫി എക്കല്‍സ്റ്റോണ്‍ നാല് വിക്കറ്റ് വീഴ്ത്തി. ലോറന്‍ ബെല്‍ രണ്ട് താരങ്ങളെ മടക്കിയപ്പോള്‍ നാറ്റ് സിവര്‍ ബ്രണ്ട് ഒരു വിക്കറ്റും സ്വന്തമാക്കി.

Content Highlight: Laura Wolvaardt becomes the 1st captain to score a century in ICC Women’s World Cup Knock Out

We use cookies to give you the best possible experience. Learn more