| Sunday, 28th December 2025, 8:11 pm

സൂപ്പര്‍ സ്മാഷില്‍ കൊലപാതകം; ലോകറെക്കോഡും തലകുനിച്ച മത്സരത്തില്‍ ചരിത്രമെഴുതി ഹാരിസ്

ആദര്‍ശ് എം.കെ.

വനിതാ ടി-20യില്‍ വേഗമേറിയ അര്‍ധ സെഞ്ച്വറിയുടെ റെക്കോഡ് സ്വന്തമാക്കി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം ലോറ ഹാരിസ്. ന്യൂസിലാന്‍ഡ് ടി-20 ലീഗായ സൂപ്പര്‍ സ്മാഷില്‍ ഒട്ടാഗോയ്ക്ക് വേണ്ടിയാണ് ലോറ വേഗമേറിയ അര്‍ധ സെഞ്ച്വറിയുമായി ചരിത്രമെഴുതിയത്.

അലക്‌സാന്‍ഡ്രയില്‍ നടന്ന മത്സരത്തില്‍ കാന്റര്‍ബറിക്കെതിരെ നേരിട്ട 15ാം പന്തില്‍ ഫിഫ്റ്റിയടിച്ചാണ് ലോറ ഹാരിസ് ചരിത്രമെഴുതിയത്. 2022ല്‍ വാര്‍വിക്‌ഷെയറിനായി മേരി കെല്ലി നേടിയ റെക്കോഡിനൊപ്പമെത്തിയാണ് ലോറ ഹാരിസ് റെക്കോഡ് ബുക്കില്‍ തന്റെ പേരും എഴുതിച്ചേര്‍ത്തത്.

17 പന്തില്‍ 52 റണ്‍സടിച്ചാണ് താരം കളം വിട്ടത്. ആറ് ഫോറും നാല് സിക്‌സറും അടക്കം 305.88 സ്‌ട്രൈക് റേറ്റിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്. ലോറയുടെ കരുത്തില്‍ ഒട്ടാഗോ മത്സരം വിജയിക്കുകയും ചെയ്തു.

നേരത്തെ, മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കാന്റര്‍ബറി ഇസി ഷാര്‍പ്പിന്റെയും ജോഡി ഡീനിന്റെയും കരുത്തിലാണ് സ്‌കോര്‍ ഉയര്‍ത്തിയത്. ഓപ്പണര്‍മാര്‍ രണ്ട് പേരും നിരാശപ്പെടുത്തിയപ്പോള്‍ മൂന്നാം വിക്കറ്റില്‍ ഇരുവരുടെയും ചെറുത്തുനില്‍പാണ് കാന്റര്‍ബറിയെ താങ്ങിനിര്‍ത്തിയത്.

ഷാര്‍പ് 47 പന്ത് നേരിട്ട് 65 റണ്‍സ് നേടിയപ്പോള്‍ ഡീന്‍ 30 പന്തില്‍ 34 റണ്‍സും നേടി.

ഒടുവില്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ കാന്റര്‍ബറി 145ലെത്തി.

ഒട്ടാഗോയ്ക്കായി എമ്മ ബ്ലാക് രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ എവ ഗ്രേ, പോപ്പി ജെയ് വാറ്റ്കിന്‍സ്, ലൗസിയ കോട്കാംപ്, ക്ലോ ഡീര്‍നെസ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഒട്ടാഗോയ്ക്ക് മോശമല്ലാത്ത തുടക്കമാണ് ലഭിച്ചത്. രണ്ട് വിക്കറ്റ് വീണ ശേഷം, ടീം സ്‌കോര്‍ 46ല്‍ നില്‍ക്കവെയാണ് ലോറ ക്രീസിലെത്തുന്നത്. ആരാധകരെ ഒന്നാകെ ആവശത്തിരയിലാഴ്ത്തിയ താരം വെടിക്കെട്ട് ഫിഫ്റ്റി പൂര്‍ത്തിയാക്കി മടങ്ങി.

പിന്നാലെയെത്തിയ ക്യാപ്റ്റന്‍ പോളി ഇംഗ്ലീസ് അടക്കമുള്ളവര്‍ക്ക് ലോറ നല്‍കിയ മുന്‍തൂക്കം കാക്കേണ്ട ആവശ്യമേ ഉണ്ടായിരുന്നുള്ളൂ. ഒടുവില്‍ ആറ് വിക്കറ്റ് 31 പന്തും ശേഷിക്കെ ഒട്ടാഗോ വിജയം സ്വന്തമാക്കുകയായിരുന്നു.

22 റണ്‍സ് നേടിയ കെയ്റ്റ്‌ലിന്‍ ബ്ലാക്‌ലിയും ഫെലിസിറ്റി ലെയ്‌ഡോണ്‍ ജേവിസുമാണ് രണ്ടാമത് മികച്ച റണ്‍ ഗെറ്റര്‍മാര്‍. ക്യാപ്റ്റന്‍ പോളി ഇംഗ്ലീസ് പുറത്താകാതെ 20 റണ്‍സും നേടി.

Content Highlight: Laura Harris set the record of fastest 50 in WT20

ആദര്‍ശ് എം.കെ.

ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.

We use cookies to give you the best possible experience. Learn more