മോഹിനിയാട്ടത്തിന്റെ നിര്‍മാതാക്കള്‍ എനിക്കൊരു പുനര്‍ജന്മം സമ്മാനിച്ചു; നൊമ്പരമായി അന്തരിച്ച സന്തോഷ്.കെ.നായരുടെ വാക്കുകള്‍
Malayalam Cinema
മോഹിനിയാട്ടത്തിന്റെ നിര്‍മാതാക്കള്‍ എനിക്കൊരു പുനര്‍ജന്മം സമ്മാനിച്ചു; നൊമ്പരമായി അന്തരിച്ച സന്തോഷ്.കെ.നായരുടെ വാക്കുകള്‍
അശ്വിന്‍ രാജേന്ദ്രന്‍
Tuesday, 5th May 2026, 8:16 pm

ഏവരെയും സങ്കടത്തിലാഴ്ത്തി കൊണ്ടാണ് മലയാള സിനിമാ അഭിനേതാവായ സന്തോഷ്. കെ.നായരുടെ മരണവാര്‍ത്ത പുറം ലോകമറിഞ്ഞത്. അടൂരില്‍ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന താരം ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണപ്പെടുന്നത്. 1982ല്‍ മുതല്‍ അഭിനയ രംഗത്ത് സജീവമായിരുന്ന താരം പി.ജി. വിശ്വംബരന്‍ സംവിധാനം ചെയ്ത ഇത് ഞങ്ങളുടെ കഥ എന്ന ചിത്രത്തിലൂടെയാണ് വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിക്കുന്നത്.

 

സന്തോഷ്.കെ.നായര്‍. Photo: X.com

മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങിയവരുടെ ചിത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട താരം ഒരിടവേളയ്ക്ക് ശേഷം അഭിനയത്തിലേക്ക് തിരിച്ചെത്തിയ ചിത്രമായിരുന്നു കൃഷ്ണദാസ് മുരളി സംവിധാനം ചെയ്ത് സൈജു കുറുപ്പ്, സുരാജ് വെഞ്ഞാറമൂട് തുടങ്ങിയവര്‍ പ്രധാനവേഷത്തലെത്തിയ മോഹിനിയാട്ടം. തിയേറ്ററുകളില്‍ മികച്ച വിജയം നേടിയ ചിത്രത്തില്‍ ശ്രദ്ധിക്കപ്പെടുന്ന വേഷമായിരുന്നു സന്തോഷ് കൈകാര്യം ചെയ്തിരുന്നത്. 2024 ല്‍ പുറത്തിറങ്ങി പരാജയമായ ഭരതനാട്യത്തിന്റെ രണ്ടാം ഭാഗമായ മോഹിനിയാട്ടം 32 കോടിയോളമാണ് തിയേറ്ററുകളില്‍ നിന്നും സ്വന്തമാക്കിയത്.

സന്തോഷിന്റെ മരണത്തിന് പിന്നാലെ മോഹിനിയാട്ടത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ പരിപാടിയില്‍ താരം പറഞ്ഞ വാക്കുകളാണ് ഇപ്പോള്‍ പലരെയും സങ്കടപ്പെടുത്തുന്നത്. പരിപാടിയില്‍ സംസാരിക്കവെ തനിക്ക് ജന്മം നല്‍കിയ മാതാപിതാക്കള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ വിട്ട് പോയെന്നും എന്നാല്‍ അറുപത്തിയഞ്ച് വയസായ തനിക്ക് വീണ്ടുമൊരു പുനര്‍ജന്മം നല്‍കിയത് മോഹിനിയാട്ടത്തിന്റെ നിര്‍മാതാക്കളാണെന്ന് സന്തോഷ് പറഞ്ഞിരുന്നു.

മോഹിനിയാട്ടം. Photo: IMDB

സിനിമയിലേക്കുള്ള ഒരു റീ-എന്‍ട്രിയാണെന്നാണ് താന്‍ വിചാരിക്കുന്നതെന്നും അങ്ങനെ തന്നെയാകണമെന്നാണ് ദൈവത്തോട് പ്രാര്‍ത്ഥിക്കുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ലോകത്തോട് വിട പറഞ്ഞ സന്തോഷിന്റെ വാക്കുകളിപ്പോള്‍ പ്രേക്ഷകര്‍ക്ക് നൊമ്പരമായി മാറിയിരിക്കുകയാണ്.

Content Highlight: Late actor Santhosh K nayar’s old video

അശ്വിന്‍ രാജേന്ദ്രന്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും ഇംഗ്ലീഷില്‍ ബിരുദം. കര്‍ണാടക കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നും എം.എ. മാസ് കമ്യൂണിക്കേഷന്‍ ആന്‍ഡ് ജേര്‍ണലിസത്തില്‍ ബിരുദാനന്തര ബിരുദം.