| Thursday, 4th September 2025, 10:01 pm

കണ്ണൂര്‍ പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസപ്പെട്ടു, രാത്രി യാത്രക്കാര്‍ക്ക് മുന്നറിയിപ്പുമായി ജില്ലാഭരണകൂടം

ഡൂള്‍ന്യൂസ് ഡെസ്‌ക്

കണ്ണൂര്‍: വയനാട്ടിലേക്കുള്ള യാത്രക്കാര്‍ക്ക് തിരിച്ചടിയായി കണ്ണൂര്‍ പാല്‍ച്ചുരത്തില്‍ മണ്ണിടിച്ചില്‍. വ്യാഴാഴ്ച വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം. ചെകുത്താന്‍ തോടിന് സമീപത്താണ് മണ്ണും കല്ലും ഇടിഞ്ഞ് റോഡിലേക്ക് വീണ് ഗതാഗതത്തിന് തടസമുണ്ടായത്.

രാവിലെ മുതല്‍ കണ്ണൂര്‍ ജില്ലയിലെ മലയോരമേഖലയിലെ മഴ ശക്തമായിരുന്നു. ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ച കണ്ണൂരില്‍ ബുധനാഴ്ചയും കനത്തമഴയുണ്ടായിരുന്നു.

ചുരത്തിലെ ഗതാഗത തടസം ഒഴിവാക്കാന്‍ ജെസിബി ഉള്‍പ്പടെ എത്തിച്ച് മണ്ണ് നീക്കല്‍ പുരോഗമിക്കുന്നുണ്ട്. റോഡിലുള്ള കല്ലും മണ്ണും പൂര്‍ണമായും നീക്കിയ ശേഷം മാത്രം ഗതാഗതം പുനഃസ്ഥാപിക്കാനാണ് അധികൃതരുടെ ശ്രമം.

അതേസമയം, ചുരം വഴിയുള്ള രാത്രിയാത്രകള്‍ പരമാവധി ഒഴിവാക്കണമെന്നാണ് ജില്ലാ ഭരണകൂടം നിര്‍ദേശിച്ചു.

ഓണാഘോഷം കൂടിയെത്തിയതോടെ വയനാട്ടിലേക്ക് പോകാന്‍ ജനങ്ങള്‍ പ്രധാനമായും ആശ്രയിച്ചിരുന്നത് പാല്‍ച്ചുരത്തെയായിരുന്നു. കണ്ണൂര്‍ വയനാട് ജില്ലകളെ ബന്ധിപ്പിക്കുന്ന പ്രധാനപാത കൂടിയാണ് പാല്‍ച്ചുരം.

താമരശേരി ചുരത്തിലുള്ള മണ്ണിടിച്ചില്‍ വയനാട്ടിലേക്കുള്ള യാത്രക്കാരെ സാരമായി ബാധിക്കുന്നതിനിടെയാണ് പാല്‍ചുരത്തിലും സമാനമായ രീതിയില്‍ അപകടമുണ്ടായിരിക്കുന്നത്.

തുടര്‍ച്ചയായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഗതാഗതം തടസപ്പെട്ട താമരശേരി ചുരത്തില്‍ മണിക്കൂറുകള്‍ നീണ്ട ഗതാഗത കുരുക്കും സൃഷ്ടിക്കപ്പെട്ടിരുന്നു.

Content highlight: Landslide in Palchuram, Kannur; Traffic disrupted, district administration warns night commuters

We use cookies to give you the best possible experience. Learn more