| Wednesday, 26th September 2018, 9:37 pm

റിലയന്‍സിനെ പുണര്‍ന്ന് വീണ്ടും കേന്ദ്രസര്‍ക്കാര്‍; നാവികസേനയുടെ ലാന്‍ഡിംഗ് പ്ലാറ്റ്‌ഫോമിനായി കൊച്ചി കപ്പല്‍ശാലയെ ഒഴിവാക്കിയത് വിവാദത്തില്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊച്ചി: റാഫേല്‍ വിവാദത്തില്‍ പ്രതിരോധത്തില്‍ നില്‍ക്കവെ നാവിക സേനയുടെ 20,000 കോടി രൂപയുടെ ലാന്‍ഡിങ് പ്ലാറ്റ്ഫോം ഡോക്ക് (എല്‍.പി.ഡി) നിര്‍മാണകരാര്‍ റിലയന്‍സിന് നല്‍കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കവും വിവാദത്തില്‍. പൊതുമേഖലസ്ഥാപനങ്ങളായ കൊച്ചി കപ്പല്‍ശാലയെയും ഹിന്ദുസ്ഥാന്‍ ഷിപ്പിംഗ് ലിമിറ്റഡിനെയും ഒഴിവാക്കി റിലയന്‍സിന് നല്‍കാനായിരുന്നു കേന്ദ്രസര്‍ക്കാര്‍ നീക്കമെന്ന് ദേശാഭിമാനി.കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ പിപ്പാവിലെ റിലയന്‍സ് നേവല്‍ എന്‍ജിനിയറിങ് ലിമിറ്റഡിന് എല്‍.പി.ഡി നിര്‍മിക്കാനാവശ്യമായ സാങ്കേതിക-സാമ്പത്തിക ത്രാണിയില്ലെന്ന പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടാണ് ഇതിന് തടയിട്ടത്.

റിലയന്‍സിനുകൂടി അയോഗ്യത വന്നതോടെ നാലു എല്‍.പി.ഡിയുടെയും നിര്‍മാണകരാര്‍ സ്വകാര്യകമ്പനിയായ എല്‍.ആന്‍ഡ്.ടിക്കു മാത്രമായി.

ALSO READ: “ഹേയ്…56 ഇഞ്ച് നെഞ്ചളവുള്ള മനുഷ്യാ.. റാഫേലിനെക്കുറിച്ച് ഇനിയെങ്കിലും സത്യം പറയൂ”; മോദിക്കെതിരെ റോബര്‍ട്ട് വദ്ര

അതേസമയം പ്രതിരോധമന്ത്രാലയത്തിന്റെ വിലക്ക് മറികടന്ന് കരാര്‍ നല്‍കാനുള്ള നീക്കവും ശക്തമായി നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി എല്‍.ആന്‍ഡ്.ടിക്കു മാത്രമായി കരാര്‍ നല്‍കുന്നതിനെതിരെ റിലയന്‍സ് പരാതി നല്‍കി. എല്‍.ആന്‍ഡ്.ടിയിലുള്ള മകനുവേണ്ടി ഉന്നത സമൊ ഉദ്യോഗസ്ഥനാണ് റിലയന്‍സിനെതിരെ പ്രവര്‍ത്തിക്കുന്നതെന്നും പരാതിയില്‍ പറയുന്നു.

അതേസമയം, എല്‍.ആന്‍ഡ്.ടിക്കു മാത്രമായി കരാര്‍ പരിമിതപ്പെടുത്താതെ ടെന്‍ഡറില്‍ പങ്കെടുക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കൊച്ചി കപ്പല്‍ശാല വീണ്ടും കേന്ദ്ര ഷിപ്പിങ് മന്ത്രാലയത്തിന് കത്ത് നല്‍കി.

2011 ലാണ് നാവികസേനയ്ക്കായി 220 മീറ്റര്‍ നീളവും 20,000 ടണ്‍ കേവുഭാരവുമുള്ള നാല് എല്‍.പി.ഡി വെസലുകള്‍ നിര്‍മിക്കാന്‍ തീരുമാനിച്ചത്. അന്നത്തെ യു.പി.എ സര്‍ക്കാര്‍ ഇതില്‍ രണ്ടെണ്ണം ഹിന്ദുസ്ഥാന്‍ ഷിപ്പിങ് ലിമിറ്റഡിന് നല്‍കി. ബാക്കി രണ്ടെണ്ണം ടെന്‍ഡര്‍ ചെയ്യാനും തീരുമാനിച്ചു. എന്നാല്‍, അന്നും കൊച്ചി കപ്പല്‍ശാലയെ ടെന്‍ഡറില്‍ പങ്കെടുക്കുന്നതില്‍ നിന്നുപോലും ഒഴിവാക്കി.

ALSO READ: കേരളത്തില്‍ കനത്ത മഴയ്ക്കും ഉരുള്‍പൊട്ടലിനും വെള്ളപ്പൊക്കത്തിനും സാധ്യത; 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

വിമാനവാഹിനി കപ്പല്‍(ഐ.എ.സി) നിര്‍മാണം നടക്കുന്നതിനാല്‍ എല്‍.പി.ഡി നിര്‍മിക്കാന്‍ കൊച്ചി കപ്പല്‍ശാലയ്ക്കു ശേഷിയുണ്ടാകില്ലെന്നായിരുന്നു കണ്ടെത്തല്‍. എന്നാല്‍, വിമാനവാഹിനിക്കപ്പലിന്റെ ഇരുക്കുപണികള്‍ 2013 -ല്‍ തന്നെ ഏതാണ്ട് ഭൂരിഭാഗവും പൂര്‍ത്തീകരിച്ചിരുന്നു.

ഇതിനെതിരെ അന്നത്തെ പ്രതിരോധമന്ത്രിയായിരുന്ന എ.കെ ആന്റണിക്ക് കപ്പല്‍ശാല ജീവനക്കാര്‍ നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തില്‍ ഇതുസംബന്ധിച്ച് പഠിക്കാന്‍ ഒരുസമിതിയെ നിയോഗിച്ചിരുന്നു. എല്‍പിഡിയുടെ നിര്‍മാണം കൊച്ചി കപ്പല്‍ശാലയ്ക്കു നേരിട്ട് നല്‍കുകയോ, അല്ലെങ്കില്‍ ടെന്‍ഡറില്‍ പങ്കെടുപ്പിക്കുകയോ വേണമെന്നായിരുന്നു സമിതിയുടെ നിര്‍ദേശം.

എന്നാല്‍, ഇതിന്റെ അടിസ്ഥാനത്തില്‍ യു.പി.എ സര്‍ക്കാര്‍ തീരുമാനമെടുത്തില്ല. തുടര്‍ന്നു വന്ന ബി.ജെ.പി സര്‍ക്കാര്‍ ടെന്‍ഡറിന്റെ നിബന്ധന മാറ്റാനാകില്ലെന്ന ന്യായം പറഞ്ഞ് കൊച്ചി കപ്പല്‍ശാലയെ ടെന്‍ഡറില്‍ നിന്ന് വീണ്ടും ഒഴിവാക്കുകയായിരുന്നു.

ALSO READ: ആധാര്‍: ചരിത്രമാകുന്ന വിയോജന വിധിന്യായം

പിന്നീട് ടെന്‍ഡറിലൂടെ നാല് എല്‍.പി.ഡിയുടെ നിര്‍മാണച്ചുമതല റിലയന്‍സിനും എല്‍.ആന്‍ഡ്.ടിക്കുമായി കൈമാറി. അതിനുശേഷമാണ് പ്രതിരോധമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കരാര്‍ എല്‍.ആന്‍ഡ്.ടിക്കുമാത്രമായി ചുരുക്കിയത്.

അതേസമയം കൊച്ചി കപ്പല്‍ശാലയ്ക്കെതിരെ പ്രവര്‍ത്തിച്ച നാവികസേനാ വൈസ് അഡ്മിറലായിരുന്ന വൈദ്യനാഥന്‍, വിരമിച്ചശേഷം എല്‍ആന്‍ഡ്ടിയുടെ വൈസ് പ്രസിഡന്റും ഷിപ്പ് ബില്‍ഡിങ് വിഭാഗത്തിലെ തലവനുമായെന്നതാണ് ആരോപണം ബലപ്പെടുത്തുന്നത്.

ഗുജറാത്തിലെ പിപ്പാവ് കപ്പല്‍ശാല 12,000 കോടി രൂപയുടെ കടബാധ്യതയില്‍ നില്‍ക്കുമ്പോഴാണ് അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് 2015ല്‍ ഇതിന്റെ 17 ശതമാനം ഓഹരി വാങ്ങുന്നത്.പിന്നാലെ 25 ശതമാനം ഓഹരികൂടി കരസ്ഥമാക്കി കപ്പല്‍ശാല സ്വന്തമാക്കി റിലയന്‍സ് നേവല്‍ എന്‍ജിനിയറിങ് ലിമിറ്റഡ് എന്ന് പേരുമാറ്റി.

ALSO READ: സച്ചിന്‍ പോയി പകരം ലാലേട്ടന്‍; ബ്ലാസ്റ്റേഴ്‌സ് ബ്രാന്‍ഡ് അംബാസിഡറായി മോഹന്‍ലാല്‍

പ്രതിരോധമേഖലയിലെ നിര്‍മാണകരാറുകള്‍ നല്‍കാമെന്ന രഹസ്യധാരണയിലായിരുന്നു ഈ ഇടപാടെന്നാണ് ആരോപണമുയരുന്നത്. അതിനു വേണ്ടിയാണ് 200 മീറ്ററില്‍ കൂടുതല്‍ നീളമുള്ള കപ്പലുകളും വിമാനവാഹിനിയും നിര്‍മിച്ചു പരിചയവും സാങ്കേതികവൈദഗ്ധ്യവുമുള്ള കൊച്ചി കപ്പല്‍ശാല ടെന്‍ഡറില്‍ പങ്കെടുക്കുന്നതുപോലും വിലക്കിയത്.

കൊച്ചി കപ്പല്‍ശാലയ്ക്കും ഹിന്ദുസ്ഥാന്‍ ഷിപ്പിങ് ലിമിറ്റഡിനും കരാര്‍ നല്‍കിയിരുന്നെങ്കില്‍ എല്‍പിഡിയുടെ നിര്‍മാണം പാതിയെങ്കിലും പൂര്‍ത്തിയാകുമായിരുന്നുവെന്നാണ് കപ്പല്‍ശാലയിലെ ജീവനക്കാര്‍ പറയുന്നതെന്ന് ദേശാഭിമാനി റിപ്പോര്‍ട്ട് ചെയ്യുന്നു.

WATCH THIS VIDEO:

Latest Stories

We use cookies to give you the best possible experience. Learn more