മെസിയുടെ പാസുകള്‍ കുട്ടിയായിരുന്നപ്പോള്‍ താന്‍ പഠിക്കാറുണ്ടായിരുന്നു എന്ന് ബാര്‍സലോണയുടെ യുവ താരം ലാമിന്‍ യമാല്‍. മറ്റ് താരങ്ങള്‍ നല്ല പാസുകള്‍ നല്‍കുമ്പോളും മെസിയുടെ പാസ് വ്യത്യസ്തമാണെന്നും, പാസ് ഗോളാകുമെന്നും യമാല്‍ പറഞ്ഞു. പാസുകള്‍ എപ്പോഴും ബുദ്ധിപരമായി കൈകാര്യം ചെയ്യേണ്ട കാര്യമാണെന്ന് യുവ താരം പറഞ്ഞു.
‘കുട്ടിയായിരിക്കുമ്പോള്‍ ഞാന്‍ മെസിയുടെ പാസുകള്‍ പഠിക്കാറുണ്ടായിരുന്നു. മറ്റ് കളിക്കാര്‍ നല്ല പാസുകള്‍ ഉണ്ടാക്കിയിരുന്നു, പക്ഷേ മെസിയുടെ പാസുകള്‍ ഗോളുകളായിരുന്നു. ഡ്രിബ്ലിങ്ങിനേക്കാള്‍ രസകരമാണ് പാസിങ് എന്ന് ഞാന്‍ എപ്പോഴും കരുതിയിരുന്നു. എന്നാല്‍ അവ കുറച്ചുകൂടി ബുദ്ധിപരമായി കൈകാര്യം ചെയ്യേണ്ടതാണ്,’ സി.ബി.എസ് 60 മിനിറ്റ്‌സില്‍ യമല്‍ പറഞ്ഞു.
മാത്രമല്ല റെക്കോഡുകള്‍ തകര്‍ക്കുന്നതോ കൂടുതല്‍ ഗോളുകള്‍ നേടുന്നതോ കൂടുതല്‍ മത്സരങ്ങള്‍ കളിക്കുന്നതോ അല്ല തന്റെ ലക്ഷ്യമെന്നും ബാര്‍സ യുവതാരം പറഞ്ഞു. താന്‍ ഫുട്‌ബോള്‍ ആസ്വദിക്കുക മാത്രമാണ് ചെയ്യുന്നതെന്നും യമാല്‍ കൂട്ടിച്ചേര്‍ത്തു.
‘എല്ലാ റെക്കോഡുകളും തകര്‍ക്കുക, പത്ത് ലക്ഷം ഗോളുകള്‍ നേടുക, പത്ത് ലക്ഷം മത്സരങ്ങള്‍ കളിക്കുക എന്നതല്ല എന്റെ ലക്ഷ്യം. ഫുട്‌ബോള്‍ ആസ്വദിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്. മികച്ച പ്രകടനങ്ങള്‍കൊണ്ട് ജനങ്ങളുടെ ദിനം മാറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ആരെങ്കിലും സങ്കടപ്പെട്ട് എന്റെ മത്സരം കാണുകയാണെങ്കില്‍, അവരുടെ മാനസികാവസ്ഥ മെച്ചപ്പെടണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു,’ യമാല്‍ കൂട്ടിച്ചേര്‍ത്തു.
അതേസമയം മുന്‍ ബാര്‍സ താരമായിരുന്ന മെസിയേയും യുവ താരം ലാമിന്‍ യമാലിനേയും താരതമ്യപ്പെടുത്തി സീനിയര്‍ താരങ്ങള്‍ സംസാരിച്ചിരുന്നു. മെസിയേപ്പോലെയാണ് ലാമിന്‍ യമാലെന്നും റെക്കോഡുകള്‍ സ്വന്തമാക്കാന്‍ താരത്തിന് സാധിക്കുമെന്നും ഫുട്‌ബോള്‍ നിരീക്ഷരും അഭിപ്രായപ്പെട്ടിരുന്നു. നിലവില്‍ ബാര്‍സയ്ക്ക് വേണ്ടി 32 ഗോളുകളാണ് യുവ താരം നേടിയത്. അതേസമയം 672 ഗോളുകളാണ് മെസി ബാര്‍സയ്ക്ക് വേണ്ടി നേടിയത്.
Content Highlight: Lamine Yamal Talking About Lionel Messi