| Monday, 23rd June 2025, 10:20 am

അന്ന് ജാക്കി ഷ്‌റോഫ് ആ മലയാള സിനിമകളുടെ പേര് ഓര്‍ത്തെടുത്ത് പറഞ്ഞപ്പോള്‍ ഞാന്‍ ഷോക്കായി: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടനും സംവിധായകനുമാണ് ലാല്‍. മികച്ച നിരവധി സിനിമകള്‍ സമ്മാനിച്ച അദ്ദേഹം മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഇംഗ്ലീഷ്, കന്നഡ, ഹിന്ദി തുടങ്ങിയ ഭാഷകളിലെ സിനിമകളിലും അഭിനയിച്ചിരുന്നു.

ഇപ്പോള്‍ സഹോ എന്ന ഹിന്ദി സിനിമയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ ഉണ്ടായ ഒരു അനുഭവം പങ്കുവെക്കുകയാണ് ലാല്‍. അന്ന് തന്നെ പരിചയപ്പെടുത്തിയ സമയത്ത് നടന്‍ ജാക്കി ഷ്റോഫിന്റെ റിയാക്ഷന്‍ കണ്ട് താന്‍ അമ്പരന്നുപോയെന്നാണ് അദ്ദേഹം പറയുന്നത്. നാന സിനിമാവാരികക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ലാല്‍.

‘ഞാന്‍ സഹോ എന്ന ഹിന്ദി പടത്തില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ നടന്ന കാര്യങ്ങള്‍ എനിക്ക് ഇപ്പോഴും ഓര്‍മയുണ്ട്. ആ സിനിമയില്‍ ജാക്കി ഷ്റോഫും ഉണ്ടായിരുന്നു. അന്ന് അദ്ദേഹത്തിന് എന്നെ പരിചയപ്പെടുത്തിയ സമയത്ത് അദ്ദേഹത്തിന്റെ റിയാക്ഷന്‍ കണ്ട് ഞാന്‍ ശരിക്കും അമ്പരന്നുപോയി.

‘അയ്യോ, ഞാന്‍ നിങ്ങളുടെ വലിയ ഫാനാണ്’ എന്നായിരുന്നു അദ്ദേഹം അന്ന് പറഞ്ഞത്. ‘നിങ്ങളുടെ പടങ്ങളൊക്കെ ഞാന്‍ കണ്ടിട്ടുണ്ട്. പക്ഷെ എനിക്ക് നിങ്ങളുടെ പേരൊന്നും അറിയില്ല കേട്ടോ’ എന്നും അദ്ദേഹം പറഞ്ഞു.

അതോടെ ലാല്‍ എന്ന പേര് കേട്ടപ്പോള്‍ ഒരുപക്ഷെ മോഹന്‍ലാല്‍ ആണെന്ന് തെറ്റിദ്ധരിച്ചിട്ടാണോ അദ്ദേഹം എന്നോട് ഇങ്ങനെയൊക്കെ സംസാരിക്കുന്നതെന്ന് എനിക്ക് സംശയമായി. ഞാന്‍ സംശയത്തോടെ അദ്ദേഹത്തെ നോക്കി നിന്നു.

എന്നാല്‍ അദ്ദേഹം കൂടെ നിന്നവരോട് പടത്തിന്റെ പേരുകള്‍ ഓര്‍ത്തെടുത്ത് പറഞ്ഞ് എന്നെ കുറിച്ച് സംസാരിച്ചപ്പോള്‍ ശരിക്കും ഞാന്‍ ഷോക്ക്ഡായി പോയി. ജാക്കി ഷ്റോഫിന്റെ പടങ്ങള്‍ ഏതൊക്കെയാണെന്ന് ചോദിച്ചാല്‍ എനിക്ക് ഓര്‍മ വരില്ല. എന്നാല്‍ ഏറെ ആഴത്തില്‍ നമ്മളെ അവര്‍ വാച്ച് ചെയ്യുന്നുണ്ട്,’ ലാല്‍ പറയുന്നു.

Content Highlight: Lal Talks About Jackie Shroff

We use cookies to give you the best possible experience. Learn more