| Tuesday, 17th June 2025, 12:36 pm

ആ മോഹന്‍ലാല്‍ ചിത്രത്തില്‍ വളരെ മോശമായാണ് ഞാന്‍ അഭിനയിച്ചത്; നല്ല കഥാപാത്രം കിട്ടിയിട്ടും ശരിക്ക് ഉപയോഗിക്കാത്ത മണ്ടനാണ് ഞാന്‍: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധാനം, അഭിനയം, തിരക്കഥാരചന, സിനിമാ നിര്‍മാണം തുടങ്ങി വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ലാല്‍. മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ അദ്ദേഹം സംവിധായകന്‍ സിദ്ദിഖിനൊപ്പവും അല്ലാതെയുമായി മലയാളത്തിന് നിരവധി ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ചിരുന്നു.

കളിയാട്ടം സിനിമയില്‍ പനിയന്‍ എന്ന വില്ലന്‍ കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടായിരുന്നു ലാല്‍ തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. ഇപ്പോള്‍ കന്മദം എന്ന സിനിമയിലെ തന്റെ കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് ലാല്‍.

കന്മദം സിനിമയെ കുറിച്ച് തന്റെയടുത്ത് ഒരുപാട് ആളുകള്‍ പറയാറുണ്ടെന്നും എന്നാല്‍ തനിക്കറിയാം ആ സിനിമയില്‍ താന്‍ വളരെ മോശമായിട്ടാണ് അഭിനയിച്ചതെന്നും ലാല്‍ പറഞ്ഞു. പക്ഷേ ഒരുപാട് സാധ്യതകള്‍ മുന്നോട്ടേക്ക് ഉണ്ടായിരുന്ന കഥാപാത്രമായിരുന്നു അതെന്നും വളരെ ശക്തമായ, ആഴത്തിലുള്ള ഒരു കഥാപാത്രമായിരുന്നു അതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അത്തരമൊരു നല്ല കഥാപാത്രം കിട്ടിയിട്ട് അതിനെ ഉപയോഗിക്കാതെ പോയ മണ്ടനാണ് താന്‍ എന്ന തോന്നല്‍ തനിക്കുണ്ടായെന്നും ലാല്‍ പറഞ്ഞു. സൈന സൗത്ത് പ്ലസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ഒരുപാട് പേര് കന്മദത്തിനെ പറ്റി എന്റെയടുത്ത് പറയുന്നുണ്ട്. പക്ഷേ എനിക്കറിയാം ഞാന്‍ അത് വളരെ മോശമായിട്ടാണ് ചെയ്തതെന്ന്. പക്ഷേ ഒരുപാട് ചാന്‍സുള്ള ഒരു ക്യാരക്ടറായിരുന്നു അത്. നല്ല ഡെപ്തുള്ള പവര്‍ഫുളായിട്ടുള്ള, ഹീറോയിസം ഉള്ള പോസിറ്റീവ് ആയിട്ടുള്ളൊരു കഥാപാത്രമായിരുന്നു. അതിനെ ഉപയോഗിക്കാതെ പോയൊരു മണ്ടനായിരുന്നു ഞാന്‍ എന്ന തോന്നല്‍ എനിക്കുണ്ട്,’ലാല്‍ പറയുന്നു.

കന്മദം

ലോഹിതദാസിന്റെ സംവിധാനത്തില്‍ 1998 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കന്മദം. മോഹന്‍ലാല്‍, ലാല്‍, മഞ്ജു വാര്യര്‍, കെ.പി.എ.സി. ലളിത എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ നിര്‍വ്വഹിച്ചതും എ.കെ. ലോഹിതദാസ് തന്നെയാണ്.

Content Highlight: Lal talks about his character in  Kanmadam movie

We use cookies to give you the best possible experience. Learn more