| Thursday, 20th February 2025, 5:31 pm

ജഗദീഷിന്റെ ഡേറ്റില്ലാത്തതുകൊണ്ട് അപ്പുക്കുട്ടനായി ആ നടനെയും പരിഗണിച്ചിരുന്നു: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിദ്ദിഖ് ലാല്‍ കൂട്ടുകെട്ടില്‍ 1990ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇന്‍ ഹരിഹര്‍ നഗര്‍. നാല് ചെറുപ്പക്കാരുടെയും അവര്‍ ചെന്ന് ചാടുന്ന ഊരാക്കുടുക്കുകളുടെയും കഥ പറഞ്ഞ ചിത്രം വന്‍ വിജയം സ്വന്തമാക്കിയിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗവും മൂന്നാം ഭാഗവും പുറത്തിറങ്ങുകയും രണ്ടും മികച്ച വിജയം സ്വന്തമാക്കുകയും ചെയ്തിരുന്നു.

ചിത്രത്തില്‍ പ്രേക്ഷകരെ ഏറ്റവുമധികം ചിരിപ്പിച്ചത് ജഗദീഷ് അവതരിപ്പിച്ച അപ്പുക്കുട്ടന്‍ എന്ന കഥാപാത്രമായിരുന്നു. ആദ്യഭാഗത്തിനെക്കാള്‍ ഇരട്ടി കോമഡിയായിരുന്നു രണ്ടാം ഭാഗത്തിലും മൂന്നാം ഭാഗത്തിലും ഉണ്ടായിരുന്നത്. ഇടയ്ക്ക് ഒരുകാലത്ത് ജഗദീഷ് എന്ന് പറഞ്ഞാല്‍ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രമായിരുന്നു പലരുടെയും മനസില്‍ തെളിഞ്ഞിരുന്ന മുഖം.

അപ്പുക്കുട്ടന്‍ എന്ന കഥാപാത്രത്തിലേക്ക് ജഗദീഷിന് പുറമെ മറ്റൊരു നടനെ പരിഗണിച്ചിരുന്നെന്ന് പറയുകയാണ് ലാല്‍. സ്‌ക്രിപ്റ്റ് പൂര്‍ത്തിയായപ്പോള്‍ ആ കഥാപാത്രത്തിലേക്ക് ജഗദീഷിനെ മനസില്‍ കണ്ടെന്നും അയാളുടെ ഡേറ്റിനായി ശ്രമിച്ചെന്നും ലാല്‍ പറഞ്ഞു. എന്നാല്‍ ജഗദീഷിന് ഡേറ്റില്ലെന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ തങ്ങളോട് പറഞ്ഞെന്നും താനും സിദ്ദിഖും അത് കേട്ട് വല്ലാതായെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

പിന്നീട് ആ വേഷത്തിലേക്ക് അപ്പാ ഹാജയെ പരിഗണിച്ചെന്നും ഷൂട്ടിന് മുമ്പ് ഒരുദിവസം ജഗദീഷിനെ താന്‍ വഴിയില്‍ വെച്ച് കണ്ടെന്നും ലാല്‍ പറയുന്നു. ഇന്‍ ഹരിഹര്‍ നഗറിനെക്കുറിച്ച് ജഗദീഷിനോട് സംസാരിച്ചപ്പോള്‍ തന്നെ ആരും സമീപിച്ചില്ലെന്ന് ജഗദീഷ് പറഞ്ഞെന്നും തങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ അയാള്‍ കാത്തിരിക്കുകയായിരുന്നെന്ന് പറഞ്ഞെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. ഒടുവില്‍ അപ്പുക്കുട്ടനായി ജഗദീഷ് തന്നെ വന്നെന്നും ലാല്‍ പറഞ്ഞു. അമൃത ടി.വിയോട് സംസാരിക്കുകയായിരുന്നു ജഗദീഷ്.

‘ഹരിഹര്‍ നഗറിന്റെ സ്‌ക്രിപ്റ്റ് എഴുതിക്കഴിഞ്ഞപ്പോള്‍ തന്നെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രമായി ജഗദീഷായിരുന്നു ഞങ്ങളുടെ മനസില്‍. എന്നാല്‍ അയാള്‍ക്ക് ഡേറ്റില്ല, തിരക്കാണ് എന്ന് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഞങ്ങളെ അറിയിച്ചു. അത് കേട്ടതും ഞാനും സിദ്ദിഖും വല്ലാതായി. ഒടുവില്‍ ആ വേഷം അപ്പാ ഹാജക്ക് കൊടുക്കാമെന്ന് വിചാരിച്ചു.

ഷൂട്ടിന് മുമ്പ് ഒരുദിവസം ജഗദീഷിനെ വഴിയില്‍ വെച്ച് കണ്ടു. അപ്പോള്‍ ഈ സിനിമയെപ്പറ്റി അയാളോട് സംസാരിച്ചു. ഡേറ്റിനായി ആരും പുള്ളിയെ വിളിച്ചില്ലെന്നായിരുന്നു മറുപടി. ഞങ്ങളുടെ ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹിച്ച് നടക്കുകയാണെന്നും ജഗദീഷ് പറഞ്ഞു. അങ്ങനെ അപ്പുക്കുട്ടന്‍ എന്ന കഥാപാത്രമായി ജഗദീഷ് തന്നെ വന്നു. അപ്പാ ഹാജക്ക് വേറൊരു ചെറിയ വേഷം ആ പടത്തില്‍ കൊടുത്തു,’ ലാല്‍ പറഞ്ഞു.

Content Highlight: Lal shares the memories of In Harihar Nagar movie

We use cookies to give you the best possible experience. Learn more