| Saturday, 5th July 2025, 9:25 pm

ആ സിനിമയിറങ്ങിയ സമയത്ത് അതിലെ എന്റെ അഭിനയം നന്നായിട്ടുണ്ടെന്ന് എം.ടി. സാര്‍ പറഞ്ഞു, വലിയ അംഗീകാരമായിരുന്നു അത്: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയ നടന്മാരില്‍ പ്രധാനിയാണ് ലാല്‍. സിദ്ദിഖിനൊപ്പം ഫാസിലിന്റെ സഹായിയായി സിനിമാലോകത്തേക്ക് കടന്നുവന്ന ലാല്‍ റാംജി റാവ് സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സ്വതന്ത്രസംവിധായകനായി. സിദ്ദിഖിനൊപ്പം ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ലാല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. തുടര്‍ന്ന് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ലാലിന് സാധിച്ചു.

മലയാളത്തിന്റെ മഹാ സാഹിത്യകാരന്‍ എം.ടി. വാസുദേവന്‍ നായരെക്കുറിച്ച് സംസാരിക്കുകയാണ് ലാല്‍. എം.ടി. വാസുദേവന്‍ നായര്‍ തിരക്കഥയെഴുതിയ ദയ എന്ന സിനിമയില്‍ ചെറിയൊരു ഭാഗം തന്നെക്കൊണ്ടാണ് എഴുതിച്ചതെന്നും ജീവിതത്തില്‍ മറക്കാനാകാത്ത അനുഭവമായിരുന്നു അതെന്നും ലാല്‍ പറഞ്ഞു. സ്ലാപ്സ്റ്റിക് കോമഡി ചെയ്യാന്‍ അറിയാത്തതുകൊണ്ടാണ് ആ ഭാഗം തന്നെ എല്പിച്ചതെന്നും താരം കൂട്ടിച്ചേര്‍ത്തു.

താന്‍ അഭിനയിച്ച തലപ്പാവ് എന്ന സിനിമ റിലീസായ സമയത്ത് എം.ടിയെ കോഴിക്കോട് വെച്ച് കണ്ടെന്നും അദ്ദേഹം ആ സിനിമ കണ്ടിരുന്നെന്നും ലാല്‍ പറയുന്നു. ആ സിനിമയിലെ തന്റെ പ്രകടനം നന്നായിട്ടുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായമെന്നും ആ വാക്കുകള്‍ താന്‍ ഒരിക്കലും മറക്കില്ലെന്നും താരം പറഞ്ഞു. മഴവില്‍ മനോരമയോട് സംസാരിക്കുകയായിരുന്നു ലാല്‍.

‘ദയ എന്ന സിനിമയിലെ ചെറിയൊരു ഭാഗം എഴുതാന്‍ എനിക്ക് ഭാഗ്യം കിട്ടി. എം.ടി സാര്‍ എഴുതിയ സ്‌ക്രിപ്റ്റില്‍ ഒരുവാക്ക് പോലും മാറ്റാന്‍ ആര്‍ക്കും അധികാരമില്ലാത്ത സമയത്തായിരുന്നു അത് സംഭവിച്ചത്. സ്ലാപ്സ്റ്റിക് കോമഡി എഴുതി ഫലിപ്പിക്കാന്‍ അദ്ദേഹത്തിന് അറിയില്ലെന്ന് എന്നോട് പറഞ്ഞു. അതുകൊണ്ട് ആ ഭാഗം ഞാന്‍ എഴുതി, സിദ്ദിഖ് ആ സീന്‍ ഡയറക്ട് ചെയ്തു.

അതുപോലെ എം.ടി സാറുമായി ബന്ധപ്പെട്ട മറ്റൊരു ഓര്‍മ കൂടിയുണ്ട്. തലപ്പാവ് എന്ന സിനിമ റിലീസായ സമയത്ത് സാറിനെ കോഴിക്കോട് വെച്ച് കാണാന്‍ സാധിച്ചു. അദ്ദേഹം തലപ്പാവ് കണ്ടിട്ടുണ്ടായിരുന്നു. ‘തന്റെ പുതിയ സിനിമ കണ്ടു, നന്നായിട്ടുണ്ട്’ എന്ന് പറഞ്ഞു. അധികം സംസാരിക്കാത്ത ആളായിരുന്നു എം.ടി സാര്‍. ആ വാക്കുകള്‍ വലിയ അവാര്‍ഡ് പോലെയായിരുന്നു,’ ലാല്‍ പറഞ്ഞു.

മധുപാല്‍ ആദ്യമായി സംവിധായക കുപ്പായമണിഞ്ഞ ചിത്രമായിരുന്നു തലപ്പാവ്. നക്‌സല്‍ വര്‍ഗീസിന്റെ കൊലപാതകവും ഹെഡ് കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരുടെ ജീവിതത്തെയും അടിസ്ഥാനമാക്കിയാണ് ചിത്രം ഒരുങ്ങിയത്. മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് ലാലിനും മികച്ച നവാഗത സംവിധായകനുള്ള പുരസ്‌കാരം മധുപാലിനും തലപ്പാവിലൂടെ ലഭിച്ചു

Content Highlight: Lal shares M T Vasudevan Nair’s appreciation after Thalappavu movie release

We use cookies to give you the best possible experience. Learn more