| Thursday, 10th April 2025, 9:17 am

സിനിമയില്‍ എന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് ആ നടന്‍, അയാളുടെ സുഹൃത്തുക്കളുടെ ലിസ്റ്റില്‍ ഞാനില്ലെന്നറിഞ്ഞപ്പോള്‍ വിഷമമായി: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയവരില്‍ പ്രധാനിയാണ് ലാല്‍. സിദ്ദിഖിനൊപ്പം ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ലാല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ലാലിന് സാധിച്ചു. സിദ്ദിഖുമായി പിരിഞ്ഞ ശേഷവും സംവിധാനരംഗത്ത് ലാല്‍ തന്റെ സാന്നിധ്യമറിയിച്ചു.

സിനിമയില്‍ സജീവമാണെങ്കിലും അഭിമുഖങ്ങളില്‍ ലാല്‍ അത്ര സജീവമല്ല. താന്‍ അഭിമുഖം നല്‍കാത്തതിന്റെ കാരണം വിശദമാക്കുകയാണ് ലാല്‍. ഓരോ ഇന്റര്‍വ്യൂ കൊടുത്തതിന് ശേഷവും എല്ലാവരും ഒരു ശത്രുവിനെയെങ്കിലും അറിയാതെ ഉണ്ടാക്കാറുണ്ടെന്ന് ലാല്‍ പറഞ്ഞു. തന്റെ ഓരോ അഭിമുഖത്തിന് ശേഷവും ആരെയെങ്കിലും പിണക്കേണ്ട അവസ്ഥയായിരിക്കുമെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

തന്റെ കാര്യത്തില്‍ മാത്രമല്ല, പല നടന്മാരുടെ കാര്യത്തിലും ഇത് നടക്കാറുണ്ടെന്ന് ലാല്‍ പറയുന്നു. എന്‍.എഫ്. വര്‍ഗീസിനെ പണ്ട് ഒരാള്‍ ഇന്റര്‍വ്യൂ ചെയ്തപ്പോള്‍ താനും സിദ്ദിഖും അവിടെയുണ്ടായിരുന്നെന്ന് ലാല്‍ പറഞ്ഞു. ഇന്റര്‍വ്യൂവിന്റെ ഇടയില്‍ അദ്ദേഹം ഉണ്ടാക്കിയ ശത്രുക്കളെ തങ്ങള്‍ എണ്ണിയെന്നും 16 ശത്രുക്കളെ അദ്ദേഹം ഒരൊറ്റ അഭിമുഖത്തില്‍ നിന്ന് ഉണ്ടാക്കിയെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

എന്തും വെട്ടിത്തുറന്ന് സംസാരിക്കുന്നയാളാണ് എന്‍.എഫ്. വര്‍ഗീസെന്നും ലാല്‍ പറഞ്ഞു. അഭിമുഖങ്ങളില്‍ എല്ലാവരും തുറന്നുപറയുമ്പോള്‍ പലര്‍ക്കും വിഷമം തോന്നുമെന്നും ഈയടുത്ത് അതുപോലൊരു അവസ്ഥ തനിക്ക് ഉണ്ടായെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. സിനിമയില്‍ തന്റെ അടുത്ത സുഹൃത്തുക്കളിലൊരാളാണ് സുരേഷ് കൃഷ്ണയെന്നും അടുത്തിടെ അയാള്‍ ഒരു ഇന്റര്‍വ്യൂ കൊടുത്തെന്നും ലാല്‍ പറഞ്ഞു.

എന്നാല്‍ ആ അഭിമുഖത്തില്‍ അയാളുടെ സുഹൃത്തുക്കളെക്കുറിച്ച് സംസാരിച്ചപ്പോള്‍ അതില്‍ തന്റെ പേരില്ലായിരുന്നെന്നും അത് തനിക്ക് വിഷമമുണ്ടാക്കിയെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. പിന്നീട് താന്‍ സുരേഷ് കൃഷ്ണയെ വിളിച്ച് സംസാരിച്ചെന്നും ലാല്‍ പറഞ്ഞു. രേഖാ മേനോനുമായുള്ള അഭിമുഖത്തിലായിരുന്നു ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘ഞാന്‍ അങ്ങനെ ഇന്റര്‍വ്യൂ ഒന്നും കൊടുക്കാറില്ല. ആവശ്യമില്ലാതെ ശത്രുക്കളെ ഉണ്ടാക്കുന്ന ഒരു പരിപാടിയായിട്ടാണ് ഞാന്‍ ഈ ഇന്റര്‍വ്യൂസിനെ കാണുന്നത്. നമ്മള്‍ എന്തെങ്കിലും പറയുമ്പോള്‍ ആര്‍ക്കെങ്കിലും അത് ഹര്‍ട്ടാകും. ഇന്റര്‍വ്യൂ കൊണ്ട് മാത്രം ശത്രുക്കളെ ഉണ്ടാക്കിയവര്‍ നമ്മുടെ ഇന്‍ഡസ്ട്രിയിലുണ്ട്. അതിലൊരാളായിരുന്നു എന്‍.എഫ്. വര്‍ഗീസ്.

പുള്ളി ഒരു ഇന്റര്‍വ്യൂ കൊടുത്ത സമയത്ത് ഞാനും സിദ്ദിഖും അവിടെ ഉണ്ടായിരുന്നു. ഞങ്ങള്‍ അവിടെ ഇരുന്ന് എണ്ണമെടുത്തു. 16 ശത്രുക്കളെയാണ് പുള്ളി ഒരൊറ്റ ഇന്റര്‍വ്യൂ കൊണ്ട് ഉണ്ടാക്കിയത്. എന്തും വെട്ടിത്തുറന്ന് പറയുന്ന ആളായിരുന്നു അദ്ദേഹം. എനിക്കും ഈയടുത്ത് അതുപോലൊരു അനുഭവമുണ്ടായിട്ടുണ്ട്. സിനിമയില്‍ എനിക്ക് ഏറ്റവും അടുപ്പമുള്ളവരില്‍ ഒരാളാണ് സുരേഷ് കൃഷ്ണ.

ഞങ്ങള്‍ സിനിമയില്ലാത്ത സമയത്തും ഒരുമിച്ച് കൂടാറുണ്ട്. ഈയടുത്ത് സുരേഷ് ഒരു ഇന്റര്‍വ്യൂ കൊടുത്തിരുന്നു. അതില്‍ അയാളുടെ ഏറ്റവുമടുത്ത സുഹൃത്തുക്കളെക്കുറിച്ച് സംസാരിച്ചു. അതില്‍ എന്റെ പേര് ഉണ്ടായിരുന്നില്ല. എനിക്ക് അത് വലിയ വിഷമമുണ്ടാക്കി. ഞാന്‍ പിന്നീട് സുരേഷിനെ വിളിച്ച് സംസാരിച്ചിരുന്നു,’ ലാല്‍ പറയുന്നു.

Content Highlight: Lal saying that he didn’t like to give much interviews

We use cookies to give you the best possible experience. Learn more