മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തി നടന്മാരില്‍ പ്രധാനിയാണ് ലാല്‍. സംവിധായകനായാണ് ലാല്‍ തുടക്കകാലത്ത് സിനിമയില്‍ തിളങ്ങിയത്. സിദ്ദിഖിനൊപ്പം ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ലാല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. തുടര്‍ന്ന് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ലാലിന് സാധിച്ചു.
ഒപ്പമഭിനയിച്ച ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സ് കണ്ട് പതറിയ അനുഭവം പങ്കുവെക്കുകയാണ് ലാല്‍. കന്മദം എന്ന സിനിമയില്‍ മഞ്ജു വാര്യറുടെ പെര്‍ഫോമന്‍സ് കണ്ട് താന്‍ പതറിയിട്ടുണ്ടെന്ന് ലാല്‍ പറഞ്ഞു. അത്രമാത്രം ഗംഭീരമായാണ് മഞ്ജു ആ കഥാപാത്രത്തെ അവതരിപ്പിച്ചതെന്നും ഒപ്പം പിടിച്ചുനില്‍ക്കാന്‍ താന്‍ പാടുപെട്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ അതേ സിനിമയില്‍ മോഹന്‍ലാലുമൊത്ത് തനിക്ക് ഒരുപാട് സീനുകളുണ്ടായിരുന്നെന്നും അതെല്ലാം ഷൂട്ട് ചെയ്ത സമയത്ത് തനിക്ക് അങ്ങനെയൊരു പതര്‍ച്ച തോന്നിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. മോഹന്‍ലാലുമായുള്ള അടുപ്പം കൊണ്ടാകാം ആ സീനുകളില്‍ ബുദ്ധിമുട്ട് തോന്നാത്തതെന്നും ലാല്‍ പറഞ്ഞു. കൗമുദി മൂവീസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഒപ്പം അഭിനയിച്ച ആര്‍ട്ടിസ്റ്റുകളുടെ പെര്‍ഫോമന്‍സ് കണ്ട് പതറിയിട്ടുണ്ട്. കന്മദം എന്ന പടത്തില്‍ മഞ്ജു വാര്യറുടെ കൂടെയുള്ള സീനില്‍ അവരുടെ പെര്‍ഫോമന്‍സ് കണ്ടപ്പോഴായിരുന്നു അത്. ഞാനും മഞ്ജുവും തമ്മിലുള്ള ആദ്യത്തെ സീനായിരുന്നു അത്. മഞ്ജുവിന്റെ പെര്‍ഫോമന്‍സ് കണ്ട് നമ്മള്‍ പലപ്പോഴും ഞെട്ടിയിട്ടുണ്ടെങ്കിലും നേരിട്ട് കണ്ടത് കന്മദതത്തിലായിരുന്നു.
ആ സീന്‍ ഷൂട്ട് ചെയ്യുന്നതിന്റെ തലേദിവസം ഞാനും ലാലും കൂടിയുള്ള കോമ്പിനേഷന്‍ സീനുകള്‍ എടുത്തിട്ടുണ്ടായിരുന്നു. അപ്പോഴൊന്നും ഈ പ്രശ്‌നം തോന്നിയിട്ടില്ലായിരുന്നു. ഒരുപക്ഷേ, ഞാനും ലാലും തമ്മിലുള്ള അടുപ്പം കാരണമാകാം. പക്ഷേ, മഞ്ജു ഇത്ര ഗംഭീരമായി പെര്‍ഫോം ചെയ്യുമെന്ന് വിചാരിച്ചില്ല. നമ്മളും ഒരു നല്ല നടനാകണമെന്ന് അന്ന് തീരുമാനിച്ചു,’ ലാല്‍ പറയുന്നു.
ലോഹിതദാസ് കഥയെഴുതി സംവിധാനം ചെയ്ത് 1998ല്‍ പുറത്തിറങ്ങിയ ചിത്രമാണ് കന്മദം. മോഹന്‍ലാല്‍, മഞ്ജു വാര്യര്‍ എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രത്തില്‍ ലാലും ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിരുന്നു. മഞ്ജു വാര്യറുടെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായാണ് കന്മദത്തിലെ ഭാനുമതിയെ കണക്കാക്കുന്നത്.
Content Highlight: Lal saying he wondered after witnessing the performance of Manju Warrier in Kanmadam movie