| Saturday, 18th January 2025, 1:31 pm

ആ പാട്ട് ദിവസവും മൂന്ന് തവണയെങ്കിലും കേള്‍ക്കാതെ എനിക്ക് ഇപ്പോള്‍ ഉറങ്ങാന്‍ പറ്റില്ല: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയിലൂടെ സിനിമയിലേക്കെത്തിയ നടനാണ് ലാല്‍. റാംജിറാവു സ്പീക്കിങ് എന്ന ചിത്രം സിദ്ദിഖുമൊത്ത് സംവിധാനം ചെയ്ത ലാല്‍ അഭിനയത്തിലും നിര്‍മാണത്തിലും തന്റെ കയ്യൊപ്പ് ചാര്‍ത്തിയിട്ടുണ്ട്. സിദ്ദിഖുമായി പിരിഞ്ഞ ശേഷവും ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍ എന്നീ ഹിറ്റുകള്‍ ഒരുക്കി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഇംഗ്ലീഷ്, ഭോജ്പുരി, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.

തമിഴില്‍ അടുത്തിടെ ലാലിനെ തേടി വന്നതെല്ലാം മികച്ച സിനിമകളാണ്. മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വന്‍, മാരി സെല്‍വരാജിന്‍രെ കര്‍ണന്‍, മാമന്നന്‍ തുടങ്ങിയ ചിത്രങ്ങളിലെല്ലാം ലാലിന് മികച്ച വേഷങ്ങളായിരുന്നു. ഏറ്റവുമൊടുവില്‍ തിയേറ്ററുകളിലെത്തിയ കാതലിക്ക നേരമില്ലൈയിലും ലാലിന് മികച്ച കഥാപാത്രമായിരുന്നു ലഭിച്ചത്.

ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത് എ.ആര്‍. റഹ്‌മാനാണ്. തനിക്ക് എക്കാലവും ഇഷ്ടപ്പെട്ട സംഗീതസംവിധായകരിലൊരാളാണ് റഹ്‌മാനെന്ന് ലാല്‍ പറഞ്ഞു. മാമന്നന്‍ എന്ന സിനിമയില്‍ റഹ്‌മാന്‍ കമ്പോസ് ചെയ്ത ‘നെഞ്ചമേ നെഞ്ചമേ’ എന്ന പാട്ട് തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും ദിവസവും മൂന്ന് തവണയെങ്കിലും ആ പാട്ട് കേട്ടാലേ തനിക്ക് ഉറക്കം വരുള്ളൂവെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു.

കതലിക്ക നേരമില്ലൈ താന് ഒരുപാട് എന്‍ജോയ് ചെയ്ത് അഭിനയിച്ച സിനിമയാണെന്നും സെറ്റിലെത്തിയ സമയത്ത് തന്നെ ഈ സിനിമ ഹിറ്റാകുമെന്ന് തനിക്ക് തോന്നിയെന്നും ലാല്‍ പറഞ്ഞു. സെറ്റില്‍ എപ്പോഴും പോസിറ്റീവ് വൈബായിരുന്നെന്നും ആ ഒരു കാരണം കൊണ്ടാണ് സിനിമ ഹിറ്റാകുമെന്ന് തനിക്ക് മനസിലായതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു ലാല്‍.

‘ഈ സിനിമയിലെ ഏറ്റവും വലിയ അട്രാക്ഷന്‍ റഹ്‌മാന്‍ സാറാണ്. അദ്ദേഹത്തിന്റെ പാട്ടുകള്‍ സിനിമക്ക് കൊടുക്കുന്ന മൈലേജ് വളരെ വലുതാണ്. എനിക്ക് ഇഷ്ടപ്പെട്ട മ്യൂസിക് ഡയറക്ടര്‍മാരില്‍ ഒരാളാണ് റഹ്‌മാന്‍ സാര്‍. ഇതിന് മുമ്പ് മാമന്നന്‍ എന്ന സിനിമയില്‍ അദ്ദഹമായിരുന്നു സംഗീതം. ആ സിനിമയിലെ ‘നെഞ്ചമേ നെഞ്ചമേ’ എന്ന പാട്ട് എനിക്ക് ഒരുപാട് ഇഷ്ടമാണ്. ദിവസവും മൂന്ന് തവണയെങ്കിലും അത് കേള്‍ക്കാതെ എനിക്ക് ഉറക്കം വരില്ല.

കാതലിക്ക നേരമില്ലൈ എന്ന സിനിമ ഹിറ്റാകുമെന്ന് എനിക്ക് നൂറ് ശതമാനം ഉറപ്പാണ്. കാരണം, ഈ പടത്തിന്റെ ഷൂട്ട് നടക്കുന്ന സമയം സെറ്റില്‍ എപ്പോഴും പോസിറ്റീവ് വൈബായിരുന്നു. ആ വൈബ് സിനിമയെയും നല്ല രീതിയില്‍ ബാധിച്ചിട്ടുണ്ട്. ഈ സിനിമ എന്തായാലും ഹിറ്റാകുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്,’ ലാല്‍ പറയുന്നു.

Content Highlight: Lal saying he enjoy A R Rahman’s song in Maamannan movie

Latest Stories

We use cookies to give you the best possible experience. Learn more