| Wednesday, 9th April 2025, 8:20 pm

സിനിമയിലെ നല്ലപിള്ള ഇമേജ് നഷ്ടപ്പെടുമോ എന്ന് പേടിച്ച് ആ മമ്മൂട്ടി ചിത്രത്തിലെ വില്ലന്‍ വേഷം വേണ്ടെന്ന് വെച്ചു: ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മിമിക്രിയില്‍ നിന്ന് സിനിമയിലേക്കെത്തിയവരില്‍ പ്രധാനിയാണ് ലാല്‍. സിദ്ദിഖിനൊപ്പം ഒരുപിടി മികച്ച സിനിമകള്‍ സംവിധാനം ചെയ്ത ലാല്‍ ജയരാജ് സംവിധാനം ചെയ്ത കളിയാട്ടത്തിലൂടെയാണ് അഭിനയരംഗത്തേക്ക് ചുവടുവെച്ചത്. പിന്നീട് മലയാളത്തിലും തെലുങ്കിലും തമിഴിലും ഹിന്ദിയിലും മികച്ച വേഷങ്ങള്‍ ചെയ്യാന്‍ ലാലിന് സാധിച്ചു. സിദ്ദിഖുമായി പിരിഞ്ഞ ശേഷവും സംവിധാനരംഗത്ത് ലാല്‍ തന്റെ സാന്നിധ്യമറിയിച്ചു.

ഒരുപാട് അവാര്‍ഡുകള്‍ വാരിക്കൂട്ടിയ കളിയാട്ടമായിരുന്നു ലാലിന്റെ ആദ്യചിത്രം. വില്ലനായി അഭിനയജീവിതം തുടങ്ങിയ ലാല്‍ ആദ്യചിത്രത്തിലൂടെ തന്നെ തന്റെ പ്രകടനം കൊണ്ട് ഞെട്ടിച്ചു. എന്നാല്‍ കളിയാട്ടത്തിന് മുമ്പ് തന്നെ അഭിനയിക്കാന്‍ അവസരം ലഭിച്ചിരുന്നെന്ന് പറയുകയാണ് ലാല്‍. മമ്മൂട്ടിയെ നായകനാക്കി ജയരാജ് സംവിധാനം ചെയ്ത ജോണിവാക്കറില്‍ വില്ലനായി ആദ്യം വിളിച്ചത് തന്നെയായിരുന്നെന്ന് ലാല്‍ പറഞ്ഞു.

എന്നാല്‍ അന്ന് സിനിമാലോകത്ത് തനിക്ക് നല്ലപിള്ള ഇമേജായിരുന്നെന്നും വില്ലന്‍ വേഷം ചെയ്താല്‍ അത് പോകുമോ എന്ന് പേടിച്ചെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. എഴുത്തും സംവിധാനവുമൊക്കെയായി ആര്‍ക്കും ദോഷമില്ലാതെ കഴിഞ്ഞുപോകുന്ന സമയമായിരുന്നു അതെന്നും ലാല്‍ പറഞ്ഞു. സിനിമയില്‍ വില്ലത്തരം കാണിച്ചാല്‍ അത് തന്റെ യഥാര്‍ത്ഥ സ്വഭാവമായിരിക്കുമെന്ന് പലരും ചിന്തിക്കുമോ എന്ന് ആലോചിച്ചെന്നും ലാല്‍ പറയുന്നു.

എന്നാല്‍ അതെല്ലാം വെറും അന്ധവിശ്വാസമായിരുന്നെന്ന് പിന്നീട് മനസിലായെന്നും അതിന് ശേഷം കിട്ടുന്ന വേഷങ്ങളെല്ലാം ഒരു മടിയും കൂടാതെ ചെയ്‌തെന്നും ലാല്‍ പറഞ്ഞു. അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കളിയാട്ടമെന്നും എല്ലാവര്‍ക്കും ദേഷ്യം തോന്നിയ വില്ലനായിരുന്നു ആ സിനിമയിലേതെന്നും ലാല്‍ കൂട്ടിച്ചേര്‍ത്തു. രേഖ മേനോനുമായി സംസാരിക്കുകയായിരുന്നു ലാല്‍.

‘കളിയാട്ടമാണ് ആദ്യത്തെ പടം. എനിക്ക് ഒന്നും കിട്ടിയില്ലെങ്കിലും ബാക്കി പലര്‍ക്കും ആ പടത്തില്‍ അവാര്‍ഡ് കിട്ടി. എന്നാല്‍ കളിയാട്ടത്തിന് മുന്നേ ജയരാജ് എന്നെ അഭിനയിക്കാന്‍ വിളിച്ചിരുന്നു. മമ്മൂട്ടിയുടെ ജോണി വാക്കറിലെ വില്ലന്‍ വേഷത്തിലേക്ക് ആദ്യം വിളിച്ചത് എന്നെയായിരുന്നു. പക്ഷേ, ഞാന്‍ പോയില്ല. കാരണം, സിനിമയില്‍ എനിക്കും സിദ്ദിഖിനും ആ സമയത്ത് നല്ലപിള്ള ഇമേജായിരുന്നു.

ഒരു പ്രശ്‌നവുമുണ്ടാക്കാത്ത, ആരെക്കൊണ്ടും കുറ്റം പറയിക്കാത്ത ആള്‍ക്കാരായിരുന്നു ഞങ്ങള്‍. ആ സമയത്ത് ഞാന്‍ പോയിട്ട് ഇതുപോലെ പെണ്ണുങ്ങളെ ഉപദ്രവിക്കുന്ന, ആള്‍ക്കാരെ കൊല്ലുന്ന ഒരു വില്ലനായി വന്നാല്‍ ആ നല്ലപിള്ള ഇമേജ് പോകുമോ എന്ന് പേടിച്ചു. എന്നാല്‍ അത് വെറും അന്ധവിശ്വാസമായിരുന്നെന്ന് മനസിലായി. ആദ്യം ചെയ്തത് തന്നെ കളിയാട്ടത്തിലെ വില്ലനായിരുന്നല്ലോ. പലര്‍ക്കും ആ കഥാപാത്രത്തോട് ദേഷ്യം തോന്നിയിരുന്നു,’ ലാല്‍ പറയുന്നു.

Content Highlight: Lal saying director Jayaraj approached him to do the Villain role in Johnny Walker movie

We use cookies to give you the best possible experience. Learn more