| Friday, 16th May 2025, 6:41 am

1979ല്‍ ഇറങ്ങിയ ക്യാമ്പസ് ചിത്രം; ക്ലാസ്‌മേറ്റ്‌സ് ചെയ്യുമ്പോള്‍ ഞങ്ങളെ ഒരുപാട് പ്രചോദിപ്പിച്ചു: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2006ല്‍ ലാല്‍ ജോസിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ ചിത്രമാണ് ക്ലാസ്മേറ്റ്സ്. ക്യാമ്പസിന്റെ പശ്ചാത്തലത്തിലുള്ള കഥയായിരുന്നു ഈ സിനിമ പറഞ്ഞത്. ജെയിംസ് ആല്‍ബര്‍ട്ട് കഥയും തിരക്കഥയും രചിച്ച ക്ലാസ്മേറ്റ്സ് അന്നത്തെ യുവത്വത്തിന്റെ പള്‍സറിഞ്ഞ് പുറത്തിറങ്ങിയ ചിത്രമായിരുന്നു.

പൃഥ്വിരാജ് സുകുമാരന്‍, കാവ്യ മാധവന്‍, രാധിക, നരേന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ തുടങ്ങിയ വലിയൊരു താരനിര തന്നെ ഈ സിനിമക്കായി ഒന്നിച്ചിരുന്നു. ഇപ്പോള്‍ ക്ലാസ്‌മേറ്റ്‌സ് ചെയ്യുമ്പോള്‍ തന്നെ പ്രചോദിപ്പിച്ച സിനിമയെ കുറിച്ച് പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

1979ല്‍ പുറത്തിറങ്ങിയ ഉള്‍ക്കടല്‍ എന്ന സിനിമയെ കുറിച്ചാണ് അദ്ദേഹം പറയുന്നത്. കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ഈ ചിത്രം ലക്ഷണമൊത്ത ഒരു ക്യാമ്പസ് സ്റ്റോറി ആയിരുന്നുവെന്നാണ് ലാല്‍ ജോസ് പറയുന്നത്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.

‘കെ.ജി. ജോര്‍ജ് സാറിനെ വളരെ തീക്ഷ്ണമായി നമ്മള്‍ ഫോളോ ചെയ്തിരുന്ന കാലത്താണ് ഉള്‍ക്കടല്‍ എന്ന ഒരു സിനിമ വരുന്നത്. കോലങ്ങള്‍, യവനിക എന്നീ സിനിമകളൊക്കെ ചെയ്തിട്ട് നില്‍ക്കുന്ന സമയമാണ്. ലേഖയുടെ മരണം ഒരു ഫ്‌ളാഷ്ബാക്ക് എന്ന സിനിമയും ചെയ്ത് കഴിഞ്ഞിട്ട് നില്‍ക്കുകയായിരുന്നു.

അദ്ദേഹം വളരെ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയമായിരുന്നു അത്. അപ്പോഴാണ് ഉള്‍ക്കടല്‍ വരുന്നത്. അത് ലക്ഷണമൊത്ത ഒരു ക്യാമ്പസ് സ്റ്റോറി ആയിരുന്നു. പിന്നീട് ക്ലാസ്‌മേറ്റ്‌സ് ചെയ്യുമ്പോള്‍ നമ്മളെ ഒരുപാട് പ്രചോദിപ്പിച്ച സിനിമ കൂടിയായിരുന്നു ഉള്‍ക്കടല്‍,’ ലാല്‍ ജോസ് പറയുന്നു.

ഉള്‍ക്കടല്‍:

1979ല്‍ കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് ഉള്‍ക്കടല്‍. വേണു നാഗവള്ളിയും ശോഭയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ കൂടിയായിരുന്നു അത്. മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് ചിത്രമായാണ് ഈ സിനിമയെ കണക്കാക്കപ്പെടുന്നത്.

ജോര്‍ജ് ഓണക്കൂറിന്റെ അതേ പേരിലുള്ള നോവലില്‍ നിന്നാണ് ഈ കഥയുണ്ടാകുന്നത്. തിരുവനന്തപുരം മാര്‍ ഇവാനിയോസ് കോളേജില്‍ ആയിരുന്നു ഉള്‍ക്കടല്‍ സിനിമയുടെ ചിത്രീകരണം.


Content Highlight: Lal Jose Talks About Ulkadal Movie And Classmates

We use cookies to give you the best possible experience. Learn more