1979ല്‍ കെ.ജി. ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് ഉള്‍ക്കടല്‍. വേണു നാഗവള്ളിയും ശോഭയും പ്രധാന കഥാപാത്രങ്ങളായി എത്തിയ സിനിമ മലയാളത്തിലെ ആദ്യത്തെ ക്യാമ്പസ് ചിത്രമായാണ് കണക്കാക്കപ്പെടുന്നത്.
എന്നാല്‍ ജയന്‍ അപകടത്തില്‍ മരിച്ചതോടെ പകരം രതീഷിനെ കൊണ്ടുവരികയായിരുന്നു. ഇപ്പോള്‍ അതിനെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകന്‍ ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു സംവിധായകന്‍.
‘കെ.ജി. ജോര്‍ജ് സാറിന്റെ ഉള്‍ക്കടല്‍ എന്ന സിനിമയില്‍ വേണു നാഗവള്ളിയും ശോഭയും ആയിരുന്നു പ്രധാനവേഷത്തില്‍ എത്തിയത്. എന്നാല്‍ ആ സിനിമ കണ്ട എല്ലാവരും ശ്രദ്ധിച്ചത് അതിലെ പുതിയ ഒരു ചെറുപ്പക്കാരനെ ആയിരുന്നു.
ഇരുണ്ട നിറമുള്ള, വെള്ളാരം കണ്ണുകളുള്ള ചെറുപ്പക്കാരനായിരുന്നു അത്. രതീഷ് എന്നായിരുന്നു ആ നടന്റെ പേര്. അന്ന് ഉള്‍ക്കടല്‍ കണ്ട ആളുകളെല്ലാം നായകനേക്കാള്‍ രതീഷിനെയാണ് ശ്രദ്ധിച്ചത്. ആ ഒരൊറ്റ സിനിമയിലൂടെ തന്നെ രതീഷ് ചെറുപ്പക്കാരുടെ ഇടയില്‍ വളരെ പോപ്പുലറായി.
അപ്പോഴാണ് ജയന്‍ എന്ന മഹാനായ ആക്ഷന്‍ ഹീറോ കോളിളക്കം സിനിമയുടെ സമയത്ത് അപകടത്തില്‍ മരിക്കുന്നത്. 80കളിലാണ് അതെന്നാണ് എന്റെ ഓര്‍മ. അദ്ദേഹത്തിന്റെ മരണം അന്ന് എല്ലാവര്‍ക്കും വലിയ ഷോക്കായിരുന്നു.
അദ്ദേഹത്തെ വെച്ച് സ്ഥിരമായി സിനിമ ചെയ്തിരുന്ന സംവിധായകരൊക്കെ വലിയ സങ്കടത്തിലായി. അദ്ദേഹത്തെ പോലെ ആക്ഷന്‍ വേഷങ്ങള്‍ ചെയ്യാന്‍ പറ്റിയ ഹീറോ വേറെ ഉണ്ടായിരുന്നില്ല. അങ്ങാടി പോലെയുള്ള ജയന്റെ ഗംഭീര സിനിമകള്‍ ചെയ്ത സംവിധായകനാണ് ഐ.വി. ശശി.
അദ്ദേഹം ജയനെ വെച്ച് പ്ലാന്‍ ചെയ്ത സിനിമയായിരുന്നു തുഷാരം. ആ സിനിമയിലേക്ക് ആരെ നായകനാക്കും എന്ന സംശയം അദ്ദേഹത്തിനും ഉണ്ടായി. ആ സമയത്ത് തന്നെയാണ് ഉള്‍ക്കടല്‍ സിനിമ വന്നത്.
ഉള്‍ക്കടലിലൂടെ പ്രേക്ഷകരെല്ലാം രതീഷിനെ ശ്രദ്ധിച്ചത് പോലെ തന്നെ ശശിയേട്ടനും അയാളെ ശ്രദ്ധിച്ചിരുന്നു. അങ്ങനെ അവസാനം തുഷാരം എന്ന സിനിമയില്‍ ജയന് പകരം ശശിയേട്ടന്‍ രതീഷിനെ നായകനായി കൊണ്ടുവന്നു.
Content Highlight: Lal Jose Talks About Ratheesh, Jayan And IV Sasi’s Thusharam Movie