| Thursday, 22nd May 2025, 8:27 pm

അന്ന് ലാലേട്ടനൊപ്പമുള്ള നടന്റെ അഭിനയം കണ്ട് ഞാന്‍ ഞെട്ടി; അയാളുടെ ആദ്യ സിനിമ: ലാല്‍ ജോസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ശ്രീനിവാസന്‍ എഴുതി സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ്. മോഹന്‍ലാല്‍ നായകനായി എത്തിയ ഈ സിനിമയില്‍ സീമ, ശ്രീനിവാസന്‍, തിലകന്‍, ഇന്നസെന്റ്, കെ.പി.എ.സി. ലളിത, സുകുമാരി, കാര്‍ത്തിക എന്നിവരായിരുന്നു മറ്റു പ്രധാനവേഷങ്ങളില്‍ എത്തിയത്.

ചിത്രത്തില്‍ മാമുക്കോയയും അഭിനയിച്ചിരുന്നു. ഇപ്പോള്‍ താന്‍ ആദ്യമായി ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് കണ്ടതിനെ കുറിച്ചും ആ സിനിമയില്‍ മാമുക്കോയയെ കണ്ടതിനെ കുറിച്ചും പറയുകയാണ് സംവിധായന്‍ ലാല്‍ ജോസ്. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന സത്യന്‍ അന്തിക്കാടന്‍ ചിത്രം കാണാന്‍ പോയത് ഇന്നും എനിക്ക് ഓര്‍മയുണ്ട്. സാധാരണ നായകന്റെ റൂം മേറ്റായിട്ട് അഭിനയിപ്പിക്കാറുള്ളത് സിനിമയില്‍ അവസരം ചോദിച്ച് വരുന്ന ഏതെങ്കിലും ചെറുപ്പക്കാരൊക്കെ ആയിരുന്നു.

നായകന്റെ കൂട്ടുകാരന്‍ എന്ന റോള്‍ അത്തരം ആളുകള്‍ക്കായിരുന്നു കൊടുക്കാറുള്ളത്. ഒന്നോ രണ്ടോ ഡയലോഗുള്ള മൂന്ന് സീനുകളാണ് മിക്കവാറും അവര്‍ക്ക് ലഭിക്കുക. സ്ഥിരമായി ചാന്‍സ് ചോദിക്കുന്നവരെയൊക്കെ അതിലാണ് ഒതുക്കുക.

പക്ഷെ ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റ് എന്ന സിനിമയില്‍ കോഴിക്കോട് അഗസ്റ്റിന്‍ ചേട്ടനായിരുന്നു ലാലേട്ടന്റെ ഒരു കൂട്ടുകാരനായി വന്നത്. വളരെ സാധാരണക്കാരനെ പോലെ തോന്നുന്ന ആളായിരുന്നു അദ്ദേഹം. കൂടെ മറ്റൊരാളുമുണ്ടായിരുന്നു.

അയാളുടെ അഭിനയം കണ്ടാല്‍ നമ്മള്‍ ഞെട്ടിപ്പോകും. അത്രയും സ്വാഭാവികമായിട്ടായിരുന്നു അയാളുടെ അഭിനയം. ആ നടന്റെ ആദ്യ സിനിമയായിരുന്നു അത്. അഭിനയിക്കുകയാണെന്ന് പോലും തോന്നാത്ത വിധത്തിലാണ് അയാള്‍ ചെയ്യുന്നത്.

നമ്മള്‍ അദ്ദേഹത്തിന്റെ സീനുകള്‍ കാണുമ്പോള്‍ കരുതുക, ലാലേട്ടന്‍ താമസിക്കുന്ന ആ മുറിയില്‍ യഥാര്‍ത്ഥത്തില്‍ താമസിക്കുന്ന ആളാകും അതെന്നാണ്. മുറിയില്‍ ഷൂട്ട് ചെയ്യുന്ന സമയത്ത് അയാളും ഇരിക്കട്ടെയെന്ന് കരുതി കൊണ്ടുവന്നതാകും എന്ന് തെറ്റിദ്ധരിച്ചു പോകും. അങ്ങനെ സിനിമയില്‍ പെട്ടുപോയ ആളാകും അതെന്നാണ് തോന്നുക.

അത്തരത്തിലായിരുന്നു അയാളുടെ അഭിനയം. വിചിത്രമായ മുഖവും പല്ലുമായി കോഴിക്കോടന്‍ സ്ലാങ്ങില്‍ സംസാരിക്കുന്ന വ്യക്തി. അതായിരുന്നു മാമുക്കോയ. അഭിനയത്തിന്റെ ഒരു സ്‌ട്രെയിനുമില്ലാതെ വളരെ നാച്ചുറലായിട്ടാണ് അദ്ദേഹം അഭിനയിച്ചത്,’ ലാല്‍ ജോസ് പറയുന്നു.


Content Highlight: Lal Jose Talks About Mohanlal’s Gandhinagar Second Street Movie And Mamukkoya

We use cookies to give you the best possible experience. Learn more