സംവിധായകന്‍ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി തന്റെ സിനിമാ ജീവിതം ആരംഭിച്ച വ്യക്തിയാണ് ലാല്‍ ജോസ്. പിന്നീട് 1998ല്‍ പുറത്തിറങ്ങിയ ഒരു മറവത്തൂര്‍ കനവ് എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് അദ്ദേഹം ആദ്യമായി സംവിധായകനായത്.
ശേഷം സിനിമാപ്രേമികള്‍ക്ക് നിരവധി ഹിറ്റ് സിനിമകള്‍ നല്‍കാന്‍ ലാല്‍ ജോസിന് സാധിച്ചിരുന്നു. ഇപ്പോള്‍ തന്റെ യൂട്യൂബ് ചാനലില്‍ നടന്‍ മേഘനാഥന്റെ ഓര്‍മകള്‍ പങ്കുവെക്കുകയാണ് അദ്ദേഹം.
‘ഈ പുഴയും കടന്ന് എന്ന സിനിമയുടെ സമയത്താണ് ഞാന്‍ മേഘനാഥന്‍ എന്ന നടനെ പരിചയപ്പെടുന്നത്. പിന്നീട് ഞാന്‍ ഒരു മറവത്തൂര്‍ കനവ് എന്ന സിനിമ സംവിധാനം ചെയ്തു. എന്റെ ആ ആദ്യ ചിത്രത്തിലെ ഒരു കഥാപാത്രം മേഘനാഥന്‍ ആയിരുന്നു.
ആ സമയത്താണ് പരുക്കന്‍ ഭാവങ്ങളുള്ള ഈ ചെറുപ്പക്കാരന്‍ വളരെ സോഫ്റ്റായിട്ടുള്ള സാധുവായ ആളാണെന്ന് തിരിച്ചറിയുന്നത്. ഒരു മറവത്തൂര്‍ കനവിന് ശേഷം എന്റെ ചന്ദ്രനുദിക്കുന്ന ദിക്കില്‍ എന്ന പടത്തിലും അയാള്‍ അഭിനയിച്ചിരുന്നു.
ആദ്യമായി കിട്ടിയ പൈസ കൊണ്ട് ട്രാക്ടര്‍ വാങ്ങിയ മേഘനാഥന് കൃഷിയോട് വലിയ താത്പര്യമായിരുന്നു. അവന്‍ അതുമായി പാടത്തും പറമ്പിലുമൊക്കെ ഉഴുതു നടക്കുമായിരുന്നു. അവരുടെ അമ്മ വീട്ടില്‍ ആ ട്രാക്ടര്‍ ഇപ്പോഴുമുണ്ട്.
ചിലരുടെ ജീവിതം നമുക്ക് ഇങ്ങനെ മാറിനിന്ന് കാണാനുള്ള അവസരം ലഭിക്കാറുണ്ട്. അവര്‍ കടന്നു പോയി എന്നുള്ളത് ചിലപ്പോള്‍ നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല. മേഘനാഥനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നമുക്ക് എപ്പോഴും പരുക്കന്‍ ഭാവങ്ങളുള്ള എന്നാല്‍ സൗമ്യമായ പെരുമാറ്റമുള്ള ഒരാള്‍ എന്നാണ് ഓര്‍മ വരിക.
വളരെ സോഫ്റ്റായി സംസാരിക്കുന്ന ആളായിരുന്നു മേഘനാഥന്‍. ഏറെ പ്രത്യേകതയുള്ള ശബ്ദമായിരുന്നു അയാള്‍ക്ക്. ഒടുവില്‍ അയാള്‍ അങ്ങനെ നിശബ്ദമായി നമ്മളില്‍ നിന്ന് കടന്നു പോകുകയും ചെയ്തു,’ ലാല്‍ ജോസ് പറയുന്നു.
Content Highlight: Lal Jose Talks About Meghanathan